ഭാവന അഭിനയിക്കുന്ന തൊണ്ണൂറാമത് ചിത്രം ‘അനോമി’യുടെ ട്രെയിലർ പുറത്തിറങ്ങി. ഫോറൻസിക് അനലിസ്റ്റായ സാറ എന്ന കരുത്തുറ്റ കഥാപാത്രമായാണ് ഭാവന ചിത്രത്തിൽ എത്തുന്നത്. ട്രെയിലറിൽ ഉടനീളം ഭാവനയുടെ അസാമാന്യ സ്ക്രീൻ പ്രസൻസും സ്വാഗും ദൃശ്യമാണ്.
ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിന് വേണ്ട എല്ലാ നിഗൂഢതകളും ആക്ഷൻ രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവനയ്ക്കൊപ്പം നടൻ റഹ്മാനും മുഖ്യവേഷത്തിലെത്തുന്നുണ്ട്.
നവാഗതനായ റിയാസ് മാരാത്ത് ആണ് അനോമി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും ‘അനോമി’.
അസിസ്റ്റന്റ് കമ്മീഷണർ ജിബ്രാൻ എന്ന ശക്തമായ പോലീസ് ഓഫീസർ വേഷത്തിലാണ് റഹ്മാൻ. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ.റോയ് സി.ജെ, ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നായിക ഭാവനയും നിർമാണ പങ്കാളിയാണ്.
ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട അനിമൽ, അർജുൻ റെഡ്ഡിഎന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ഹർഷവർദ്ധൻ രാമേശ്വർ ആണ് 'അനോമി'ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്.
ഛായാഗ്രഹണ വിഭാഗം സുജിത് സാരംഗും, ചിത്രസംയോജനം കിരൺ ദാസും നിർവഹിക്കുന്നു. ആക്ഷൻ ഡയറക്റ്റർ: ആക്ഷൻ സന്തോഷ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഓ അപർണ ഗിരീഷ്.
Tags : Anomie Bhavana Rahman movie malayalam