"കിഷ്കിന്ധാകാണ്ഡം’ ടീമിന്റെ പുത്തന്‍പടം "എക്കോ’യില്‍ ലീഡ് വേഷത്തിലെത്തുകയാണ് യുവനടന് സന്ദീപ് പ്രദീപ്. "ഫാലിമി’, "പടക്കളം’ എന്നീ ഹിറ്റുകള്‍ക്കുശേഷം സന്ദീപിന്റെ കരിയറില്‍ വഴിത്തിരിവാകുന്ന ചിത്രം. ബാഹുല്‍ രമേഷിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത പീര്യേഡ് മിസ്റ്ററി ഡ്രാമ "എക്കോ’, ബാഹുൽ രമേശ് അനിമൽ ട്രിയോളജിയിലെ അവസാന ചിത്രവുമാണ്.
"ഈ തിരക്കഥയുടെ എഴുത്തിലാണ് എനിക്ക് ഏറ്റവുമിഷ്ടം തോന്നിയത്. കിഷ്കിന്ധാകാണ്ഡം പോലെ ഒരു മിസ്റ്ററി സിനിമയാണ് എക്കോ. അത്തരമൊരു നിഗൂഢതയുടെ ഭംഗി നിലനിര്‍ത്തിക്കൊണ്ടുള്ള മേക്കിംഗ് തന്നെയാണ് ഇതിലും’-സന്ദീപ് പ്രദീപ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
ഷോര്‍ട്ട് ഫിലിമുകളിലല്ലേ തുടക്കം..?
ഒമ്പതാം ക്ലാസിലെത്തിയപ്പോഴാണു ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തുതുടങ്ങിയത്. യുട്യൂബില്‍ നല്ല കമന്റുകളും വ്യൂസും കിട്ടിയതോടെ വീട്ടുകാരും സപ്പോർട്ടായി. പ്ലസ്ടുവിനുശേഷം അഭിനയം പഠിക്കണമെന്നു പറഞ്ഞപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ടു വരുമാനമുള്ള ഒരു ജോലി കൂടി കണ്ടെത്തണമെന്നു വീട്ടുകാര്‍. അങ്ങനെ വിഎഫ്എക്സ് പഠിച്ചു.
സമാന്തരമായി ഞാൻ നിരന്തരം ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തു. അതിൽ "ശാന്തിമുഹൂര്‍ത്തം’ കൂടുതല്‍ ശ്രദ്ധനേടി. അസി. ഡയറക്ടറും പിന്നീടു "ഫാലിമി’ എന്ന പടത്തിലൂടെ ഡയറക്ടറുമായ നിധീഷ് സഹദേവ് അന്ന് അതു കണ്ടിരുന്നു. അങ്ങനെ പരിചയത്തിലായ ഞങ്ങൾ "മാഗ്നെറ്റോ’ എന്ന ഷോർട്ട്ഫിലിം ചെയ്തു. അഭിനയം, സംവിധാനം, വിഎഫ്എക്സ്, എഡിറ്റിംഗ്, കളറിംഗ്... ഇരുപതോളം ഷോര്‍ട്ട് ഫിലിമുകളിൽ ഇതെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്.
സിനിമയിലെത്തിയത്..?
ശങ്കര്‍ രാമകൃഷ്ണന് സംവിധാനം ചെയ്ത "പതിനെട്ടാംപടി’യാണ് എന്റെ ആദ്യ സിനിമ. ഓഡിഷനിലൂടെയാണ് അതിൽ വേഷം കിട്ടിയത്. അതിനുശേഷം വിപിന്‍ ദാസിന്റെ "അന്താക്ഷരി’യില്‍ അഭിനയിച്ചു. പിന്നീടാണ് നിധീഷേട്ടന് എന്നെ "ഫാലിമി’യില്‍ ഉള്‍പ്പെടുത്തിയത്. ഫാലിമിയിലെ അഭിയാണ് ആദ്യ ബ്രേക്ക്. തുടര്‍ന്ന് "ആലപ്പുഴ ജിംഖാന’. അതിൽ ഷിഫാസ് അഹമ്മദ് എന്ന കഥാപാത്രം. മനു സ്വരാജിന്റെ "പടക്കള’ത്തില്‍ സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവർക്കൊപ്പം ജിതിന് എന്ന ലീഡ് വേഷം. കരിയറിലെ രണ്ടാമത്തെ മേജര്‍ ബ്രേക്ക്. കൂടുതൽ ലീഡ് വേഷങ്ങളിലേക്കു പരിഗണിച്ചതും നല്ല അഭിപ്രായങ്ങളും അവസരങ്ങളും വന്നുതുടങ്ങിയതും "പടക്കള’ത്തിന്റെ വിജയത്തിനുശേഷമാണ്.
