പെർത്ത്: മിച്ചൽ സ്റ്റാർക്കിന്‍റെ തീപാറുന്ന പന്തുകൾക്ക് ബെൻ സ്റ്റോക്സിലൂടെ മറുപടി നല്കി ഇംഗ്ലണ്ട്. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനു പിന്നാലെ ഓസീസിനും ബാറ്റിംഗ് തകർച്ച. ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിംഗ്സ് സ്കോറായ 172 റൺസ് പിന്തുടർന്ന് ബാറ്റിംഗ് തുടരുന്ന ആതിഥേയർ ഒന്നാം ദിനം കളിയവസാനിക്കുമ്പോൾ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 123 റൺസെന്ന നിലയിലാണ്.
മൂന്നു റൺസുമായി നഥാൻ ലയണും റണ്ണൊന്നുമെടുക്കാതെ ബ്രണ്ടൻ ഡോഗറ്റുമാണ് ക്രീസിൽ. 26 റൺസെടുത്ത അലക്സ് കാരിയാണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. കൂടാതെ, നായകൻ സ്റ്റീവ് സ്മിത്ത് (17), ട്രാവിസ് ഹെഡ് (21), കാമറോൺ ഗ്രീൻ (24), മിച്ചൽ സ്റ്റാർക്ക് (12) എന്നിവർക്കു മാത്രമേ രണ്ടക്കമെങ്കിലും കടക്കാനായുള്ളൂ.
അതേസമയം, ജെയ്ക് വെതറാൾഡ് (പൂജ്യം), മാർനസ് ലബുഷെയ്ൻ (ഒമ്പത്), ഉസ്മാൻ ഖവാജ (രണ്ട്), സ്കോട്ട് ബോളണ്ട് (പൂജ്യം) എന്നിവർ വൻപരാജയമായി.
ഇംഗ്ലണ്ടിനു വേണ്ടി ബെൻ സ്റ്റോക്സ് 23 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, ബ്രൈഡൻ കഴ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ 58 റൺസ് മാത്രം വഴങ്ങി ഏഴുവിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് തകർത്തത്. 32.5 ഓവറിൽ 172 റൺസിന് എല്ലാവരും പുറത്തായി.
അർധസെഞ്ചുറി നേടിയ ഹാരി ബ്രൂക്ക് (52), ഒല്ലി പോപ്പ് (46), ജാമി സ്മിത്ത് (33), ബെൻ ഡക്കറ്റ് (21) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. സാക് ക്രൗളി (പൂജ്യം), ജോ റൂട്ട് (പൂജ്യം), നായകൻ ബെൻ സ്റ്റോക്സ് (ആറ്), ഗസ് അറ്റ്കിൻസൺ (ഒന്ന്), ബ്രൈഡൺ കഴ്സ് (ആറ്), മാർക്ക് വുഡ് (പൂജ്യം) എന്നിവർ നിരാശപ്പെടുത്തി.
ഓസീസിനുവേണ്ടി പുതുമുഖതാരം ബ്രണ്ടൻ ഡോഗറ്റ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ കാമറോൺ ഗ്രീൻ ഒരു വിക്കറ്റ് വീഴ്ത്തി.
Tags : Ashes Test Series Australia England