തിരുവനന്തപുരം: കരകുളം പഞ്ചായത്തിലെ മരുതൂർ വാർഡിൽ വിജയിച്ചതും തോറ്റതും ഒരേ പേരുള്ള ആളുകൾ. മരുതൂർ വിജയൻ എന്ന പേരുള്ള ആളുകളെയാണ് എൻഡിഎഫും യുഡിഎഫും വിജയിച്ചത്.
എൽഡിഎഫിലെ മരുതൂർ വിജയനാണ് 493 വോട്ടുകൾ നേടി ജയിച്ചത്. 437 വോട്ടുകളാണ് യുഡിഎഫിന്റെ മരുതൂർ വിജയന് നേടാനായത്. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റാണ് ജയിച്ച മരുതൂർ വിജയൻ.
യുഡിഎഫിലെ മരുതൂർ വിജയനാകട്ടെ ഐഎൻടിയുസിയുടെ മികച്ച സംഘാടകനും പ്രവർത്തകനുമാണ്. നിലവിൽ സിപിഎം സിറ്റിംഗ് സീറ്റായ മരുതൂർ വാർഡ് പിടിച്ചെടുക്കാനായിരുന്നു കോൺഗ്രസും മരുതൂർ വിജയനെ നിയോഗിച്ചത്. 357 വോട്ടുകളാണ് ബിജെപി സ്ഥാനാർഥി വിശാഖിന് ഇവിടെ നേടാനായത്.
കരകുളം പഞ്ചായത്തിലെ ഭൂരിപക്ഷം സീറ്റുകളിലും എൽഡിഎഫാണ് വിജയിച്ചത്. 15 സീറ്റുകളിൽ എൽഡിഎഫ് ജയിച്ച പഞ്ചായത്തിൽ എട്ട് സീറ്റുകളിൽ യുഡിഎഫ് സ്ഥാനാർഥികളും വിജയിച്ചു. കേവല ഭൂരിപക്ഷം നേടിയ എൽഡിഎഫ് ജയം ഉറപ്പിച്ചു. മരുതൂർ വിജയൻ പഞ്ചായത്ത് പ്രസിഡന്റാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
Tags : local body election result karakulam panchayath maruthur vijayan ldf won