റിലീസിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ഒടുവിൽ ശിവകാർത്തികേയൻ ചിത്രം പരാശക്തിക്ക് സെൻസർ ബോർഡിന്റെ പ്രദർശനാനുമതി. യുഎ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
രണ്ട് മണിക്കൂർ 42 മിനിട്ടാണ് സിനിമയുടെ റൺ ടൈം. ഇതോടെ അനിശ്ചിതത്തിലായ ചിത്രം പറഞ്ഞ ദിവസം ജനുവരി 10ന് തന്നെ പുറത്തിറങ്ങും. സിനിമയുടെ അഡ്വാൻസ് ബുക്കിംഗുകൾ എല്ലായിടത്തും ഉടനെ ആരംഭിക്കും. രാവിലെ ഒൻപതുമുതലാണ് പരാശക്തിയുടെ ഷോ തമിഴ്നാട്ടിൽ ആരംഭിക്കുന്നത്.
1960കളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണ് ചിത്രം. ചിത്രത്രത്തിന്റെ തമിഴ്നാട്ടിലെ വിതരണാവകാശം ഉദയനിധിയുടെ റെഡ് ജയന്റ് മൂവീസിനാണ്. ഉദയനിധിയുടെ മകൻ ഇൻപനിധിയാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Tags : parashakthi Sivakarthikeyan