"എക്കോ’യില്‍ എത്തിയത്..?

"പടക്കളം’ ഷൂട്ടിംഗ് കഴിഞ്ഞ സമയത്താണ് ദിന്‍ജിത്തേട്ടന്‍ എന്നെ "എക്കോ’യിലേക്കു വിളിച്ചത്. അപ്പോള്‍ ആലപ്പുഴ ജിംഖാനയും പടക്കളവും റിലീസായിട്ടില്ല. "കിഷ്കിന്ധാകാണ്ഡം’ എഴുതിയശേഷം അതു പ്രോജക്ടാകാന് കുറച്ചു കാലതാമസമുണ്ടായി. അക്കാലത്ത് ബാഹുല്‍ രമേശ് എഴുതിയ സിനിമയാണ് "എക്കോ’. ആ സമയത്ത് അവര്‍ എന്റെ "അന്താക്ഷരി’ എന്ന സിനിമ കണ്ടിട്ടുണ്ടായിരുന്നു. അതിലെപ്പോലെ ഒരു പയ്യന് "എക്കോ’യില്‍ ലീഡ് വേഷം ചെയ്താൽ നന്നായിരിക്കുമെന്ന ചിന്ത അവര്‍ക്കുണ്ടായി. പിന്നീടാണു ഫാലിമി ഉള്‍പ്പെടെയുള്ള സിനിമകള്‍ റിലീസായതും ഞാന്‍ പെട്ടെന്നു സിനിമയില്‍ അറിയപ്പെട്ടുതുടങ്ങിയതും. തുടര്‍ന്നാണ് "എക്കോ' ടീം എന്നെ സമീപിച്ചത്. എനിക്കിഷ്ടമുള്ള "കിഷ്കിന്ധാകാണ്ഡ’ ത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അവരുടെ അടുത്ത സിനിമയിലേക്ക് എന്നെ പരിഗണിച്ചുവെന്നത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
"എക്കോ’ പറയുന്നത്..?
ഞാനാണു ലീഡ് വേഷം ചെയ്യുന്നതെങ്കിലും ഇതു നായക കേന്ദ്രീകൃത സിനിമയല്ല. എല്ലാ കഥാപാത്രങ്ങള്‍ക്കും അവരുടേതായ ഒരിടവും കഥാമുഹൂർത്തങ്ങളുമുണ്ട്. നരേന്, ബിനു പപ്പു, അശോകന് തുടങ്ങിവരാണ് ഒപ്പം അഭിനയിക്കുന്നത്. എല്ലാവര്ക്കും തുല്യ ഇടമുള്ള സിനിമ. പ്രതിധ്വനി എന്നതു തന്നെയാണ് എക്കോ. ജാപ്പനീസ് ഭാഷയിലെ ഒരു വാക്കിന്റെ സ്റ്റൈലൈസ്ഡ് രൂപത്തിലാണ് അതിന്റെ എഴുത്ത്.
