ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റില്‍ അഭിഷേക് ശര്‍മയുടെ അതിവേഗ സെഞ്ചുറിയാവേശം. ബംഗാളിന് എതിരായ മത്സരത്തില്‍ പഞ്ചാബിനായി 32 പന്തില്‍ അഭിഷേക് ശര്‍മ സെഞ്ചുറി സ്വന്തമാക്കി.
ട്വന്റി-20 ക്രിക്കറ്റിലെ അതിവേഗത്തിലുള്ള സെഞ്ചുറികളില്‍ ആറാം സ്ഥാനവും അഭിഷേകിനു സ്വന്തം. 2024 സീസണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 28 പന്തില്‍ അഭിഷേക് ശര്‍മ സെഞ്ചുറി നേടിയിരുന്നു. അന്ന് ഗുജറാത്തിന്റെ ഉര്‍വില്‍ പട്ടേലും 28 പന്തില്‍ സെഞ്ചുറിയിലെത്തി.
12 പന്തില്‍ ഫിഫ്റ്റി
നേരിട്ട 12-ാം പന്തിലായിരുന്നു അഭിഷേക് ശര്‍മയുടെ അര്‍ധശതകം. ട്വന്റി-20 ക്രിക്കറ്റില്‍ അതിവേഗത്തിലുള്ള അര്‍ധസെഞ്ചുറിയില്‍ ലോകത്തില്‍ മൂന്നാം സ്ഥാനവും ഇന്ത്യക്കാരില്‍ രണ്ടാം സ്ഥാനവും അഭിഷേക് ഇതോടെ പങ്കിട്ടു. 2007ല്‍ ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിംഗും 12 പന്തില്‍ ഇംഗ്ലണ്ടിനെതിരേ അര്‍ധസെഞ്ചുറി നേടിയിരുന്നു. നേപ്പാളിന്റെ ദീപേന്ദ്ര സിംഗിന്റെ (9 പന്തില്‍) പേരിലാണ് റിക്കാര്‍ഡ്. റെയില്‍വേസിന്റെ അഷുതോഷ് ശര്‍മയ്ക്കാണ് (11 പന്ത്) പട്ടികയില്‍ രണ്ടാം സ്ഥാനം.
അഭിഷേക് 52 പന്തില്‍ 16 സിക്സും എട്ട് ഫോറും അടക്കം 148 റണ്‍സ് ബംഗാളിനെതിരേ നേടി. പ്രഭ്സിമ്രന് സിംഗും (35 പന്തില്‍ 70) തിളങ്ങി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 205 റണ്‍സ് നേടി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണിത്.
കേരളത്തിന്റെ സഞ്ജു സാംസണ്-രോഹന് കുന്നുമ്മല്‍ കുറിച്ച 177 റണ്‍സ് കൂട്ടുകെട്ടാണ് അഭിഷേക്-പ്രഭ്സിമ്രന് കൂട്ടുകെട്ട് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 310/5 എന്ന സ്കോര്‍ പടുത്തുയര്‍ത്തി. ബംഗാളിന്റെ മറുപടി 198/9ല്‍ അവസാനിച്ചു. പഞ്ചാബിന് 112 റണ്‍സ് ജയം.
Tags : Abhishek's excitement abhishek sharma ട്വന്റി-20 cricket syed mushtaq ali trophy