ലക്നോ: ഉത്തർപ്രദേശിൽ യുവാവ് അമ്മയെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം തലയോട്ടി കടിച്ചുകീറി മാംസം ഭക്ഷിച്ചു. കുശിനഗറിലാണ് മനുഷ്യമനസാക്ഷി മരവിക്കുന്ന ക്രൂരത അരങ്ങേറിയത്.
സിക്കന്ദർ ഗുപ്ത(30) എന്നയാളാണ് ഭാര്യ പ്രിയങ്ക(28), മാതാവ് റൂമ ദേവി(60) എന്നിവരെ ഇഷ്ടികയ്ക്ക് തലയ്ക്കടിച്ച് കൊന്നത്. തിങ്കളാഴ്ച രാവിലെ അഹിരൗലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പാർസ ഗ്രാമത്തിലായിരുന്നു സംഭവം.
നിലവിളി കേട്ട് വീട്ടിലെത്തിയ പ്രദേശവാസികൾക്ക് നേരെ ഇയാൾ മാംസക്കഷണങ്ങൾ എറിഞ്ഞു. തുടർന്ന് പോലീസ് എത്തിയാണ് പ്രതിയെ കീഴ്പെടുത്തിയത്.
ഇയാൾ ഭാര്യയെയും മാതാവിനെയും വീടിന്റെ മുകളിൽ വച്ച് വടികൊണ്ട് അടിക്കുകയും തുടർന്ന് സിമന്റ് ഇഷ്ടിക ഉപയോഗിച്ച് ഇവരുടെ തലയിൽ ശക്തിക്ക് ഇടിക്കുകയും ചെയ്തു.
ഗുരുതര പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. തുടർന്ന് ഇയാൾ ഇവരുടെ തലയോട്ടിയിൽ നിന്നും മാംസം പറിച്ചെടുത്ത് ഭക്ഷിച്ചു. ഈ സംഭവങ്ങൾക്കെല്ലാം പ്രദേശവാസികൾ ദൃസാക്ഷികളാണ്.
മുംബൈയിൽ ജോലി ചെയ്തിരുന്ന സിക്കന്ദർ ഒരു മാസം മുമ്പാണ് ഗ്രാമത്തിൽ തിരിച്ചെത്തിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇയാൾ മാതാവിനെയും ഭാര്യയെയും പതിവായി മർദിക്കുമായിരുന്നുവെന്നും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു.
ഇരട്ട കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ മാനസികാവസ്ഥ പരിശോധിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതി വളരെ പ്രകോപിതനാണെന്നും ആശയവിനിമയം നടത്താൻ വിസമ്മതിക്കുന്നുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.
Tags : murder case arrest police