വാഷിംഗ്ടൺ ഡിസി: സൗദി-യുഎസ് ബന്ധം വഷളാക്കിയ ഖഷോഗി വധത്തെക്കുറിച്ച് സൗദി ഭരണനിയന്താവ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഒന്നുമറിയില്ലായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. മുഹമ്മദ് ബിൻ സൽമാന് വൈറ്റ്ഹൗസിൽ ഊഷ്മള സ്വീകരണം നല്കി കൂടിക്കാഴ്ച നടത്തിയശേഷം സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
“കാര്യങ്ങൾ സംഭവിച്ചു, പക്ഷേ മുഹമ്മദ് ബിൻ സൽമാന് അതേക്കുറിച്ച് ഒന്നുമറിയില്ല, നമുക്ക് ആ വിഷയം അവിടെ ഉപേക്ഷിക്കാം”- ഖഷോഗിവധത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ട്രംപ് മറുപടി നല്കി. ഖഷോഗിവധത്തെക്കുറിച്ചു ചോദിച്ച് തന്റെ അതിഥിയെ അപമാനിക്കാൻ ശ്രമിച്ചുവെന്നു മാധ്യമപ്രവർത്തകനെ ശകാരിക്കാനും ട്രംപ് തയാറായി.
ഖഷോഗിവധം വേദനാജനകമായ സംഭവമായിരുന്നുവെന്നു മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. പക്ഷേ വിഷയത്തിൽ സൗദി സർക്കാർ ശരിയായ നടപടികളെല്ലാം ചെയ്തു. അങ്ങനെയൊരു സംഭവം ആവർത്തിക്കാതിരിക്കാനായായി സൗദിയിലെ സംവിധാനങ്ങൾ പരിഷ്കരിച്ചു. ഖഷോഗിസംഭവം വേദനയുളവാക്കുന്ന വലിയ തെറ്റായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി ഭരണകൂടത്തിന്റെ നിശിത വിമർശകനായിരുന്ന ജമാൽ ഖഷോഗി 2018ൽ തുർക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോൺസുലേറ്റിൽ കൊല്ലപ്പെടുകയായിരുന്നു. സൗദിയിൽനിന്നെത്തിയ സംഘമാണു കൊല നടത്തിയത്. മൃതദേഹം കണ്ടെത്താനാവാത്തവിധം നശിപ്പിച്ചുകളഞ്ഞതായി അനുമാനിക്കുന്നു.
മുഹമ്മദ് ബിൻ സൽമാന്റെ ഉത്തരവു പ്രകാരമാണ് ഖഷോഗിവധം നടന്നതെന്ന് യുഎസ് ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മറ്റു പാശ്ചാത്യ ശക്തികളും മുഹമ്മദ് ബിൻ സൽമാനെ ഒറ്റപ്പെടുത്തുന്ന സമീപനമാണു കൈക്കൊണ്ടത്. ഈ ഒറ്റപ്പെടലിന് അവസാനം തേടിക്കൂടിയാണ് ഏഴു വർഷത്തിനുശേഷം മുഹമ്മദ് ബിൻ സൽമാൻ യുഎസിലെത്തിയത്.
സൗദിക്ക് എഫ് 35
യുഎസ്-സൗദി ബന്ധത്തിൽ പുതിയ മാനങ്ങൾ സൃഷ്ടിക്കുന്ന കരാറുകൾക്കാണ് മുഹമ്മദ് ബിൻ സൽമാന്റെ സന്ദർശനം വഴിയൊരുക്കിയത്. സൗദിക്ക് അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ നല്കാൻ പ്രസിഡന്റ് ട്രംപ് സമ്മതിച്ചതാണ് ഇതിലൊന്ന്. പശ്ചിമേഷ്യയിലെ സൈനികശക്തിയിൽ ഇസ്രയേൽ പുലർത്തുന്ന മേൽക്കോയ്മയ്ക്കു വെല്ലുവിളി ഉയർത്തുന്ന തീരുമാനമാണിത്. നിലവിൽ മേഖലയിൽ ഇസ്രയേലിനു മാത്രമാണ് എഫ്-35 ഉള്ളത്.
സൗദിയിൽ ആണവോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിനു ചർച്ചകൾ ത്വരിതപ്പെടുത്താനും തീരുമാനമായി. മേയിൽ ട്രംപിന്റെ സൗദി സന്ദർശനവേളയിൽ യുഎസിൽ നിക്ഷേപിക്കാമെന്നു വാഗ്ദാനം ചെയ്ത 60,000 കോടി ഡോളർ ഒരു ലക്ഷം കോടി ഡോളറായി ഉയർത്തുമെന്ന് മുഹമ്മദ് ബിൻ സൽമാൻ അറിയിച്ചു.
Tags : Mohammed bin Salman Trump Khashoggi murder Trump gives clean chit salman USA Saudi Arabia