ലിസ്ബൺ: സിആര്‍7 എന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കുറിച്ച് എന്തെല്ലാമറിയാം...? പ്രഫഷണല്‍ കരിയറില്‍ 1295 മത്സരം, 952 ഗോള്‍, 259 അസിസ്റ്റ്. രാജ്യാന്തര ഫുട്ബോളില്‍ 225 മത്സരം, 143 ഗോള്‍, 37 അസിസ്റ്റ്. കരിയറില്‍ 1000 ഗോളെന്ന ചരിത്രനിമിഷത്തിലേക്ക് 48 ഗോളിന്റെ അകലം. ലോക ഫുട്ബോളറിനുള്ള ബലോണ്‍ ദോര്‍ പുരസ്കാരം അഞ്ച് തവണ. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സുള്ള കായികതാരം.
സ്പോര്‍ട്ടിംഗ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് ടീമുകളില്‍ കളിച്ചു. നിലവില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിക്കുവേണ്ടി 213 മില്യണ്‍ ഡോളര്‍ പ്രതിഫലത്തില്‍ കളിക്കുന്നു... ഏതൊരു ക്രിസ്റ്റ്യാനോ ആരാധകനോട് ചോദിച്ചാലും ഇങ്ങനെ മണിമണിപോലെ ഉത്തരം ലഭിക്കും. എന്നാല്‍, ചോദ്യം അതല്ല; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്ബോളറിന്റെ ബിസിനസ് ലോകത്തെക്കുറിച്ച് എന്തറിയാം...?
സിആര്‍ 7 എന്ന ബ്രാന്‍ഡ്
ഏഴാം നമ്പര്‍ ജഴ്സി അണിയുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആരാധകര്‍ സിആര്‍7 എന്നു വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നാല്‍, സിആര്‍7 എന്നത് വ്യവസായ ലോകത്തിലെ ഏറ്റവും ഗ്ലാമര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ്. സിആര്‍7 എന്ന ബ്രാന്‍ഡില്‍ അണ്ടയര് വെയര്‍, പെര്‍ഫ്യൂം, ഹോട്ടല്‍, ജിം, സ്പ, ടെക്നോളജി എന്നിങ്ങനെ റിയല്‍ എസ്റ്റേറ്റ് വരെ നീളുന്ന വന്‍ ബിസിനസ് സാമ്രാജ്യമാണുള്ളത്. 1.2 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 10,645 കോടി രൂപ) ആസ്തിയാണ് റൊണാള്‍ഡോയ്ക്കുള്ളത്.
നിരവധി ആഡംബര വാഹനങ്ങളും പ്രൈവറ്റ് ജെറ്റുമെല്ലാം ഇതിനു പുറമേയുണ്ട്. സിആര്‍7 അണ്ടര്‍ വെയറിലൂടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബിസിനസ് സംരംഭം ആരംഭിക്കുന്നത്. തുടര്‍ന്ന് സിആര്‍7 ഐവെയര്‍, സിആര്‍7 ഫുട്ട് വെയര്‍, സിആര്‍7 ഫ്രാഗ്രന്‍സ് എന്നിങ്ങനെ ലൈഫ് സ്റ്റൈല്‍ മാത്രമായി നിരവധി ഉത്പന്നങ്ങള്‍ റൊണാള്‍ഡോയുടെ കൈയ്യൊപ്പോടുകൂടി മാര്‍ക്കറ്റിലിറക്കി. സിആര്‍7 പെര്‍ഫ്യൂംസ് 2017ലാണ് പുറത്തിറക്കിയത്. നിലവില്‍ ഇന്ത്യ അടക്കം 40 രാജ്യങ്ങളില്‍ ഓണ്‍ലൈനായി സിആര്‍7 ലൈഫ് സ്റ്റൈല്‍ ഉത്പന്നങ്ങള്‍ ലഭ്യമാണ്.
2017ലാണ് ഹോട്ടല്‍ വ്യവസായ രംഗത്തേക്കും സിആര്‍7 എത്തുന്നത്. പോര്‍ച്ചുഗീസ് ഹോട്ടല്‍ ഗ്രൂപ്പായ പെസ്റ്റാനയ്ക്കൊപ്പം ചേര്‍ന്നായിരുന്നു ആ നീക്കം. പെസ്റ്റാന സിആര്‍7 എന്നാണ് ബ്രാന്‍ഡ് നിലവില്‍ അറിയപ്പെടുന്നത്. ന്യൂയോര്‍ക്കിലെ ടൈസ് സ്ക്വയര്‍, മാഡ്രിഡ് എന്നിവിടങ്ങളിലായിരുന്നു ആദ്യ ഹോട്ടലുകള്‍ തുറന്നതെന്നതും ശ്രദ്ധേയം.
ടെക് ബ്രാന്‍ഡായ ലെജെന്‍ഡ്, തലമുടി ട്രാന്‍സ്പ്ലാന്റ് ചെയ്യുന്ന ക്ലിനിക്കായ ഇന്സ്പര്യ, സ്പെയിനിലും പോര്‍ച്ചുഗലിലും സിആര്‍7 ഫിറ്റ്നസ് എന്നപേരില്‍ നിരവധി ജിംനേഷ്യം, റിയല്‍ എസ്റ്റേറ്റ്, 2024ല്‍ ഉര്‍സു9 എന്ന പേരില്‍ ആല്‍ക്കലൈന്‍ മിനറല്‍ വാട്ടര്‍ കമ്പനി, ക്രോണോ24 എന്ന ആഡംബര വാച്ച് കമ്പനിയെ ഏറ്റെടുക്കല്‍... എന്നിങ്ങനെ നീളുന്നു സിആര്‍7 ബിസിനസ് സാമ്രാജ്യം.
ഇതിനെല്ലാം പുറമേ നൈക്ക്, ഹെര്‍ബലൈഫ്, ഡാസന്, ക്ലിയര്‍ ഷാംപൂ, അമേരിക്കന്‍ ടൂറിസ്റ്റര്‍, ലൈവ്സ്കോര്, ലൂയിസ് വ്യൂട്ടന്, ജേക്കബ് ആന്‍ഡ് കോ, സുജുജിപി, യുഎഫ്എല്‍, എംടിജി തുടങ്ങിയ ബ്രാന്‍ഡുകളുമായി കരാറുകളും റൊണാള്‍ഡോയ്ക്കുണ്ട്.
Tags : Christiano Ronaldo CR7 Business Brand