പെര്‍ത്ത്: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ 205 റൺസ്. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 164 റൺസിന് സന്ദർശകർ പുറത്തായി. ഒന്നാമിന്നിംഗ്സിലെ ലീഡ് കൂടി ചേർത്താണ് ഓസീസിനു മുന്നിൽ 205 റൺസ് വിജയലക്ഷ്യം വച്ചത്.
രണ്ടാമിന്നിംഗ്സിലും ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ചയെ നേരിടുകയായിരുന്നു. 37 റൺസെടുത്ത ഗസ് അറ്റ്കിൻസൺ ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ 33 റൺസെടുത്ത ഒല്ലി പോപ്പ്, 28 റൺസെടുത്ത ബെൻ ഡക്കറ്റ്, 15 റൺസെടുത്ത ജാമി സ്മിത്ത്, 20 റൺസെടുത്ത ബ്രൈഡൺ കഴ്സ് എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
സാക് ക്രോളി (പൂജ്യം), ജോ റൂട്ട് (എട്ട്), ഹാരി ബ്രൂക്ക് (പൂജ്യം), നായകൻ ബെൻ സ്റ്റോക്സ് (രണ്ട്) എന്നിവർ വീണ്ടും നിരാശപ്പെടുത്തി.
ഓസീസിനു വേണ്ടി സ്കോട്ട് ബോളണ്ട് 33 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ മിച്ചൽ സ്റ്റാർക്കും ബ്രണ്ടൻ ഡോഗറ്റും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിംഗ്സ് സ്കോറായ 172 റൺസിനെതിരേ ഓസ്ട്രേലിയ 132 റണ്‍സിന് പുറത്തായിരുന്നു. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് 23 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. ബ്രൈഡൺ കഴ്സ് മൂന്നും ജോഫ്ര ആര്‍ച്ചര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.
Tags : Ashes Test Series Australia England