പുതിയ ചിത്രം തുടക്കത്തെക്കുറിച്ച് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയേക്കുമെന്നും സാധാരണ കുടുംബചിത്രമായിരിക്കും ഇതെന്നും ജൂഡ് പറഞ്ഞു.
സിനിമയുടെ പൂജ ചടങ്ങിൽ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജൂഡ് ആന്തണി. ജൂഡ് അവസരം തന്നാൽ സിനിമയിൽ ഒന്ന് മിന്നിമറഞ്ഞുപോകുമെന്ന് മോഹൻലാലും മാധ്യമങ്ങളോട് പറഞ്ഞു.
സിനിമയുടെ കഥ തന്നെയായിരിക്കും മെയിൻ. ഇതൊരു ആക്ഷൻ സിനിമയാണെന്ന് ആരും വിചാരിക്കരുത്. സാധാരണ കുടുംബ ചിത്രമാണ്. ഇതിലൊരു ആക്ഷൻ ഉണ്ടെന്ന് മാത്രമെയുള്ളൂ.
വിസ്മയ ഈ കഥാപാത്രം ചെയ്യാൻ അനുയോജ്യയാണ് എന്ന് തോന്നിയതുകൊണ്ടാണ് കാസ്റ്റ് ചെയ്തത്. വലിയ തള്ളിമറിക്കലുകളൊന്നും നടത്തുന്നില്ല. നിങ്ങൾ സിനിമ കണ്ട ശേഷം വിലയിരുത്തിക്കോളൂ. ജീവിതത്തിൽ വ്യത്യസ്തമായ താത്പര്യങ്ങളുള്ള വ്യക്തിയാണ് വിസ്മയ മോഹൻലാൽ. അവർ കവിതയെഴുതും ബുക്ക് എഴുതും ചിത്രം വരയ്ക്കും...
എന്റെ കഥയിലെ മീനു എന്ന കഥാപാത്രത്തിന് വേണ്ട ചില സാധനങ്ങൾ ഞാൻ വിസ്മയയിൽ നിന്ന് എടുത്തിട്ടുണ്ട്. മോഹൻലാൽ സാറിനോട് ഞാൻ ഇടക്കിടയ്ക്ക് റിക്വസ്റ്റ് ചെയ്യുന്നുണ്ട്. ചിലപ്പോൾ ഒരു മിന്നായം പോലെ അദ്ദേഹത്തെയും സിനിമയിൽ കണ്ടേക്കാം. ജൂഡ് ആന്തണിയുടെ വാക്കുകൾ.
വിസ്മയയ്ക്കും പ്രണവിനുമൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് മോഹൻലാലും പറഞ്ഞു. നല്ല കഥ വന്നാൽ അങ്ങനെയൊരു സിനിമ സംഭവിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2018എന്ന സൂപ്പർഹിറ്റ് ചിത്രം ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടക്കം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.
Tags : Jude Anthony Mohanlal Vismaya Mohanlal