തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ജീര്‍ണമായ അവസ്ഥയാണ് രാഹുല്‍ മാങ്കൂട്ടത്തിലിലൂടെ പുറത്തുവരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. രാഹുല്‍ മാങ്കൂട്ടത്തിലിന് ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയുണ്ടെന്നും ഗോവിന്ദന് പറഞ്ഞു.
"രാഹുല്‍ മാങ്കൂട്ടത്തില്‍ അന്നും ഇന്നും കോണ്‍ഗ്രസിന്റെ പരിപൂര്‍ണമായ പിന്തുണയിലാണ്. കേസില്‍ ജാമ്യംകിട്ടി പുറത്തിറങ്ങിയാല്‍ കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് രാഹുല്‍ വീണ്ടുമിറങ്ങും, അതിനൊന്നും യാതൊരു ഉളുപ്പുമില്ല.'-ഗോവിന്ദന് പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാകാനുള്ള യോഗ്യതയെന്തെന്ന് കൂടുതല്‍ വ്യക്തമാകുന്നതാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനങ്ങളിലൂടെ പുറത്ത് വരുന്നത് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമൊക്കെയാകാനുള്ള കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട യോഗ്യത ഇതൊക്കൊയാണെന്ന് ജനം മനസിലാക്കണമെന്നും ഗോവിന്ദന് കൂട്ടിച്ചേർത്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള മൂന്നാമത്തെ വെളിപ്പെടുത്തല്‍ ഗൗരവതരമാണ്. ഗര്‍ഭഛിദ്രം , ക്രൂര പീഡനം, മര്‍ദനം എന്നിവ പരാതിയിലുണ്ട്. ഗര്‍ഭഛിദ്രം നടത്തിയിട്ടും ഭ്രൂണം നശിപ്പിക്കാതെ സൂക്ഷിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.
ഡിഎന്‍എ പരിശോധനയിലൂടെ കൃത്യമായി കാര്യങ്ങള്‍ മനസിലാകും. കേരളത്തിലെ കോണ്‍ഗ്രസിന്റെ ജീര്‍ണമുഖത്തിന്റെ അടയാളപ്പെടുത്തലായാണ് ഓരോ വെളിപ്പെടുത്തലുകളും കാണേണ്ടത്. കൂടുതല്‍ കേസുകള്‍ പുറത്തു വരാനുണ്ടെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
ഓരോ കുറ്റകൃത്യവും നടത്തുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ അംഗവും യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റും എംഎല്‍എയുമൊക്കെയായിരുന്നു. രാഹുലിനെ പുറത്താക്കാന്‍ എപ്പോഴാണ് കോണ്‍ഗ്രസ് തയാറായതെന്ന് ജനം ഓര്‍ക്കണം.
Tags : cpm state secretary mv govindan against congress rahul mamgootathil mla sexual assault cae