കൊച്ചി: അമേരിക്ക അധിക തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിലാണെന്നും പരിഹാരമായി സമുദ്രോത്പന്ന മൂല്യവർധിത ഉത്പാദനത്തിന് ഊന്നൽ നൽകണമെന്നും വിദഗ്ധർ. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന നാലാമത് ആഗോള മറൈൻ സിന്പോസിയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വ്യവസായ സംഗമത്തിലാണു നിർദേശമുയർന്നത്.
ഇന്ത്യയുടെ ചെമ്മീൻ കയറ്റുമതിയുടെ ഏറ്റവും വലിയ വിപണിയായിരുന്നു അമേരിക്ക. സമുദ്രോത്പന്ന കയറ്റുമതി രംഗം പിടിച്ചുനിർത്തുന്നതിന് വിപണി വൈവിധ്യവത്കരണത്തിനും ഉത്പന്നങ്ങൾക്കു മൂല്യവർധന നൽകുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണം.
2025 ഏപ്രിൽ - സെപ്റ്റംബർ കാലയളവിൽ അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഏകദേശം ആറു ശതമാനം കുറവുണ്ടായി. എന്നാൽ, ഇതേ കാലയളവിൽ ചൈന, വിയറ്റ്നാം, തായ്ലൻഡ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിയിൽ വളർച്ചയുണ്ടായിട്ടുണ്ട്.
ഗവേഷകർ, സാങ്കേതികവിദഗ്ധർ, വ്യവസായികൾ, നയരൂപീകരണ വിദഗ്ധർ എന്നിവരുടെ കൂട്ടായ ശ്രമങ്ങളിലൂടെ മേഖലയിൽ സ്റ്റാർട്ടപ്പ് സംവിധാനം ശക്തിപ്പെടുത്തണം. സമുദ്രോത്പന്നങ്ങൾ അതേ രൂപത്തിൽ മൊത്തമായി കയറ്റുമതി ചെയ്യുന്ന രീതിയിൽനിന്നു മാറി റെഡി ടു ഈറ്റ് രൂപത്തിലുള്ള മൂല്യവർധിത ഉത്പന്നങ്ങളാക്കി കയറ്റുമതി ചെയ്യണം. നിലവിൽ ഇന്ത്യയുടെ മൂല്യവർധിത കടൽവിഭവ കയറ്റുമതി 742 മില്യൺ യുഎസ് ഡോളറാണ്. ഇതു ചൈന, തായ്ലൻഡ്, വിയറ്റ്നാം, ഇക്വഡോർ, ഇന്തോനേഷ്യ തുടങ്ങിയ പ്രധാന എതിരാളികളേക്കാൾ വളരെ പിന്നിലാണെന്നും യോഗം വിലയിരുത്തി.
മത്സ്യകർഷകർ, മത്സ്യത്തൊഴിലാളികൾ, കയറ്റുമതി, ചെമ്മീൻ ഉത്പാദനം, ഫിഷ് മീൽ, അക്വാ ഫീഡുകൾ, സാഹസിക കായിക വിനോദങ്ങൾ, തീരദേശ ഇക്കോ ടൂറിസം തുടങ്ങിയ മേഖലകളിലെ പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.
സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ, സിഎംഎഫ്ആർഐ ഡയറക്ടർ ജോ ഗ്രിൻസൺ ജോർജ്, ഡോ എ.ജെ. തരകൻ, എംപിഇഡിഎ ഡയറക്ടർ ഡോ. റാം മോഹൻ, ജോയിന്റ് ഡയറക്ടർ അനിൽകുമാർ, ഡോ. ജോ. കെ. കിഴക്കൂടൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : fisheries secto US tariffs Value added production Expert suggests