ന്യൂയോർക്ക്: ന്യൂയോർക്ക് ട്രൈ-സ്റ്റേറ്റ് മേഖലയിലെ പ്രമുഖ ബിസിനസ് പ്രഫഷണലും സംഗീതപ്രതിഭയുമായ തോമസ് ടി. സക്കറിയ (സുജിത് മൂലയിൽ) 2026-2028 കാലയളവിനുള്ള ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് ലീലാ മാരേട്ടിന്റെ "ടീം എംപവർ' പാനലിലൂടെ അംഗ സ്ഥാനാർഥിയായി മത്സരിക്കുന്നു.
പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയായ തോമസ്, പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരം നഗരത്തിൽ പൂർത്തിയാക്കിയ ശേഷം മാതാപിതാക്കളുടെ ജോലിയുമായി ബന്ധപ്പെട്ട് കുവൈറ്റിലേക്ക് താമസം മാറി.
1990ലെ ഗൾഫ് യുദ്ധത്തിന് ശേഷം കുടുംബം അമേരിക്കയിലേക്ക് കുടിയേറി, അവിടെ തുടർവിദ്യാഭ്യാസവും പ്രഫഷണൽ പരിശീലനവും നേടി. മൈക്രോസോഫ്റ്റ് സർട്ടിഫൈഡ് സിസ്റ്റംസ് എൻജിനിയർ (എംസിഎസ്ഇ), ഓഡിയോ എൻജിനിയർ യോഗ്യതകൾ നേടിയ അദ്ദേഹം, റിയൽ എസ്റ്റേറ്റ്, ട്രാൻസ്പോർട്ടേഷൻ സർവീസസ്, മ്യൂസിക് പ്രൊഡക്ഷൻ തുടങ്ങിയ മേഖലകളിൽ സംരംഭകനായി സജീവമാണ്.
സ്റ്റാർ ട്രാൻസ്പോർട്ടേഷൻ സർവീസ്, സ്വരസ്ഥാൻ പ്രൊഡക്ഷൻസ്, ന്യൂ മ്യൂസിക് പ്രൊഡക്ഷൻസ് ഇൻക്. എന്നിവയുടെ സ്ഥാപകനാണ്. കർണാടക സംഗീതത്തിൽ ശാസ്ത്രീയ പരിശീലനം നേടിയ ഗായകനായ തോമസ്, വിവിധ ഭാഷകളിൽ ഗാനാലാപനം നടത്തുകയും അമേരിക്കയിലും ഇന്ത്യയിലും സാംസ്കാരിക വേദികളിൽ സജീവ സാന്നിധ്യമാണ്.
സമൂഹസേവനത്തിലും താത്പര്യമുള്ള അദ്ദേഹം, ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജൻ 2025 കമ്മിറ്റിയുടെ ജോയിന്റ് ട്രഷറർ, ന്യൂയോർക്ക് മലയാളി അസോസിയേഷൻ കമ്മിറ്റി അംഗം (2025), കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് - ഓഡിറ്റർ (2026) എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ ലൈസൻസുള്ള ഫിനാൻഷ്യൽ സർവീസസ് പ്രഫഷണലായ തോമസ്, ഇൻഡക്സ് വെൽത്ത് സൊലൂഷൻസ് ഇൻക്. സ്ഥാപകനും വ്യക്തികളുടെയും കുടുംബങ്ങളുടെയും സാമ്പത്തിക ലക്ഷ്യങ്ങൾ സഫലമാക്കുന്നതിൽ പ്രതിബദ്ധനുമാണ്.
അനിയൻ മൂലയിലിന്റെയും ഡോ. തങ്കം മൂലയിലിന്റെയും മകനായ തോമസ്, മൂന്നു സഹോദരങ്ങളിൽ മൂത്തവനാണ്. സഹോദരൻ ബിസിനസുകാരനും സഹോദരി നഴ്സ് പ്രാക്ടീഷനറുമാണ്. ഭാര്യ ദേവികയോടും മകൾ അഞ്ജനയോടും ചേർന്ന് ന്യൂയോർക്കിലെ ഫ്ലോറൽ പാർക്കിലാണ് താമസം.
Tags : Thomas T Zachariah Fokana National Committee Election USA