റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ ഗ്രൂപ്പ് ഡി(ലെവൽ-1) തസ്തികകളിലെ ഒഴിവിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവിധ തസ്തികകളിലായി 22,195 ഒഴിവുണ്ട്.
സതേൺ റെയിൽവേയ്ക്കു കീഴിലെ ചെന്നൈ ആർആർബിയിൽ മാത്രം1,036 ഒഴിവുണ്ട്. മാർച്ച് 2 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒന്നിലേറെ അപേക്ഷ അയയ്ക്കേണ്ടതില്ല.
സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടീസ് നമ്പർ: 9/2025
തസ്തികകൾ: അസിസ്റ്റന്റ് ടിആർഡി അസിസ്റ്റന്റ് ഓപ്പറേഷൻസ്-ഇലക്ട്രിക്കൽ, അസിസ്റ്റന്റ് ടിഎൽ ആൻഡ് എസി, അസിസ്റ്റന്റ് എസ് ആൻഡ് ടി, പോയിന്റ്സ്മാൻ ബി, അസിസ്റ്റന്റ് ട്രാക്ക് മെഷീൻ, ട്രാക്ക് മെയ്ന്റെയ്നർ-IV, അസിസ്റ്റന്റ് ബ്രിഡ്ജ്, അസിസ്റ്റന്റ് കാരിയേജ് ആൻഡ് വാഗൺ, അസിസ്റ്റന്റ് ലോക്കോ ഷെഡ്-ഇലക്ട്രിക്കൽ, അസിസ്റ്റന്റ് പി വേ, അസിസ്റ്റന്റ് ലോക്കോ ഷെഡ് (ഇലക്ട്രിക്കൽ).
യോഗ്യത: പത്താം ക്ലാസ് ജയം അല്ലെങ്കിൽ ഐടിഐ അല്ലെങ്കിൽ തത്തുല്യം അല്ലെങ്കിൽ നാഷണൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ് (എൻസിവിടി). അവസാന വർഷ ഫലം കാക്കുന്നവർ അപേക്ഷിക്കേണ്ട. എൻജിനിയറിംഗ് ഡിപ്ലോമ /ബിരുദ യോഗ്യതക്കാരെ കോഴ്സ് കംപ്ലീറ്റഡ് ആക്ട് അപ്രന്റിസ്/ഐടിഐ യോഗ്യതയ്ക്കു പകരമായി പരിഗണിക്കില്ല.
ഗ്രാജ്വേറ്റ് ആക്ട് അപ്രന്റിസും കോഴ്സ് കംപ്ലീറ്റഡ് ആക്ട് അപ്രന്റിസ്ഷിപ്പിനു പകരമായി പരിഗണിക്കില്ല. എല്ലാ യോഗ്യതകളും 2026 മാർച്ച് 2 അടിസ്ഥാനമാക്കി കണക്കാക്കും. യോഗ്യത സംബന്ധിച്ച കൂടുതൽ വ്യവസ്ഥകൾക്കു വെബ്സൈറ്റ് കാണുക.
പ്രായം: 18-33 2026 ജനുവരി 1 അടിസ്ഥാ നമാക്കി പ്രായം കണക്കാക്കും. അർഹർക്ക് ഇളവുകൾ ചട്ടപ്രകാരം. ശമ്പളം: 18,000. അപേക്ഷാ ഫീസ്: 500 രൂപ. കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റിനു (സിബിടി) ഹാജരാകുന്നവർക്ക് 400 രൂപ തിരികെ നൽകും (ബാങ്ക് ചാർജ് ഈടാക്കും).
പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷവിഭാഗക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് 250 രൂപ മതി. സിബിടിക്കു ഹാജരാകുന്നവർക്ക് 250 രൂപ തിരികെ നൽകും (ബാങ്ക് ചാർജ് ഈടാക്കും). ഫീസ് ഓൺലൈനായി അടയ്ക്കണം.
തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്. ശാരീരികക്ഷമതാ പരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവ അടിസ്ഥാനമാക്കി. 90 മിനിറ്റ് ദൈർഘ്യമുള്ള കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റിൽ 100 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും.
യോഗ്യരായ ഭിന്നശേഷിക്കാർക്കു സ്ക്രൈബോടെ 120 മിനിറ്റ് വരെ ലഭിക്കും. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ് (30 മാർക്ക്), മാത്തമാറ്റിക്സ് (25), ജനറൽ സയൻസ് (25), ജനറൽ അവയർനെസ് ആൻഡ് കറന്റ് അഫയേഴ്സ് (20) എന്നിവയുണ്ടാകും. നെഗറ്റീവ് മാർക്കുണ്ട്. ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്കു പുറമേ മലയാളവും പരീക്ഷാമാധ്യമമായി തെരഞ്ഞെടുക്കാം.
ശാരീരികക്ഷമതാ പരിശോധനയ്ക്ക് ഇനിപ്പറയുന്ന ഇനങ്ങളുണ്ടാകും: പുരുഷൻ: 35 കിലോ ഭാരം എടുത്ത് 2 മിനിറ്റിനുള്ളിൽ 100 മീറ്റർ പൂർത്തിയാക്കണം. 4 മിനിറ്റ് 15 സെക്കൻഡിനുള്ളിൽ 1,000 മീറ്റർ ഓടാൻ കഴിയണം. സ്ത്രീ 20 കിലോ ഭാരം എടുത്ത് 2 മിനിറ്റിനുള്ളിൽ 100 മീറ്റർ പൂർത്തിയാക്കണം.
5 മിനിറ്റ് 40 സെക്കൻഡിനുള്ളിൽ 1,000 മീറ്റർ ഓടാൻ കഴിയണം. ഭിന്നശേഷിക്കാർ, കോഴ്സ് പൂർത്തിയാക്കിയ അപ്രന്റിസുകൾ, വിമുക്തഭടർ, ഗർഭിണികളായ സ്ത്രീകൾ എന്നിവർക്കു ശാരീരിക ക്ഷമതാ പരിശോധന ഇല്ല. ഇളവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്കു വെബ്സൈറ്റ് കാണുക.
അപേക്ഷിക്കേണ്ട വിധം: ബന്ധപ്പെട്ട ആർആർബി വെബ്സൈറ്റുകളിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം അപേക്ഷകരുടെ ഇ-മെയിൽ വിലാസവും മൊബൈൽ നമ്പറും നൽകണം. പ്രാഥമിക വിവരങ്ങൾ സമർപ്പിച്ചുകഴിയുമ്പോൾ രജിസ്ട്രേഷൻ നമ്പർ, പാസ്വേഡ് എന്നിവ ലഭിക്കും.
ഈ രജിസ്ട്രേഷൻ നമ്പർ പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിക്കുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ/ഇ-മെയിൽ ഐഡിയി ലൂടെ ഒടിപി നമ്പർ ലഭിക്കും. ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് ഉദ്യോഗാർഥിയുടെ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.
വെബ് കാമറയോ ഫ്രണ്ട് കാമറയോ ഉപയോഗിച്ചു ലൈവ് ആയാണ് ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടത്. വെള്ളക്കടലാസിൽ കറുത്ത മഷിയിൽ രേഖപ്പെടുത്തിയ ഒപ്പ് ജെപിജി ഫോർമാറ്റിൽ 30-49 കെബി സൈസിൽ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.
പ്രധാന ആർആർബികളുടെ വെബ്സൈറ്റ് വിലാസം ഇതോടൊപ്പം നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെട്ട സൈറ്റുകൾ കാണുക. വിജ്ഞാപനത്തിലെ നിർദേശങ്ങൾ വ്യക്തമായി മനസിലാക്കിയശേഷം അപേക്ഷിക്കുക.