ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന പാന്‍ ഇന്ത്യന്‍ ഹൊറര്‍-കോമഡി ചിത്രം ദി രാജാ സാബ്- തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ ബോക്സ് ഓഫീസില്‍ പ്രവചനാതീതമായ കുതിപ്പാണ് ദൃശ്യമാകുന്നത്. റിലീസിന് മുമ്പുതന്നെ അഡ്വാന്‍സ് ബുക്കിംഗിലൂടെ കോടികള്‍ കൊയ്ത് റിക്കാര്‍ഡുകള്‍ തിരുത്തുകയാണ് ചിത്രം.
റിലീസ് മുമ്പ് ഇന്ത്യയൊട്ടാകെ അഞ്ച് കോടിയിലധികം രൂപയുടെ അഡ്വാന്‍സ് ബുക്കിംഗാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. സിനിമാ ട്രാക്കറായ സാക്നില്‍കിന്റെ കണക്കുകള്‍ പ്രകാരം തെലുങ്ക് പതിപ്പില്‍ നിന്ന് മാത്രം 2.38 കോടി രൂപ (84,894 ടിക്കറ്റുകള്‍) ചിത്രം നേടിയിട്ടുണ്ട്.
ഹിന്ദി ബെല്‍റ്റിലും പ്രഭാസ് തരംഗം പ്രകടമാണ്. ഡോള്‍ബി സിനി ഫോര്‍മാറ്റിലടക്കം 1.12 കോടി രൂപയാണ് ഹിന്ദി പതിപ്പ് നേടിയത്. ബ്ലോക്ക് സീറ്റുകള്‍ കൂടി കണക്കിലെടുത്താല്‍ ഗ്രോസ് കളക്ഷന്‍ പത്ത് കോടിക്ക് മുകളില്‍ പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രീമിയര്‍ ഷോയ്ക്ക് 1000 രൂപ
ആന്ധ്രാസര്‍ക്കാര്‍ നല്കിയ പ്രത്യേക അനുമതിയോടെ നടക്കുന്ന പെയ്ഡ് പ്രീമിയര്‍ ഷോകള്‍ക്ക് 1000 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നിട്ടും ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റുതീരുന്നത് പ്രഭാസ് എന്ന താരത്തിന്റെ ജനപ്രീതിക്ക് തെളിവാണ്.
സാധാരണ സ്ക്രീനുകളില്‍ നിരക്ക് വര്‍ധിപ്പിച്ചതോടെ സിംഗിള്‍ സ്ക്രീനുകളില്‍ ടിക്കറ്റ് വില 297 രൂപയായി ഉയര്‍ന്നിട്ടുണ്ട്. വന്‍കിട സിനിമകള്‍ക്ക് ലഭിക്കുന്ന ഈ പരിഗണന ചിത്രത്തിന്റെ ആദ്യ ദിന കളക്ഷനില്‍ വലിയ പ്രതിഫലനമുണ്ടാക്കും.
വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭാസിന്റെ സ്റ്റൈലിഷ് ലുക്കും കോമഡി ടൈമിംഗും കാണാമെന്നതാണ് രാജാ സാബിന്റെ പ്രധാന ആകര്‍ഷണം. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ മാരുതി സംവിധാനം ചെയ്ത് ടി.ജി. വിശ്വപ്രസാദ് നിര്‍മിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത്, ബോമന്‍ ഇറാനി എന്നിവര്‍ നിര്‍ണായക വേഷങ്ങളില്‍ എത്തുന്നു.
മാളവിക മോഹനന്, നിധി അഗര്‍വാള്‍ എന്നിവരാണ് നായികമാര്‍. എസ്. തമന്റെ സംഗീതവും കാര്‍ത്തിക് പളനിയുടെ ദൃശ്യഭംഗിയും കൂടിയാകുമ്പോള്‍ ചിത്രം ഒരു ദൃശ്യവിരുന്നാകുമെന്നുറപ്പാണ്.
ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് മാറി ഹൊറര്‍-കോമഡി പശ്ചാത്തലത്തില്‍ പ്രഭാസ് എത്തുമ്പോള്‍ ബോക്സ് ഓഫീസില്‍ പുതിയ ചരിത്രം കുറിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
Tags : Prabhas Raja Saab movie