മാങ്കുയിലേ തേങ്കുയിലേ..ഈ പാട്ട് ഹൃദയം കീഴടക്കിയ കാലങ്ങളുണ്ടായിരുന്നു. അതിലെ നായകനും നായികയും കനകയും രാമരാജനുമായിരുന്നു. 1989-ൽ പുറത്തിറങ്ങിയ കരകാട്ടക്കാരൻ എന്ന ചിത്രം സൂപ്പർ ഹിറ്റായിരുന്നു.
കനകയുടെ അരങ്ങേറ്റചിത്രം കൂടിയായിരുന്നു ഇത്. ഗംഗൈ അമരൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ കനക–രാമരാജൻ ജോഡിയും തമിഴ് പ്രേക്ഷകർക്ക് ഇഷ്ടതാരങ്ങളായി മാറി.
ഇപ്പോഴിതാ 37 വർഷങ്ങൾക്ക് ശേഷം തന്റെ പഴയ നായകനെ തേടിയെത്തിയിരിക്കുകയാണ് നടി കനക. യുവസംഗീത സംവിധായകൻ ധരൻ കുമാറിനൊപ്പമാണ് കനക പഴയനായകൻ രാമരാജനെ കാണാനെത്തിയത്.
ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ഇരുവർക്കും ഒപ്പം ഒരുപാട് പഴയകാല സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തുവെന്ന് പ്രിയതാരങ്ങൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ധരൻ കുമാർ കുറിച്ചു.
‘ഉച്ചഭക്ഷണം ഒരു ഓർമ്മ പുതുക്കലായി മാറുമ്പോൾ !! എന്റെ സഹോദരി കനകയോടും രാമരാജൻ സാറിനോടുമൊപ്പം 37 വർഷത്തെ സിനിമാ ഓർമകൾ അയവിറക്കുന്നു,’ ധരൻ കുമാറിന്റെ വാക്കുകൾ ഇങ്ങനെ.
അതേസമയം കനകയുടെ രൂപത്തിൽ മാറ്റങ്ങൾ വന്നത് ആരാധകർ തിരിച്ചറിഞ്ഞു. ഇതോടൊപ്പം തന്നെ താരത്തിന്റെ ഐ മേക്കപ്പും പ്രത്യേകതയുള്ളതായിരുന്നു.
ഗോഡ്ഫാദര്, വിയറ്റ്നാം കോളനി തുടങ്ങി ബ്ലോക് ബസ്റ്റര് മലയാള സിനിമകളിലും കരകാട്ടക്കാരൻ ഉൾപ്പടെ സൂപ്പർഹിറ്റ് തമിഴ് സിനിമകളിലൂടെയും താരമായ കനക കാലക്രമേണ സിനിമ വിട്ട് ഏറെക്കുറേ അജ്ഞാതമെന്നു പറയാവുന്ന ഒരു സ്വകാര്യജീവിതത്തിലേക്ക് ഒതുങ്ങി.
25 വർഷത്തോളമായി സിനിമാമേഖലയിൽ നിന്നും അകന്നു ജീവിക്കുന്ന കനകയെ ചുറ്റിപ്പറ്റി അനവധി വിവാദങ്ങളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. കനകയ്ക്ക് കാൻസർ ആയിരുന്നുവെന്നും നടി മരിച്ചെന്നുമായിരുന്നു അവയിൽ ചിലത്.
കനകയും അച്ഛനും തമ്മിലുള്ള സ്വത്ത് തർക്കവും വിവാദമായിരുന്നു. അച്ഛൻ തന്നെ മനോരോഗിയായി ചിത്രീകരിക്കുന്നുവെന്നും സ്വത്തും സമ്പാദ്യവും എല്ലാം അച്ഛന് തട്ടിയെടുത്തുവെന്നും കനക തുറന്നടിച്ചിരുന്നു.
Tags : kanaka actress malayalam godfather