കണ്ണൂർ: തെരഞ്ഞെടുപ്പിനു മുമ്പേ വിജയം ആഘോഷിക്കുന്ന പതിവ് കണ്ണൂരിൽ ഇത്തവണയും തെറ്റിച്ചില്ല. മത്സരം പോലുമില്ലാതെ 14 വാർഡുകളിലെ വിജയവുമായാണ് കണ്ണൂരിൽ ഇടതാധിപത്യത്തിന്റെ തുടക്കം.
ആന്തൂർ നഗരസഭയിൽ അഞ്ചും കണ്ണപുരം, മലപ്പട്ടം ഗ്രാമപഞ്ചായത്തുകളിൽ ആറും മൂന്നും വാർഡുകളിലാണ് ഈ ജയം. എതിർ സ്ഥാനാർഥിയില്ലാത്ത വാർഡുകളിൽ ഒറ്റയടിക്ക് ഇത്രയും പേരെ വിജയിപ്പിച്ചതിന്റെ ആഘോഷവും നടന്നു. എന്നാൽ, കഴിഞ്ഞ തവണ 18 പേർ ജയിച്ചിടത്ത് 14 ആക്കാൻ കഴിഞ്ഞെന്ന ആശ്വാസമാണ് യുഡിഎഫിന്.
ലോക്സഭാ തെരഞ്ഞടുപ്പിൽ മാത്രമാണ് കണ്ണൂരിന്റെ ഇടതാധിപത്യം തകരുന്നത്. കോർപറേഷൻ ഒഴികെ ജില്ലാ പഞ്ചായത്ത്, നഗരസഭകൾ, ബ്ലോക്കുകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയിലെല്ലാം ഇടത് മേധാവിത്വമാണ്.
സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന ഏക കോർപറേഷൻ കണ്ണൂർ എന്നതാണ് ഇടതിനുള്ള ഏക സങ്കടവും. ഒരു നഗരസഭയിലും 10 ഗ്രാമപഞ്ചായത്തുകളിലും രണ്ടു ബ്ലോക്കിലും പ്രതിപക്ഷമില്ലാതെയാണ് ഇടത് ഭരണം.
കണ്ണൂർ കോർപറേഷനിൽ യുഡിഎഫ് - 35, എൽഡിഎഫ് - 19, ബിജെപി - ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. എൽഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് - 17, യുഡിഎഫ് - ഏഴ് എന്നിങ്ങനെയുമാണ്.
ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിൽ 57 ഇടത്തും എൽഡിഎഫാണ്. 14 എണ്ണം യുഡിഎഫ്. ഒമ്പത് നഗരസഭകളിൽ ആറും എൽഡിഎഫിന്റേത്. മൂന്നെണ്ണമാണ് യുഡിഎഫിനുള്ളത്. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 10ഉം എൽഡിഎഫിന്റേത്. യുഡിഎഫിന് ഒരെണ്ണം മാത്രമാണുള്ളത്.
എൽഡിഎഫ്-യുഡിഎഫ് പ്രതീക്ഷ
പിണറായി സര്‍ക്കാരിന്റെ വികസന-ക്ഷേമ പദ്ധതികളാണ് എല്‍ഡിഎഫിന്റെ പ്രധാന ആയുധം. മൂന്നാം പിണറായി സര്‍ക്കാരിനു തുടക്കമിടാന്‍ കണ്ണൂര്‍ കോര്പറേഷന് പിടിച്ചെടുക്കുകയെന്നതാണ് ഇടതുപക്ഷത്തിന്റെ പ്രധാന ലക്ഷ്യം.
സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന ഏക കോര്‍പറേഷനായ കണ്ണൂര്‍ നിലനിര്‍ത്തിക്കൊണ്ട് ത്രിതല പഞ്ചായത്തുകളില്‍ മുന്നേറ്റമുണ്ടാക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
കേരള കോൺഗ്രസ്-എം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പേ മുന്നണി വിട്ടതിനാൽ മലയോര പഞ്ചായത്തുകളിൽ പലയിടത്തും നേരിയ ഭൂരിപക്ഷത്തിൽ വിജയം നഷ്ടമായിരുന്നു. എന്നാൽ, ഇക്കുറി വന്യമൃഗശല്യം പോലുള്ള വിഷയങ്ങളില്‍ ഇടതു സർക്കാർ സ്വീകരിച്ച നിലപാടുകളിലുള്ള ജനങ്ങളുടെ എതിർപ്പ് മലയോര പഞ്ചായത്തുകളിൽ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
പയ്യന്നൂര്‍, ആന്തൂര്‍ നഗരസഭകള്‍, കണ്ണപുരം, മലപ്പട്ടം പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ സിപിഎമ്മിന്റെ ഏകാധിപത്യവും രാഷ്ട്രീയ അക്രമവും യുഡിഎഫും എന്‍ഡിഎയും പ്രചാരണ വിഷയമാക്കുന്നു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട പി.പി. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റേണ്ടിവന്നതും യുഡിഎഫ് ചർച്ചയാക്കുന്നുണ്ട്. പയ്യന്നൂർ നഗരസഭയിൽ സിപിഎം നിർത്തിയ സ്ഥാനാർഥി പോലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിനു ശിക്ഷിക്കപ്പെട്ടതും സിപിഎമ്മിന് വിനയായി.
കണ്ണൂരിൽ ബിജെപി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്ലെങ്കിലും ഇരിട്ടി, തലശേരി നഗരസഭകളിൽ ബിജെപി നിർണായകമാണ്. ഇത്തവണ 350 സീറ്റുകളിൽ എൻഡിഎ മുന്നണി മത്സരിക്കുന്നില്ല. എങ്കിലും വോട്ട് വിഭജനത്തിലൂടെ പ്രധാന മുന്നണികളെ സ്വാധീനിക്കാന്‍ എൻഡിഎയ്ക്കു കഴിയും.
മുന്നണികൾക്കു ശല്യമായി വിമതർ
വിമതസ്ഥാനാർഥികൾ മത്സരരംഗത്ത് ഉറച്ചുനിൽക്കുന്നത് എൽഡിഎഫിനും യുഡിഎഫിനും ഗുരുതര പ്രശ്നമാണ്. നിർണായക വാർഡുകളിൽ വോട്ട് വിഭജനം തെരഞ്ഞെടുപ്പു ഫലത്തെ സാരമായി ബാധിച്ചേക്കാം. കണ്ണൂര്‍ കോര്‍പറേഷനിലെ മൂന്നു പ്രധാന ഡിവിഷനുകളിലും പയ്യന്നൂര്‍ നഗരസഭയിൽ മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള വിമതരും സജീവമാണ്. പാനൂര്‍ നഗരസഭയിലും ന്യൂമാഹി, പേരാവൂര്‍, ശ്രീകണ്ഠപുരം, ചെങ്ങളായി, നടുവിൽ പഞ്ചായത്തുകളിലും വിമതര്‍ ഉറച്ചുനില്‍ക്കുന്നു.
നടുവില്‍ പഞ്ചായത്തില്‍ യുഡിഎഫ് വിമതനെ സിപിഎം പിന്തുണയ്ക്കുന്നതും, മുണ്ടേരി പഞ്ചായത്തില്‍ കോര്പറേഷന് ഇടതു മേയര്‍ സ്ഥാനാര്‍ഥിയുടെ സഹോദരി വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതും ശ്രദ്ധേയമാണ്.
ചെറിയ വോട്ട് വ്യത്യാസത്തില്‍ ജയപരാജയങ്ങൾ നിശ്ചയിക്കപ്പെടുന്ന സാഹചര്യത്തില്‍, വിമതര്‍ പിടിച്ചെടുക്കുന്ന ഓരോ വോട്ടും മുന്നണികൾക്ക് നിര്‍ണായകമാകും. കണ്ണൂര്‍ കോര്പറേഷന് പോലുള്ള യുഡിഎഫ് കോട്ടകളില്‍ വിമതപ്രശ്നം എല്‍ഡിഎഫിന് അപ്രതീക്ഷിത നേട്ടമുണ്ടാക്കാനും സാധ്യതയുണ്ട്. എന്നാൽ, ഭരണത്തുടർച്ചയ്ക്കായി കോർപറേഷനിൽ ശക്തമായ പ്രചാരണമാണ് യുഡിഎഫ് നടത്തുന്നത്.
Tags : Kannur dominance Kerala local body election LDF UDF NDA BJP