തന്നെക്കുറിച്ച് ഗോസിപ്പുകൾ പറഞ്ഞു പരത്തിയ യുട്യൂബർമാർക്ക് മുന്നിൽ ചിരിയോടെ നയൻതാര. താരജാഡകളൊന്നുമില്ലാതെ യുട്യൂബർമാരോട് മക്കളെക്കുറിച്ച് സംസാരിക്കുകയും അവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു താരം.
ദുബായി വിമാനത്താവളത്തിലായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്. നയൻതാരയും വിഗ്നേഷും മക്കളായ ഉലഗിനെയും ഉയിരിനെയും വ്ലോഗർമാർക്ക് പരിചയപ്പെടുത്തുന്നത് വീഡിയോയിൽ കാണാം. ഉയിർ, മൂന്ന് പേർക്കും ഷെയ്ക്ക് ഹാൻഡ് നൽകുകയും ഉലഗ്, തമിഴിൽ വണക്കം പറയുന്നതും വീഡിയോയിൽ ഉണ്ട്.
‘ഇവർ നന്നായി തമിഴ് പറയുന്നുണ്ടല്ലോ, നന്നായി തമിഴ് പഠിച്ചിട്ടുണ്ടല്ലോ’ എന്ന് യുട്യൂബർമാർ പറയുമ്പോൾ വീട്ടിൽ തമിഴാണ് സംസാരിക്കുന്നതെന്ന് നയൻതാര മറുപടി പറയുന്നുണ്ട്. ഇവർ ഐഡന്റിക്കൽ ട്വിൻസാണോ എന്ന് ചോദിക്കുമ്പോൾ അല്ലെന്ന് മറുപടിയും നയൻതാര നൽകുന്നുണ്ട്.
തമിഴകത്തെ ഗോസിപ്പുകളെക്കുറിച്ചു പറയുന്നൊരു യൂട്യൂബ് ചാനലിന് ഉടമകളാണ് അനന്തൻ, ബിസ്മി, ശക്തിവേൽ. ഇവരെ നിരന്തരം ബോഡി ഷെയിം ചെയ്യുന്ന മൂന്ന് കുരങ്ങന്മാർ എന്ന് നയൻതാര ഒരിക്കൽ വിമർശിച്ചിരുന്നു.
ഇത് തമിഴകത്ത് വലിയ വിവാദമുണ്ടാക്കിയിരുന്നു. നയൻതാര തങ്ങളെ ബോഡി ഷെയിം ചെയ്തെന്ന് ആരോപിച്ച് ഇവർ തന്നെ വീണ്ടും രംഗത്തെത്തുകയുണ്ടായി.
ഈ വിവാദമുണ്ടായി ഒരു വർഷം പിന്നിട്ടപ്പോഴാണ് നയൻതാരയും കുടുംബവും ഇവരെ കണ്ടുമുട്ടിയത്. ഇവരോട് വളരെ സൗമ്യമായി ചിരിച്ച് സാധാരണക്കാരെ പോലെ ഇടപഴകുന്ന നയൻതാരയെയും വിഗ്നേഷ് ശിവനെയും നിരവധി പേർ അഭിനന്ദിച്ചു.
ഇത്രയും വിമർശിച്ചിട്ടും എങ്ങനെയാണ് നിങ്ങൾക്ക് ഇങ്ങനെ പെരുമാറാൻ കഴിയുന്നത് എന്ന് ചോദിച്ച് യുട്യൂബ് വ്ലോഗർമാരെ വിമർശിക്കുന്നുമുണ്ട് നയൻതാരയുടെ ആരാധകർ.
Tags : Nayanthara YouTubers good manners