കാൻബറ: ഓസ്ട്രേലിയൻ പ്രധാനമന്ത്രി അന്തണി ആൻബനീസും ദീർഘകാല പങ്കാളി ജൂഡി ഹെയ്ഡനും തമ്മിലുള്ള വിവാഹം ഇന്നലെ നടന്നു.
കാൻബറയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിലായിരുന്നു വിവാഹം.
124 വർഷം മുന്പ് രൂപീകൃതമായ ഓസ്ട്രേലിയയിൽ ഭരണത്തിലിരിക്കുന്ന പ്രധാനമന്ത്രി വിവാഹിതനാകുന്നത് ഇതാദ്യമാണ്.
ആൽബനീസിന് 62ഉം ജൂഡിക്ക് 46ഉം വയസുണ്ട്. വിവാഹമോചിതനായ ആൽബനീസ് 2019ലാണ് ജൂഡിയെ പരിചയപ്പെടുന്നത്. തുടർന്നിങ്ങോട്ട് ആൽബനീസിന്റെ പല രാഷ്ട്രീയ പരിപാടികളിലും ജൂഡി ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ വാലന്റൈൻസ് ദിനത്തിലാണ് ആൽബനീസ് ജൂഡിയോട് വിവാഹാഭ്യർഥന നടത്തിയത്.
ദന്പതികളുടെ വീഡിയോയും ‘വിവാഹിതർ’ എന്ന പ്രഖ്യാപനവും ആൽബനീസ് ഇന്നലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
ദന്പതികൾ ഒരാഴ്ച ഓസ്ട്രേലിയയിൽ തന്നെ മധുവിധു ആഘോഷിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പിന്നീടറിയിച്ചു.
Tags : Albanese married Australia Australian PM Jodie Haydon