ബോഡോ/ബാക്കു: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നോര്‍വീജിയന്‍ ക്ലബ്ബായ ബോഡോ ഗ്ലിംന്റ് മിന്നല്‍ പ്രകടനം തുടരുന്നു. പ്രീക്വാര്‍ട്ടര്‍ യോഗ്യതയ്ക്കായുള്ള ആദ്യപാദ പ്ലേഓഫില്‍ ഗ്ലിംന്റ് നിലവിലെ ഫൈനലിസ്റ്റുകളായ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനെ വീഴ്ത്തി.
ഹോം ഗ്രൗണ്ടില്‍ അരങ്ങേറിയ മത്സരത്തില്‍ 3-1നായിരുന്നു ഗ്ലിന്റിന്റെ ജയം. സോന്ദ്രെ ബ്രണ്‍സ്റ്റാഡ് ഫെറ്റ് (20), ജെന്‍സ് പീറ്റര്‍ ഹ്യൂജ് (61), കാസ്പര്‍ ഹോഗ് (64) എന്നിവരായിരുന്നു ഗ്ലിംന്റിനായി വലകുലുക്കിയത്. പിയൊ എസ്പോസിറ്റോയുടെ (30) വകയായിരുന്നു ഇന്റര്‍ മിലാന്റെ ഏക ഗോള്‍.
യുവേഫ ചാമ്പ്യന്‍സ് ലീഗ് 2025-26 സീസണില്‍ വമ്പന്‍ ക്ലബ്ബുകള്‍ക്കെതിരേ ബോഡോ ഗ്ലിംന്റ് നേടുന്ന തുടര്‍ച്ചയായ മൂന്നാം ജയമാണ്. ജനുവരി 20ന് ഹോം ഗ്രൗണ്ടില്‍വച്ച് ഇംഗ്ലീഷ് ഗ്ലമാര്‍ ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയെയും (3-1) 29ന് എവേ പോരാട്ടത്തില്‍ സ്പാനിഷ് കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെയും (2-1) ഗ്ലിംന്റ് കീഴടക്കിയിരുന്നു.
ന്യൂകാസില്‍, അത്ലറ്റിക്കോ
ആന്റണി ഗോര്‍ഡന്‍ നാലു ഗോള്‍ സ്വന്തമാക്കിയ മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ്ബായ ന്യൂകാസില്‍ യുണൈറ്റഡ് 6-1ന് അസര്ബൈജാന് സംഘമായ ഖാരബാഗിനെ തകര്‍ത്തെറിഞ്ഞു. മൂന്ന്, 32 (പെനാല്‍റ്റി), 33, 45+1 (പെനാല്‍റ്റി) മിനിറ്റുകളിലായിരുന്നു ഗോര്‍ഡന്റെ ഗോളുകള്‍. മാലിക് തിയാവ് (8), ജേക്കബ് മര്‍ഫി (72) എന്നിവരും ന്യൂകാസിലിനായി ലക്ഷ്യംകണ്ടു.
അതേസമയം, ബെല്‍ജിയത്തില്‍നിന്നുള്ള ക്ലബ് ബ്രൂഗുമായി അത്ലറ്റിക്കോ മാഡ്രിഡ് 3-3നു സമനിലയില്‍ പിരിഞ്ഞു. ബ്രൂഗിന്റെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം. ജൂലിയന്‍ ആല്‍വരസ് (8 പെനാല്‍റ്റി), അഡെമോള ലുക്ക്മാന്‍ (45+4) എന്നിവരായിരുന്നു അത്ലറ്റിക്കോയുടെ ഗോള്‍ നേട്ടക്കാര്‍. ഒരു ഗോള്‍ സെല്ഫിലൂടെയും എത്തി. 89-ാം മിനിറ്റിലായിരുന്നു ബ്രൂഗിന്റെ സമനില ഗോള്‍.
ജര്‍മന്‍ ക്ലബ്ബായ ബയേര്‍ ലെവര്കൂസെന് എവേ പോരാട്ടത്തില്‍ 2-0നു ഗ്രീസില്‍നിന്നുള്ള ഒളിമ്പ്യാകസിനെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം പാട്രിക് ഷിക്ക് (60, 63) മൂന്നു മിനിറ്റിനിടെ രണ്ടു തവണ വലകുലുക്കിയാണ് ലെവര്‍കൂസെനെ ജയത്തിലെത്തിച്ചത്.
Tags : Inter Milan UEFA Champions League Norwegian club Italian club Glimts