സൂപ്പർഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുന്ന ധുരന്ധർ എന്ന ചിത്രത്തിലെ അക്ഷയ് ഖന്നയുടെ പ്രകടനത്തെക്കുറിച്ച് വൻ അഭിപ്രായമാണ് ലഭിക്കുന്നത്. സമൂഹമാധ്യമങ്ങളെല്ലാം അക്ഷയ് കീഴടക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലേയ്ക്ക് അക്ഷയ് ഖന്ന എങ്ങനെ എത്തിയെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛബ്ര.
അക്ഷയ് ഖന്നയുടെ സത്യസന്ധതയും തീരുമാനശേഷിയുമാണ് തന്നെ ആകർഷിച്ചതെന്ന് മുകേഷ് പറയുന്നു.
''അക്ഷയ് ഖന്ന ഒരു അത്ഭുതമാണ്! ഇപ്പോൾ അദ്ദേഹത്തെ എല്ലാവരും അക്ഷരാർത്ഥത്തിൽ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രം പുറത്തിറങ്ങിയ സമയം മുതൽ സമൂഹമാധ്യമങ്ങൾ ഭരിക്കുന്നത് അക്ഷയ് ഖന്നയുടെതാണ്. എവിടെ പോയാലും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രം, എക്സ് എന്നിങ്ങനെ എല്ലാ ടൈംലൈനിലും കാണുന്നത് അദ്ദേഹത്തെ മാത്രമാണ്. അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ചു മാത്രമാണ് ആളുകൾ സംസാരിക്കുന്നത്.
അദ്ദേഹം തന്റെ ജോലിയിൽ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാസ്റ്റിംഗിനായി അക്ഷയ് ഖന്നയെ തെരഞ്ഞെടുക്കുന്നതിനു മുമ്പ് നിരവധി പേരുകൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഞങ്ങൾ അദ്ദേഹത്തിന്റെ വേഷത്തിനായി മറ്റുപലരുടെയും പേരുകൾ എഴുതി. എന്നാൽ അവസാനം അത് അക്ഷയ് ഖന്നയിലേയ്ക്കെത്തി. അക്ഷയ് ഖന്നയുടെ സത്യസന്ധതയും തീരുമാനശേഷിയുമാണ് എനിക്കേറ്റവും ഇഷ്ടമായത്''. മുകേഷ് ഛബ്ര പറഞ്ഞു.
കുറ്റകൃത്യങ്ങളുടെ രാജാവായ റഹ്മാൻ ദകൈത്തിനെയാണ് ചിത്രത്തിൽ അക്ഷയ് ഖന്ന അവതരിപ്പിക്കുന്നത്.
അതേസമയം 10 ദിവസംകൊണ്ട് 500 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫിസിൽ കളക്ഷൻ നേടിയത്. ഇതോടെ ഷാരൂഖ് ഖാന്റെ ഡങ്കി (470 കോടി), ഹൃതിക് റോഷന്റെ വാർ (449 കോടി), അല്ലു അർജുന്റെ പുഷ്പ (318 കോടി) എന്നീ ചിത്രങ്ങളുടെ ബോക്സ് ഓഫിസ് കളക്ഷൻ ധുരന്ധർ മറികടന്നു.
Tags : Akshay Khanna Dhurandhar Mukesh Chhabra