തൊടുപുഴ: കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ മകന് കല്ലുകൊണ്ട് ഇടിച്ചതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വയോധികനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്തം വാര്‍ന്ന് മരിച്ചു. ഉടുമ്പന്നൂര്‍ അമയപ്ര നെടുമറ്റത്തിന്‍കരയില്‍ വേലപ്പനാണ് (75) മരിച്ചത്. സംഭവത്തില്‍ മകന് രാജേഷിനെ (45) കരിമണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഗുരുതര പരുക്കേറ്റ നിലയില്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച വേലപ്പനെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ഡ്യൂട്ടി ഡോക്ടര്‍ റഫര്‍ ചെയ്തെങ്കിലും വിളിച്ച് വരുത്തിയ 108 ആംബുലന്‍സിന്റെ സേവനം ലഭ്യമായില്ലെന്ന് ബന്ധുക്കൾ പരാതി ഉന്നയിച്ചു.
പാലക്കുഴ സ്വദേശികളായ ഇവര്‍ ഉടുമ്പന്നൂര്‍ അമയപ്രക്ക് സമീപം വേലപ്പന്റെ മറ്റൊരു മകന് രാജീവ് വാടകയ്ക്കെടുത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്. രാജേഷ് ഇടയ്ക്കിടെ വന്നു താമസിക്കുമായിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. വീട്ടില്‍ നിന്നും വലിയ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ മുറ്റത്ത് തലയ്ക്ക് പരിക്കേറ്റ് രക്തം ഒഴുകുന്ന നിലയില്‍ കിടക്കുന്ന വേലപ്പനെയാണ് കണ്ടത്.
വേലപ്പനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ മകന് രാജേഷ് വാക്കത്തിയുമായി നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥത്തെത്തിയ കരിമണ്ണൂര്‍ പോലീസാണ് വയോധികനെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
ഇതിനിടെ അടിയന്തരമായി വേലപ്പനെ മെഡിക്കല്‍ കോളജില്‍ എത്തിക്കണമെന്ന് ഡോക്ടര്‍ അറിയിച്ചു. എന്നാല്‍ രോഗിയുടെ നില അതീവ ഗുരുതരമായതിനാല്‍ ഐസിയു ആംബുലന്‍സില്‍ കൊണ്ടുപോയാല്‍ മതിയെന്ന് വന്ന ഡ്രൈവര്‍ നിലപാട് എടുത്തതോടെ ഒരു മണിക്കൂറോളം തര്‍ക്കമുണ്ടായി. ഈ തര്‍ക്കത്തിനിടയില്‍ രോഗി രക്തംവാര്‍ന്ന് മരിക്കുകയായിരുന്നു.
വേലപ്പന് മരിച്ചതറിഞ്ഞതോടെ ആംബുലന്‍സ് ഡ്രൈവറും നഴ്സും വാഹനം ആശുപത്രി മുറ്റത്ത് നിര്‍ത്തിയിട്ട ശേഷം സ്ഥലം വിട്ടതായും ബന്ധുക്കള്‍ ആരോപിച്ചു. സംഭവമറിഞ്ഞ് തൊടുപുഴ പോലീസും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് വേലപ്പന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.
സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് സൂപ്രണ്ട് ഡോ. പി.എന്‍ അജി പറഞ്ഞു. പരുക്കേറ്റ വേലപ്പന് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷമാണ് വിദഗ്ധ ചികിത്സക്കായി കോട്ടയത്തേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചത്. ഇതിനായി 108 ആംബുലന്‍സ് വിളിച്ച് നല്‍കുകയും ചെയ്തു.
ആംബുലന്‍സ് ഓടിക്കാത്തതുമായി ബന്ധപ്പെട്ട് ആശുപത്രിക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. വേലപ്പനെ ആംബുലന്‍സില്‍ കയറ്റാത്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : murder idukki kerala police arrest