ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഡെക്ലാന് റൈസിന്റെ ഇരട്ടഗോളിലൂടെ ആഴ്സണല്‍ എഫ്സിയുടെ കുതിപ്പ്. അഞ്ച് ഗോള്‍ പിറന്ന ത്രില്ലര്‍ എവേ പോരാട്ടത്തില്‍ ആഴ്സണല്‍ 3-2ന് ബേണ്മത്തിനെയാണ് കീഴടക്കിയത്. 54, 71 മിനിറ്റുകളിലായിരുന്നു റൈസിന്റെ ഗോളുകള്‍.
10-ാം മിനിറ്റില്‍ എവാനില്സണിലൂടെ ആതിഥേയര്‍ ലീഡ് നേടി. ആഴ്സണല്‍ സെന്റര്‍ ബാക്കായ ഗബ്രിയേല്‍ മഗല്ഹേസിന്റെ പിഴവില്‍നിന്നായിരുന്നു ഗോളെത്തിയത്. എന്നാല്‍, ആറ് മിനിറ്റിന്റെ ഇടവേളില്‍ ഗണ്ണേഴ്സ് ഒപ്പമെത്തി. ഗബ്രിയേല്‍ മഗല്ഹേസിന്റെ (16) വകയായിരുന്നു സന്ദര്‍ശകരുടെ ഗോള്‍. റൈസിന്റെ ഇരട്ടഗോളിലൂടെ രണ്ടാം പകുതിയില്‍ ആഴ്സണല്‍ 3-1ന്റെ ലീഡിലേക്ക് കുതിച്ചു. 76-ാം മിനിറ്റില്‍ ജൂണിയര്‍ ക്രൂപ്പി ഒരു ഗോള്‍ മടക്കി ബേണ്‍മത്തിന്റെ തോല്‍വിഭാരം കുറച്ചെങ്കിലും മത്സരഫലത്തെ സ്വാധീനിക്കാനായില്ല.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവേ പോരാട്ടത്തില്‍ 1-1ന് ലീഡ്സ് യുണൈറ്റഡുമായി സമനിലയില്‍ പിരിഞ്ഞു. ബ്രെണ്ടന്‍ ആരോണ്‍സണ്‍ (62) ലീഡ്സിനായും മാത്യൂസ് കുന്‍ഹ (65) മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായും ഗോള്‍ നേടി.
ലീഗില്‍ 20 മത്സരങ്ങളില്‍നിന്ന് 48 പോയിന്റുമായി ആഴ്സണല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 42 പോയിന്റുള്ള ആസ്റ്റണ്‍ വില്ലയാണ് രണ്ടാമത്. 31 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. 19 മത്സരങ്ങളില്‍നിന്ന് 41 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി മൂന്നാം സ്ഥാനത്തുണ്ട്. 20-ാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ എതിരാളി ചെല്‍സിയാണ്.
Tags : Arsenal defeat Burnley