ലക്നോ: ഉത്തർപ്രദേശിൽ ഭാര്യ ചതിച്ചുവെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കി. ബങ്കാറ്റ് ഗ്രാമവാസിയായ രാഹുൽ മിശ്ര(30) ആണ് മരിച്ചത്.
വീട്ടിലെ മുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു രാഹുൽ മിശ്ര. സംഭവസ്ഥലത്തെത്തിയ പോലീസ്, മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.
രാഹുലിന്റെ അമ്മയുടെ പരാതിയിൽ ഭാര്യയ്ക്കും സുഹൃത്ത് ശുഭം സിംഗിനും ഭാര്യാമാതാവിനുമെതിരെ പോലീസ് ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തു.
അന്വേഷണത്തിനിടെ, രാഹുലിന്റെ ഫോണിൽ നിന്ന് ഏഴ് മിനിറ്റും 29 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോ പോലീസ് കണ്ടെത്തി. ജീവനൊടുക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപ് രാഹുൽ റിക്കാർഡ് ചെയ്തതാണ് ഇത്.
ഭാര്യ തന്നെ വഞ്ചിക്കുകയാണെന്നും കുട്ടിയെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്നും രാഹുൽ വീഡിയോയിൽ വിശദീകരിച്ചു. "എനിക്ക് മരിക്കാൻ ആഗ്രഹമില്ല, പക്ഷേ ജീവിക്കാൻ ഒരു കാരണവുമില്ല'. രാഹുൽ വീഡിയോയിൽ പറയുന്നു.
"എന്റെ ഭാര്യക്ക് ശുഭം സിംഗ് എന്നയാളുമായി ബന്ധമുണ്ട്. ഞാൻ അവളെ പലതവണ വിലക്കിയിരുന്നു, പക്ഷേ അവൾ അത് ശ്രദ്ധിച്ചില്ല. എന്റെ കുട്ടിയെ കാണാൻ എനിക്ക് അനുവാദമില്ലായിരുന്നു. ഭർതൃമാതാവാണ് അത് വിലക്കിയത്. എന്റെ നമ്പർ പോലും ബ്ലോക്ക് ചെയ്തു. എന്റെ ഭാര്യാ പിതാവിന് മാനസികാസ്വാസ്ഥ്യമുണ്ട്. ഞാൻ എന്റെ ഭാര്യയെയും കുട്ടിയെയും വളരെയധികം സ്നേഹിക്കുന്നു. പക്ഷേ എനിക്ക് ഇനി ഈ വേർപിരിയൽ സഹിക്കാൻ കഴിയില്ല'. രാഹുൽ വീഡിയോയിൽ പറഞ്ഞു.
താൻ വലിയ കടബാധ്യതയിലാണെന്നും ജോലിസ്ഥലത്ത് സമ്മർദ്ദം നേരിടുന്നുണ്ടെന്നും രാഹുൽ വ്യക്തമാക്കി.
ഭാര്യ തനിക്കെതിരെ നിരവധി വ്യാജ പരാതികൾ നൽകിയിട്ടുണ്ട്. 2014 മുതൽ പുരുഷന്മാരുടെ വാദം എവിടെയും കേട്ടിട്ടില്ല. പെൺകുട്ടികൾ എപ്പോഴും ശരിയല്ല. ഐപിസിയിലെ സെക്ഷൻ 498 എ ഭേദഗതി ചെയ്യണ്ടതിന്റെ ആവശ്യം വളരെ പ്രധാനമാണെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു.
അഞ്ച് വർഷം മുൻപായിരുന്നു രാഹുലിന്റെ വിവാഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. സംഭവത്തിൽ പ്രതികളെ ഉടൻ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Tags : UP Man Wife Cheating suicide police case