പഴയ കാലഘട്ടത്തില്‍ സംഭവിക്കുന്ന കഥയായിട്ടാണു ചിത്രീകരിച്ചിട്ടുള്ളത്. കൂടുതലൊന്നും ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. ഒരുപാടു മറച്ചുവയ്ക്കാനുള്ള ട്വിസ്റ്റുകളോ സര്‍പ്രൈസുകളോ ഇതിലില്ല. ടീസറില്‍നിന്നു നിങ്ങള്‍ക്കു കിട്ടിയ കൗതുകം നിലനിര്‍ത്തിത്തന്നെ തിയറ്ററില്‍ പോയി പുതുമയോടെ ഓരോ സീനും കാണുമ്പോള്‍ കിട്ടുന്ന ഒരാസ്വാദനമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ദ ക്രോണിക്കിള്‍സ് ഓഫ് കുര്യച്ചന്- അതാണു ടാഗ് ലൈന്‍. ഞാനാണോ മറ്റാരെങ്കിലുമാണോ കുര്യച്ചന് എന്നതും വെളിപ്പെടുത്തിയിട്ടില്ല.
അനിമല്‍ ട്രിയോളജിയിലെ അവസാന ഭാഗമാകുന്നത്..?

കിഷ്കിന്ധാകാണ്ഡം, കേരള ക്രൈം ഫയല്‍സ്: സീസണ് 2 എന്നിവയ്ക്കുശേഷം ബാഹുല്‍ രമേഷ് എഴുതിയ തിരക്കഥയാണ് എക്കോ. ഇവയെ അനിമല്‍ ട്രിയോളജി എന്നാണ് ബാഹുലേട്ടന്‍ വിശേഷിപ്പിക്കുന്നത്. തിരക്കഥയെഴുത്തുകാരുടെയും സംവിധായകരുടെയുമൊക്കെ പ്രൊഫൈലില്‍ ട്രിയോളജിയും മറ്റും വരാറുണ്ട്. കഥാപരമായ തുടര്‍ച്ച എന്ന രീതിയിലല്ല അത്. ഓരോന്നും സ്വന്തമായി നിലനിൽപ്പുള്ള സിനിമ തന്നെയായിരിക്കും.
പക്ഷേ, അവയില്‍ ഒരു സ്പിരിച്വല്‍ എസെന്‍സ് അല്ലെങ്കില്‍ ഒരു സ്റ്റിമുലേറ്റിംഗ് ഫാക്ടര്‍ പൊതുവായി വരുന്നുണ്ടാവും. ബാഹുലേട്ടന്റെ തിരക്കഥകളില്‍ അതു മൃഗങ്ങളുമായി ബന്ധപ്പെട്ടതാണ്. കിഷ്കിന്ധാകാണ്ഡത്തില്‍ കുരങ്ങ്. കെസിഎഫിലും എക്കോയിലും അതു നായയാണ്. അല്ലാതെ, ഈ സിനിമകള്‍ തമ്മില്‍ കഥാപരമായ ബന്ധമില്ല.
ബാഹുല്‍- ദിന്‍ജിത്ത് കെമിസ്ട്രിയെക്കുറിച്ച്..?
മറ്റു സിനിമകളിലേതുപോലെ കട്ട് പറഞ്ഞ്, സംവിധായകൻ വിഷ്വല്‍ കണ്ടശേഷം നമ്മുടെ അടുത്തുവന്ന് തിരുത്തു പറയുന്ന രീതി ഇതില്‍ വേണ്ടിവന്നില്ല. കാരണം, ഛായാഗ്രാഹകനും ഇതിന്റെ തിരക്കഥാകൃത്തുമായ ബാഹുലേട്ടന്‍ എല്ലാം തൊട്ടടുത്തുനിന്നു കാണുന്നുണ്ടായിരുന്നു. എന്റെ ഭാഗത്തുനിന്നു തിരുത്തു വേണ്ടിവന്നാല്‍ അപ്പോള്‍ത്തന്നെ അതു പറയാനുള്ള അവസരമുണ്ടായിരുന്നു. തനിക്കു 100 ശതമാനം വ്യക്തതയുള്ള തിരക്കഥ അദ്ദേഹം തന്നെ ഷൂട്ട് ചെയ്യുന്ന കാഴ്ച. സംവിധായകന് ദിന്‍ജിത്ത് ചേട്ടനും അതേ കാഴ്ചപ്പാടു തന്നെ. ക്രിയേറ്റിവിറ്റിയില്‍ ഒട്ടും വിട്ടുവീഴ്ച ആഗ്രഹിക്കാത്തവരാണ് ഇരുവരും.
