എൺപതുകളുടെ അവസാനത്തിൽ സിനിമ ലോകം ഏറെ ചർച്ച ചെയ്തിരുന്ന ഗോസിപ്പുകളിലൊന്നായിരുന്നു വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡും ബോളിവുഡ് നടി നീന ഗുപ്തയും തമ്മിലുള്ള പ്രണയം.
ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ചും മകൾ മസാബയുടെ ജനനത്തെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് നീന ഗുപ്ത. വിവാഹം കഴിക്കാതെ അമ്മയാകാനുള്ള തീരുമാനം പൂർണമായും തന്റേതായിരുന്നുവെന്നും താൻ ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ വിവിയൻ റിച്ചാർഡ്സ് അതിനെ പൂർണമനസോടെ പിന്തുണച്ചിരുന്നുവെന്നും താരം പറഞ്ഞു.
അന്ന് പ്രണയത്താൽ അന്ധയായിരുന്നതിനാൽ മറ്റാരുടെയും ഉപദേശങ്ങൾ താൻ ചെവിക്കൊണ്ടില്ലെന്നും നീന പറയുന്നു. ശുഭങ്കർ മിശ്രയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു നടി.
‘‘വിവാഹം കഴിക്കണമെങ്കിൽ ഒന്നുകിൽ എനിക്ക് കരിയർ ഉപേക്ഷിച്ച് വെസ്റ്റ് ഇൻഡീസിലേക്ക് പോകണമായിരുന്നു, അല്ലെങ്കിൽ അദ്ദേഹം ഇന്ത്യയിലേക്ക് വരണം. ഈ രണ്ടു കാര്യങ്ങളും അന്ന് അസാധ്യമായിരുന്നു. അന്ന് പ്രണയത്താൽ ഞാൻ അന്ധയായിരുന്നു. ആരുടെയും ഉപദേശങ്ങൾ കേൾക്കാൻ തയ്യാറായിരുന്നില്ല. കുഞ്ഞിന് ജന്മം നൽകാനുള്ള തീരുമാനം പൂർണമായും എന്റേതായിരുന്നു.

ഇക്കാര്യം വിവിയനോട് സംസാരിച്ചപ്പോൾ അദ്ദേഹം സമ്മതം മൂളുകയായിരുന്നു. മകൾ മസാബയെ പരസ്യമായി അംഗീകരിക്കാൻ അദ്ദേഹം ഒരിക്കലും മടിച്ചിരുന്നില്ല. എന്റെ കാര്യത്തിൽ തീരുമാനങ്ങൾ ശുഭകരമായി അവസാനിച്ചുവെങ്കിലും മറ്റുള്ളവരോട് ഈ വഴി തിരഞ്ഞെടുക്കാൻ ഞാൻ ഒരിക്കലും നിർദ്ദേശിക്കില്ല. ഒരു കുഞ്ഞിനെ ഒറ്റയ്ക്ക് വളർത്തുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്, അത് കുഞ്ഞിന്റെ വളർച്ചയെപ്പോലും ബാധിച്ചേക്കാം.
വിവിയൻ റിച്ചാർഡ്സ് എന്നെ പ്രണയിച്ചിരുന്നോ എന്ന് പലരും ചോദിക്കാറുണ്ട്. അദ്ദേഹത്തോട് അത് ചോദിക്കാൻ പേടിയായതുകൊണ്ടാണ് എല്ലാവരും എന്നോട് ചോദിക്കുന്നത്. ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്ന ചുരുങ്ങിയ കാലം വളരെ മനോഹരമായിരുന്നു.’’നീന ഗുപ്ത പറയുന്നു.
എൺപതുകളിൽ വലിയ ചർച്ചയായ ഒരു പ്രണയകഥയായിരുന്നു നീനയുടെയും വിവിയൻ റിച്ചാർഡിന്റെയും.1980-കളുടെ അവസാനത്തിൽ വെസ്റ്റ് ഇൻഡീസ് ടീം ഇന്ത്യ സന്ദർശിച്ച സമയത്താണ് നീനയും വിവിയനും പ്രണയത്തിലാകുന്നത്. അന്ന് വിവിയൻ റിച്ചാർഡ്സ് മിറിയം എന്ന സ്ത്രീയുടെ ഭർത്താവും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. എങ്കിലും ഇതൊന്നും കാര്യമാക്കാതെ വിവിയനും നീനയും തങ്ങളുടെ പ്രണയം തുടർന്ന്. ഈ ബന്ധത്തിൽ നീന ഗർഭിണിയുമായി.

നീന ഗുപ്ത ഗർഭിണിയായതോടെയാണ് ഇവരുടെ പ്രണയം ലോകമറിഞ്ഞത്. വിവാഹം കഴിക്കാതെ ഒരു കുഞ്ഞിന് ജന്മം നൽകുക എന്നത് അക്കാലത്തെ ഇന്ത്യൻ സമൂഹത്തിൽ ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. എന്നാൽ നീന ഗുപ്ത ധീരമായ തീരുമാനമെടുത്തു. വിവിയൻ തന്റെ ഗർഭത്തെയും കുഞ്ഞിനെയും അംഗീകരിക്കാൻ തയാറായെങ്കിലും അവർക്കിടയിൽ ഒരു വിവാഹം നടക്കാതിരിക്കാൻ പ്രായോഗികമായ തടസങ്ങൾ ഏറെയായിരുന്നു.

ഇരുവരുടെയും കരിയറുകൾ രണ്ട് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലായിരുന്നു എന്നത് വേർപിരിയലിലേക്ക് നയിച്ച പ്രധാന ഘടകമാണ്. നീനയ്ക്ക് തന്റെ ബോളിവുഡ് കരിയർ ഉപേക്ഷിച്ച് ആന്റിഗ്വയിലേക്ക് പോകാൻ താല്പര്യമില്ലായിരുന്നു, അതുപോലെ തന്നെ വിവിയന് തന്റെ കരിയർ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വരാനും സാധിക്കുമായിരുന്നില്ല.
ഈ പ്രായോഗിക ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് അവർ വിവാഹം വേണ്ടെന്നു വച്ചതും പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞതും. എങ്കിലും മകൾ മസാബയുടെ കാര്യത്തിൽ ഇരുവരും നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുകയും, മസാബയെ പരസ്യമായി അംഗീകരിക്കാൻ വിവിയൻ എപ്പോഴും തയാറാവുകയും ചെയ്തിരുന്നു.
Tags : Neena Gupta Vivian Richards cricket bollywood