രജനികാന്ത്-കമൽഹാസൻ ചിത്രം തലൈവർ 173- സിബി ചക്രവർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങും. നിരവധി അഭ്യൂഹങ്ങൾക്കുശേഷം കമൽഹാസന്റെ ഉടമസ്ഥതയിലുള്ള രാജ്കമൽ ഫിലിംസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
46 വർഷത്തിനുശേഷം രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന ചിത്രമാണിത്. ഇന്ത്യൻ ചലച്ചിത്രലോകവും ആരാധകരും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തലൈവർ 173. ദുബായിൽ ചിത്രം പ്രഖ്യാപിച്ച ദിവസം മുതൽ ആരായിരിക്കും ചിത്രത്തിന്റെ സംവിധായകനെന്ന് ആരാധകർ ഉറ്റുനോക്കിയിരുന്നു.
സുന്ദർ സി ആയിരിക്കും സംവിധായകനെന്നാണ് ആദ്യം പുറത്തുവന്ന വാർത്ത. സുന്ദർ സി പ്രോജക്ടിന്റെ ഭാഗമായി വന്നെങ്കിലും പ്രരാംഘട്ടത്തിൽത്തന്നെ പിന്മാറുകയായിരുന്നു. തന്റെ പിന്മാറ്റത്തെക്കുറിച്ച് വികാരനിർഭരമായ കുറിപ്പും സുന്ദർ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചിരുന്നു.
സുന്ദറിന്റെ പിന്മാറ്റത്തെത്തുടർന്ന് നിരവധിപ്പേരുകൾ ഉയർന്നുവന്നെങ്കിലും ആരെയും തീരുമാനിച്ചിരുന്നില്ല. ഒരുഘട്ടത്തിൽ ധനുഷ് ആയിരിക്കും സംവിധായകൻ എന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ല.
യുവനിരയിലെ ശ്രദ്ധേയരായ രാംകുമാർ ബാലകൃഷ്ണൻ, നിതിലൻ സ്വാമിനാഥൻ, പ്രദീപ് രംഗനാഥൻ എന്നിവരുടെ പേരുകളും ഉയർന്നുവന്നിരുന്നു. ഇതിനിടെയിലാണ് കമൽഹാസന്റെ നിർമാണക്കമ്പനി രാജ്കമൽ ഫിലിംസ് തലൈവർ 173-ന്റെ സംവിധായകനെ പ്രഖ്യാപിക്കുന്നത്.
2022ൽ പുറത്തറിങ്ങിയ ഡോൺ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി ചക്രവർത്തിയാണ് ഇനി തലൈവരുടെ തേരിന്റെ സാരഥി. സിബിയുടെ ഇതിനു മുമ്പുള്ള ചിത്രം ഡോൺ വമ്പൻ ഹിറ്റ് ആയിരുന്നു.
ഓരോ കുടുംബത്തിനും ഒരു നായകനുണ്ട്... എന്ന കുറിപ്പോടെയാണ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ സംവിധായകനെ പ്രഖ്യാപിച്ചുള്ള പോസ്റ്റർ രാജ്കമൽ ഫിലിംസ് പങ്കുവച്ചത്. പ്രഖ്യാപനം ആഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുതതത്.
തലൈവർ 173-ന്റെ സംഗീതം അനിരുദ്ധ് രവിചന്ദർ നിർവഹിക്കും. റെഡ് ജയന്റ് മൂവീസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ 44 വർഷം പിന്നിടുകയാണ്. ആർ മഹേന്ദ്രനൊപ്പം ചേർന്നാണ് കമൽ ഹാസൻ ചിത്രത്തിന്റെ നിർമാണം പൂർത്തിയാക്കുന്നത്. ആദ്യമായാണ് കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ രജനികാന്ത് നായകനാകുന്നത്.
Tags : Rajinikanth Kamal Haasan Thalaivar 173