ഒരു സംവിധായകന്റേതായ ബഹളമോ മറ്റോ ദിൻജിത്തേട്ടനിൽ നിന്ന് ഉണ്ടാവില്ല. ഷൂട്ടിംഗിന്റെ തുടക്കം മുതല്‍ തന്നെ ഈ സിനിമ എങ്ങനെ വരണമെന്നു കൃത്യമായ ബോധ്യമുള്ളയാള്‍. ഒന്നു രണ്ടു ഷോട്ടില്‍ തന്നെ കാര്യങ്ങൾ പരമാവധി സെറ്റാക്കി ഫൈനല്‍ ടേക്കെടുക്കുന്ന രീതി. അതിനുള്ള ആലോചനയും ആശയവിനിമയവും ഏകോപനവും എല്ലാവരും തമ്മിലുണ്ടായി.
എക്കോയിലെ വെല്ലുവിളി..?

പീര്യേഡ് സിനിമയായതുകൊണ്ടുതന്നെ ഇതിലെ സംസാരശൈലിയും വേഷവുമൊക്കെ എനിക്കു പരിചിതമായിരുന്നില്ല. മുമ്പ് അഭിനയിച്ച സിനിമകളിലൊക്കെ വര്‍ത്തമാന കാലമായതിനാല്‍ നമുക്ക് ഇഷ്ടമുള്ള വാക്കുകള്‍ ഉപയോഗിക്കാം. സ്വാഭാവികമായി തോന്നുന്ന കാര്യങ്ങൾ സംസാരിക്കാം. പക്ഷേ, ഇതില്‍ ചില വാക്കുകള്‍, ചില ശൈലികള്‍, ചില സ്ളാംഗുകള്...ഉപയോഗിക്കാനാവില്ല. കുറച്ചു നിയന്ത്രിതമായി സംസാരിക്കേണ്ടി വന്നു. മാത്രമല്ല ബാഹുലേട്ടന്റെ എഴുത്തില്‍ ഒരു ഭംഗിയുണ്ട്. അതുപോലെ പറഞ്ഞാലേ അതിന്റെ രസം കിട്ടുകയുള്ളൂ. അതുകൊണ്ടുതന്നെ മിക്ക ഡയലോഗുകളും കാണാപ്പാഠമാക്കേണ്ടിവന്നു.
ഇനി ഏതുതരം സിനിമകൾ...?
സിനിമയിലെത്താനുള്ള കഷ്ടപ്പാടിനെക്കാളും പ്രയാസകരമാണ് അവിടെ നിലനില്ക്കാന് എന്നു മനസിലായി. അതുകൊണ്ടുതന്നെ നല്ല തിരക്കഥകളും കഥാപാത്രങ്ങളും തെരഞ്ഞെടുത്തു ചെയ്ത് നല്ല സിനിമയുടെ ഭാഗമായി അതിൽ നിലനില്ക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിര്‍മിക്കുന്ന ഫാന്റസി എന്റര്‍ടെയ്നറിലാണ് ഇനി അഭിനയിക്കുന്നത്. "ജോണ്‍ ലൂഥറി’ന്റെ സംവിധായകന് അഭിജിത്ത് ജോസഫിന്റെ അടുത്ത പടം. ഡിസംബറില്‍ ഷൂട്ടിംഗ് തുടങ്ങും. സംവിധായകനാവുക എന്നതിനേക്കാള്‍ എനിക്കൊരു നടനാവണം എന്നതു തന്നെയായിരുന്നു ആഗ്രഹം. പക്ഷേ, സംവിധാനം എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മേഖല തന്നെയാണ്. അതു കുറച്ചു കൂടുതല്‍ പഠിച്ചശേഷം ചെയ്യണമെന്ന ആഗ്രഹവുമുണ്ട്.
Tags : Sandeep Pradeep EKO Interview