കോട്ടയം: ലൈംഗീക പീഡന ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം.
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നാണ് എഡിറ്റോറിയയിലെ തലക്കെട്ട്. രാഹുലിനെതിരൊയ നീക്കം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎം നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചനയാണെന്നും രാഹുലിന്റെ തലമുറയില്‍പ്പെട്ട ഒരുപറ്റം ചെറുപ്പക്കാര്‍ കോണ്‍ഗ്രസില്‍ വളര്‍ന്നു വരുന്നത് സിപിഎം ഭീതിയോടെ കാണുന്നുവെന്നും അവരെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മുഖപത്രത്തിൽ പറയുന്നു.
കോൺഗ്രസിന്റെ കുപ്പായത്തിൽ വീണ ചാണകത്തുള്ളി കണ്ട് മൂക്ക് പൊത്തുന്നത് പോലെയാണ് സിപിഎം സദാചാര പ്രസംഗം നടത്തുന്നതെന്നും മുഖപത്രത്തിൽ വിമർശിക്കുന്നു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെയും സിപിഎമ്മിനെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതാണ് കോൺഗ്രസ് ചെയ്ത കുറ്റം രാഷ്ട്രീയ സർഗാത്മകതയും പ്രജ്ഞാശേഷിയുമുള്ള വളർന്നുവന്നാൽ അത് സിപിഎമ്മിനെ ഗോത്രഹത്യയിലേക്ക് എടുത്തെറിയുമെന്ന് സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ട്. അപവാദങ്ങളിൽ പതറാതെയും വ്യക്തിഹത്യകളിൽ തളരാതെയും മുന്നോട്ടു പോകണമെന്നും വീക്ഷണം നിർദേശിക്കുന്നു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സിപിഎമ്മില്‍ പടര്‍ന്നുപിടിക്കുന്ന അതിസാരവും ഛര്‍ദിയുമാണ് എതിരാളികള്‍ക്കെതിരെയുള്ള വ്യാജമായ ലൈംഗീക ആരോപണങ്ങള്‍. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി രാഷ്ട്രീയ പ്രതിയോഗികളെയും അവരുടെ നിരപരാധികളായ കുടുംബത്തെയും കണ്ണീര് കുടിപ്പിക്കുകയും സമൂഹത്തിന് മുന്നില്‍ മോശക്കാരായി ചിത്രീകരിക്കുകയും ചെയ്ത ഒട്ടനവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു സൂര്യനെല്ലി പീഡനം, ഐസ്ക്രീം പാര്‍ലര്‍ കേസ്, സോളര്‍ കേസ് എന്നിവ ചൂണ്ടിക്കാട്ടി മുഖപ്രസംഗം പറയുന്നു.
സോളാര്‍ കേസിനു ശേഷം രണ്ടുതവണ സിപിഎം അധികാരത്തില്‍ വന്നെങ്കിലും ഒരു തുണ്ടുകടലാസ് തെളിവുപോലും കണ്ടെത്താന്‍ അന്നത്തെ ഗൂഢാലോചനാ സംഘത്തിനോ അതിന് ജന്മംകൊടുത്ത പിണറായി സര്‍ക്കാരിനോ സാധിച്ചില്ല.
നിയമസഭാ നടപടിക്രമങ്ങളില്‍ ഭരണപക്ഷത്തെ നിരായുധരും വിഷർണരുമാക്കുന്ന ആയുധങ്ങളുള്ളവരും അത് പ്രയോഗിക്കുന്നതിൽ പ്രാവീണ്യം തെളിയിച്ചവരുമാണ് അരഡസനിലേറെ വരുന്ന കോണ്‍ഗ്രസിന്റെ ഈ കത്തുന്ന സൂര്യന്മാര്.
സഭക്ക് പുറത്തും ചാനൽ ചര്‍ച്ചകളിലും വാദങ്ങളും പ്രതിവാദങ്ങളുമായി ശ്രദ്ധേയരായ ജ്ഞാനതൃഷ്ണയുള്ള ഒരുപറ്റം ചെറുപ്പക്കാര്‍ വേറെയുമുണ്ട്. മറ്റ് പാര്‍ട്ടികള്‍ക്കില്ലാത്ത മികച്ച വിത്തുഗുണത്തെ ചവിട്ടിയരച്ച് കുലമൊടുക്കുകയാണ് ഇത്തരം രാഷ്ട്രീയപ്രേരിത ആരോപണങ്ങളുടെയും വ്യക്തിഹത്യയുടെയും ലക്ഷ്യം.
വിഷം തീണ്ടാതിരിക്കാന്‍ സര്‍പ്പത്തെ ചാടികടക്കാം. അല്ലെങ്കില്‍ പത്തി തകര്‍ത്ത് കൊല്ലുക. അപവാദങ്ങളില്‍ പതറാതെയും വ്യക്തിഹത്യയില്‍ തകരാതെയും ജാഗ്രതയോടെ മുന്നോട്ടു പോകണമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
Tags : Congress Rahul mamkoottathil case police mla