അച്ഛൻ മാധവൻ 75-ാം പിറന്നാൾ ആഘോഷമാക്കാനിരുന്നതിനെക്കുറിച്ച് നടി കാവ്യ മാധവൻ. എപ്പോഴും തങ്ങളുടെ കാര്യത്തിനായി ഓടിനടന്ന അച്ഛന്റെ ഈ പിറന്നാൾ മനോഹരമാക്കാനായി ഒരുപാട് കാര്യങ്ങൾ ചെയ്തിരുന്നുവെന്നും എന്നാൽ അതിനൊന്നും നേരമില്ലാതെ അച്ഛൻ തിരക്കായിപ്പോയെന്നും കാവ്യ കുറിച്ചു.
കാവ്യ മാധവന്റെ വാക്കുകൾ
ഇന്ന് നവംബർ 10; അച്ഛന്റെ 75-ാം പിറന്നാൾ. അച്ഛൻ ഒരിക്കലും ഓർത്തിരിക്കാത്ത, ആഘോഷിക്കാത്ത ദിവസം. അച്ഛന്റെ സന്തോഷങ്ങൾ എപ്പോഴും ഞങ്ങളായിരുന്നു. പക്ഷേ ഈ പിറന്നാൾ വലിയ ആഘോഷമാക്കണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. അതിനായി അച്ഛൻ അറിയാതെ കുറെയേറെ കാര്യങ്ങൾ നേരത്തെ പ്ലാൻ ചെയ്തിരുന്നു.

എന്റെ ഓരോ പിറന്നാളും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓരോ ഓർമകളാക്കിയ അച്ഛന്റെ ഈ 75ാം പിറന്നാൾ ഏറ്റവും ഗംഭീരമാക്കാനുള്ള തയാറെടുപ്പുകൾ. പക്ഷേ...അച്ഛന് തിരക്കായി…എഴുപത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ ഏഴു തിരിയിട്ട വിളക്ക് പോൽ തെളിയുന്ന അച്ഛന്റെ ഓർമകൾക്ക് മുമ്പിൽ ഹൃദയാഞ്ജലി.
ഈ വർഷം ജൂൺ മാസത്തിലായിരുന്നു കാവ്യയുടെ അച്ഛൻ പി. മാധവന്റെ അന്ത്യം. കാസർഗോഡ് നീലേശ്വരത്ത് ടെക്സ്റ്റൈൽ ഷോപ്പ് ഉടമയായിരുന്നു മാധവൻ. സുപ്രിയ ടെക്സ്റ്റൈൽസ് എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്ന അദ്ദേഹം ബിസിനസ് തിരക്കുകൾക്ക് ഇടയിലും മകളുടെ എല്ലാ ഇഷ്ടങ്ങൾക്കും ഒപ്പം നിന്ന അച്ഛനാണ്.

മാധവന്റെയും ശ്യാമളയുടെയും മകൾ കാവ്യ കലോത്സവ വേദികളിൽ മിന്നും താരമായിരുന്നു. വിവാദങ്ങളിലും വ്യക്തിജീവിതത്തിൽ വന്ന അപ്രതീക്ഷിത തിരിച്ചടികളിലും മകൾക്ക് കരുത്തുപകർന്നുകൊണ്ട് അച്ഛൻ മാധവൻ എന്നും ഒപ്പമുണ്ടായിരുന്നു. മകളുടെ പഠനസൗകര്യത്തിനു വേണ്ടി കാവ്യ ചെന്നൈയിലേക്ക് താമസം മാറിയപ്പോൾ അവിടെയും മകൾക്ക് നിഴലായി അച്ഛനും ചെന്നൈയിലേക്ക് താമസം മാറി.
Tags : Kavya Madhavan Dileep birthday Note Movie News Malayalam Cinema Malayalam Movies