ഓസ്റ്റിൻ (വലത്തേയറ്റം) അമ്മ ജൊവാന്ന, മക്കളായ ഓസ്റ്റിൻ, ബെയു, ഗ്രേസ് എന്നിവർക്കൊപ്പം.
സിഡ്നി: കടലിൽ അകപ്പെട്ടു മരണത്തെ മുഖാമുഖം കണ്ട സ്വന്തം കുടുംബത്തെ രക്ഷപ്പെടുത്താൻ നാലു മണിക്കൂറോളം നീന്തി തീരത്തെത്തി അധികൃതരെ അറിയിച്ചു ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന 13 വയസുകാരൻ ഓസ്റ്റിൻ ആപ്പെൽബീ ഓസ്ട്രേലിയയിലെ സൂപ്പർമാനായി മാറിയിരിക്കുകയാണ്.
പെർത്ത് സ്വദേശികളായ ജൊവാന്ന (47), മക്കളായ ഓസ്റ്റിൻ, ബെയു(12), ഗ്രേസ്(എട്ട്) എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഊതിവീർപ്പിക്കാവുന്ന പെഡൽ ബോട്ടിൽ പടിഞ്ഞാറൻ പെർത്തിൽനിന്ന് 250 കിലോമീറ്റർ അകലെ ക്വിൻഡാൽപിലെ ജിയോഗ്രാഫെ തുറമുഖത്തിനു സമീപം അപകടത്തിൽപ്പെട്ടത്.
14 കിലോമീറ്റർ അകലെ
തീരത്തുനിന്ന് 14 കിലോമീറ്റർ അകലെ ഇവരുടെ ബോട്ട് അപകടത്തിൽപ്പെടുകയായിരുന്നു. തനിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നു തിരിച്ചറിഞ്ഞ ഓസ്റ്റിൻ വിവരം രക്ഷാപ്രവർത്തകരെ അറിയിക്കാനായി മറ്റൊന്നും ആലോചിക്കാതെ തീരം ലക്ഷ്യമാക്കി നാല് മണിക്കൂറോളം കടലിലൂടെ നീന്തുകയായിരുന്നു.
കാറ്റും കോളും നിറഞ്ഞ, ആക്രമണകാരികളായ ഭീമൻ സ്രാവുകളുടെ വിഹാരകേന്ദ്രമായ കടലിലൂടെ ആദ്യ രണ്ട് മണിക്കൂർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചായിരുന്നു നീന്തിയത്. മുന്നോട്ടുനീങ്ങവേ കനത്ത തിരമാലകൾ തടസമായി. തുടർന്നുള്ള രണ്ടു മണിക്കൂർ ലൈഫ് ജാക്കറ്റ് ഇല്ലാതെയും നീന്തി. നാലു മണിക്കൂറോളം നീന്തി ഒടുവിൽ വൈകുന്നേരം ആറോടെയാണ് തീരത്തെത്തിയത്. തീരത്ത് എത്തിയ ശേഷം ഓസ്റ്റിൻ കുഴഞ്ഞുവീണു.
കരയിൽ ഓട്ടം
ക്ഷീണം വകവയ്ക്കാതെ എഴുന്നേറ്റ അവൻ വീണ്ടും രണ്ടു കിലോമീറ്റർ ഓടി ജനവാസമുള്ളിടത്തെത്തി ഒരു മൊബൈൽ ഫോൺ സംഘടിപ്പിച്ച് വിവരം സുരക്ഷാ ഏജൻസികളെ അറിയിച്ചു. കുതിച്ചെത്തിയ തീരസംരക്ഷണസേന ഹെലികോപ്റ്ററുകളിലും ബോട്ടുകളിലുമായി രക്ഷാപ്രവർത്തനത്തിനു തിരിച്ചു. രാത്രി 8.30 ഓടെയാണ് അവർക്കു കുടുംബാംഗങ്ങൾക്കരികിൽ എത്താനായത്.
