ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രാജി അംഗീകരിച്ച് ഫെഫ്ക. ദിലീപിനെ ഫെഫ്ക യൂണിയനിൽ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഫെഫ്ക ഡബ്ബിംഗ് ആർടിസ്റ്റ് യൂണിയനിൽ നിന്നും ഭാഗ്യലക്ഷ്മി രാജിവച്ചത്.
വ്യസനത്തോടെ രാജി അംഗീകരിക്കുന്നുവെന്നാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയന് പറഞ്ഞത്. ഭാഗ്യലക്ഷ്മി സംഘടനയുടെ അഭിമാനമാണെന്നും രാജിയിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ അത് അംഗീകരിക്കുന്നുവെന്നും ഫെഫ്ക കത്തിൽ വിശദീകരിച്ചു.
ഫെഫ്കയുടെ രൂപീകരണ കാലം മുതല്‍ സംഘടനയുടെ നേതൃനിരയിലുണ്ടായിരുന്ന ഭാഗ്യലക്ഷ്മി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കൂടിയായിരുന്നു. ഡിസംബർ ഒൻപതിനാണ് യൂണിയനിൽനിന്നും രാജി വയ്ക്കുന്നുവെന്ന് അറിയിച്ച് ഭാഗ്യലക്ഷ്മി ഇമെയിൽ ചെയ്തത്.
നാളിതുവരെയും സംഘടനയുടെയും അംഗങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിച്ച ഭാഗ്യലക്ഷ്മിയെപ്പോലൊരാളുടെ രാജിക്കത്ത് ഏവരെയും ഏറെ വിഷമിപ്പിച്ചുവെന്നും സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് കത്തിലൂടെ അറിയിച്ചതിനാൽ മറ്റു നിവർത്തിയില്ലാത്തതുകൊണ്ട് രാജി അംഗീകരിക്കുകയായിരുന്നുവെന്ന് ഫെഫ്ക ഡബ്ബിംഗ് ആർടിസ്റ്റ് യൂണിയൻ പ്രസിഡന്റ് ഷോബി തിലകൻ പറഞ്ഞു.
Tags : FEFKA Bhagyalakshmi resignation