പലപ്പോഴും അടിസ്ഥാന മാനുഷിക അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥകള്‍ എച്ച്ഐവി രോഗബാധിതര്‍ നേരിടേണ്ടി വരുന്നുണ്ട് എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. എയ്ഡ്സിനെക്കുറിച്ച് ശരിയായ അവബോധം സമൂഹത്തിലെ എല്ലാ പൗരന്മാരിലേക്കും എത്തിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി.
പകരുന്നത്
എച്ച്ഐവി അണുബാധയുള്ള രോഗിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെയാണ് പ്രധാനമായും ഇത് മറ്റൊരാളിലേക്ക് പകരുന്നത്.
രോഗം ബാധിച്ച ആളുടെ രക്തം സ്വീകരിക്കുക, പൂര്‍ണമായും അണുവിമുക്തമാക്കാത്ത സൂചികളുടെ ഉപയോഗം, രോഗം ബാധിച്ച അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് എന്നിവയാണ് രോഗം പകരാനുള്ള മറ്റു കാരണങ്ങള്‍
പ്രതിരോധം തകർക്കുന്നു
ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസ് രോഗിയുടെ പ്രതിരോധശേഷി നശിപ്പിക്കുന്നു. രോഗം മൂര്‍ച്ഛിക്കുന്ന ഘട്ടത്തില്‍ പ്രതിരോധ സംവിധാനം പൂര്‍ണമായും തകരാറിലാവുകയും അതുമൂലം ക്ഷയം, പൂപ്പല്‍ ബാധകള്‍, മറ്റു വൈറസുകള്‍ എന്നിവ ശരീരത്തെ ബാധിക്കുകയും അത് മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന രീതിയാണ് എച്ച്ഐവി അണുബാധയ്ക്ക് ഉള്ളത്.
ശരീരത്തിലെ എച്ച്ഐവി വൈറസിന്റെ സാന്നിധ്യം രക്തപരിശോധനയിലൂടെ കണ്ട െത്താം. ഏകദേശം രണ്ടാഴ്ച മുതല്‍ രക്തത്തില്‍ ഇതിന്റെ സാന്നിധ്യം ഉണ്ടോ എന്നറിയാന്‍ സാധിക്കുന്ന തരത്തിലുള്ള പരിശോധനകള്‍ ഇന്ന് ലഭ്യമാണ്.
എന്നിരുന്നാലും, ചില ഘട്ടങ്ങളില്‍ രക്ത പരിശോധന മൂന്നാം മാസത്തിലും ആറാം മാസത്തിലും ആവര്‍ത്തിച്ച് പരിശോധനഫലം നെഗറ്റീവ് ആണെന്ന് ഉറപ്പിക്കുന്നതാണ് നല്ലത്.
തക്കസമയത്ത് ചികിത്സ തുടങ്ങാം
"ചികിത്സ ഇല്ലാത്ത രോഗം' എന്നാണ് പൊതുവേ എയ്ഡ്സിനെക്കുറിച്ചുള്ള ഒരു പ്രധാന മിഥ്യാധാരണ. എന്നാല്‍, വസ്തുത എന്തെന്നാല്‍ തക്കസമയത്ത് കൃത്യമായ ചികിത്സ തുടങ്ങാന്‍ സാധിച്ചാല്‍ തീര്‍ച്ചയായും രോഗികള്‍ക്ക് സാധാരണ ഒരു മനുഷ്യന്റെ ആയുര്‍ദൈര്‍ഘ്യം തന്നെ ലഭിക്കുന്നു.
പണ്ടൊക്കെ ഒരുപാട് ഗുളികകള്‍ രോഗി കഴിക്കേണ്ടിയിരുന്നു. എന്നാല്‍, ഇന്ന് അത് ദിവസത്തില്‍ വെറും ഒരു ഗുളികയെന്ന കണക്കിൽ കുറയുകയും പാര്‍ശ്വഫലങ്ങള്‍ വളരെ കുറയുകയും ചെയ്തിട്ടുണ്ട്.
ചിലതരം അബദ്ധ ധാരണകള്‍ മൂലം ഈ രോഗം ബാധിച്ചവര്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നു എന്നത് ഒരു സത്യം തന്നെയാണ്. രോഗം ബാധിച്ച ആളുടെ കൂടെ ഒരു മുറിയില്‍ ഇരുന്നതുകൊണ്ടോ, രോഗിയെ സ്പര്‍ശിച്ചതു കൊണ്ടോ, ഒരുമിച്ച് ഒരു പാത്രത്തില്‍ ഭക്ഷണം കഴിച്ചതുകൊണ്ടോ ഒന്നും ഈ രോഗം മറ്റൊരാള്‍ക്ക് പകരുകയില്ല.
ഉമിനീരിലൂടെ ഈ രോഗം പകരുകയില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
നിയന്ത്രണവിധേയമാക്കാം
ഫലപ്രദമായ പ്രതിരോധ കുത്തിവയ്പ്പുകള്‍ ഈ വൈറസിനെതിരെ ഇല്ലെങ്കിലും നേരത്തെ കണ്ടുപിടിച്ചാല്‍ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാവുന്ന അസുഖമാണ് എച്ച്.ഐ.വി.
രക്തദാനം മൂലമുള്ള രോഗപകര്‍ച്ച നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു പരിധിവരെയെങ്കിലും തടയാന്‍ സാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യവുമാണ്.
ചികിത്സാരീതികള്‍ ഒരുപാട് പുരോഗമിച്ചതോടെ അമ്മയില്‍ നിന്ന് കുഞ്ഞിലേക്കുള്ള രോഗപകര്‍ച്ച പൂര്‍ണമായും തടയാന്‍ സാധിക്കുന്നു എന്ന അവസ്ഥവരെ ഇന്നുണ്ട്.
തെറ്റിദ്ധാരണകള്‍ മാറ്റിയെടുത്ത് എയ്ഡ്സ് ബാധിതരെയും നമ്മളില്‍ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേര്‍ക്കാം. പുതുതലമുറയെ ശാസ്ത്രബോധം ഉള്ളവരും വിവേചന ബോധമില്ലാത്തവരുമായി വളർത്തിയെടുക്കാം.
വിവരങ്ങൾ: ഡോ. ഷരീക് പി.എസ്.
കൺസൾട്ടന്റ് ഇൻഫെക്ടിയസ് ഡിസീസ്, എസ്യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
Tags : World AIDS Day December 1 Health News