ചെറിയ പരിക്കുകളൊഴിച്ചാൽ കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. രക്ഷാപ്രവർത്തകർ എത്തുന്പോൾ മൂന്നുപേരും ലൈഫ് ജാക്കറ്റുകൾ ധരിച്ച് ബോട്ടിൽ പിടിച്ചുനിൽക്കുന്ന അവസ്ഥയിലായിരുന്നു. തീർത്തും അവശരായിരുന്നെങ്കിലും മൂന്നുപേർക്കും നീന്തൽ വശമായിരുന്നതും രക്ഷയായി. അവധിക്കാലം ചെലവഴിക്കാനെത്തിയതായിരുന്നു കുടുംബം.

"പ്രാർഥിച്ചും ഭക്തിഗാനം ആലപിച്ചും നീന്തി'
മുന്നിലുള്ളത് അപകടമാണെന്ന് അറിയാമായിരുന്നിട്ടും പ്രാർഥിച്ചും അറിയാവുന്ന ക്രിസ്ത്യൻ ഭക്തിഗാനം ആലപിച്ചുമാണ് താൻ നീന്തിയതെന്ന് ഓസ്റ്റിൻ മാധ്യമങ്ങളോടു പറഞ്ഞു. "ആദ്യ രണ്ടു മണിക്കൂർ ഞാൻ ലൈഫ് ജാക്കറ്റ് ധരിച്ചാണു നീന്തിയത്. ഓരോ സമയവും തിരമാലകളുടെ ശക്തി കൂടിവന്നുകൊണ്ടിരുന്നതിനാൽ തീരത്തിന് നാലു കിലോമീറ്റർ അടുത്ത് എത്താറായതോടെ ലൈഫ് ജാക്കറ്റ് ഉപേക്ഷിച്ചു. ഇരുട്ട് നിറഞ്ഞതിനാൽ മുന്നോട്ടുള്ള വഴിയെക്കുറിച്ച് നിശ്ചയമില്ലായിരുന്നു. എങ്കിലും അറിയാവുന്ന പ്രാർഥനകളും ക്രിസ്ത്യൻ ഭക്തിഗാനങ്ങളും ആലപിച്ചുകൊണ്ട് ഞാൻ മുന്നോട്ടു നീന്തി. രക്ഷാകരങ്ങളുമായി ആരെങ്കിലും വരുന്നുണ്ടോയെന്നു നോക്കിയെങ്കിലും കാര്യമുണ്ടായില്ല. എന്റെ ചിന്ത മുഴുവൻ അമ്മയെയും സഹോദരങ്ങളെയുംകുറിച്ചായിരുന്നു.
വൈകുന്നേരം ആറിനു തീരത്ത് എത്തിയതോടെ ഇതു സ്വപ്നമാണോ യാഥാർഥ്യമാണോയെന്ന് അറിയാനാകാതെ അല്പനേരം ഞാൻ അന്ധാളിച്ചുനിന്നുപോയി. ഞാനൊരു ഹീറോയാണെന്ന് എനിക്കു തോന്നുന്നില്ല. എനിക്ക് അപ്പോൾ തോന്നിയത് ഞാൻ ചെയ്തുവെന്നേയുള്ളൂ'-ഓസ്റ്റിൻ പറഞ്ഞു.
13കാരനായ ഓസ്റ്റിന്റെ സമയോചിത തീരുമാനവും ഇച്ഛാശക്തിയുമാണ് അവന്റെ അമ്മയുടെയും സഹോദരങ്ങളുടെയും ജീവൻ രക്ഷിക്കാനിടയാക്കിയതെന്ന് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ സൗത്ത് വെസ്റ്റ് ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ജയിംസ് ബ്രാഡ്ലി പറഞ്ഞു. കൗമാരക്കാരനായ ഓസ്റ്റിന്റേത് സൂപ്പർമാനു തുല്യമായ ശ്രമമായിരുന്നുവെന്ന് നാച്വറലിസ്റ്റ് വോളന്റിയർ മറൈൻ റസ്ക്യു സംഘത്തിലെ കമാൻഡർ പോൾ ബ്രെസ്ലാൻഡ് പറഞ്ഞു. മകനേയോർത്ത് അഭിമാനമുണ്ടെന്നായിരുന്നു അമ്മ ജൊവാന്നയുടെ ആദ്യ പ്രതികരണം.
Tags : Austin Australia's superhero swimming swimming four hours sea boat accident in the ocean rescue devotional songs