വില്ലെംസ്റ്റാഡ് (കുറസാവോ): ലോക ഭൂപടത്തില്‍ ഇന്ത്യയെ കണ്ടെത്തുക എളുപ്പം. എന്നാല്‍, കുറസാവോ, കേപ് വെര്‍ഡെ എന്നിവയെ കണ്ടെത്തുക വിഷമകരം. ലോക ഭൂപടത്തില്‍ കടുകുമണിയോളം പോലുമില്ലാത്ത കുറസാവോയും കേപ് വെര്‍ഡെയും 2026 ഫിഫ ലോകകപ്പ് ഫുട്ബോള്‍ കളിക്കും.
ലോക ജനസംഖ്യയില്‍ ഒന്നാമതുള്ള ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകര്‍ ലോകകപ്പ് കണ്ടാസ്വദിക്കും..! എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതപോലും ഇന്ത്യക്കില്ല. ഓസ്ട്രേലിയക്കാരനായ റയാന് വില്യംസനെ ഏഷ്യന്‍ കപ്പില്‍ കളിപ്പിക്കാനുള്ള ശ്രമംപോലും പരാജയപ്പെട്ട ദയനീയാവസ്ഥയിലാണ് ഇന്ത്യന്‍ ഫുട്ബോള്‍.
നോര്‍ത്ത്, സെന്‍ട്രല്‍ അമേരിക്ക, കരീബിയന്‍ എന്നിവ ഉള്‍ക്കൊള്ളുന്ന കോണ്‍കാകാഫ് യോഗ്യതാ ഫൈനല്‍ റൗണ്ടിലെ ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് ചരിത്രത്തിലാദ്യമായി കുറസാവോ ഫിഫ ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയത്. ലോകകപ്പ് യോഗ്യത നേടുന്ന ഏറ്റവും കുഞ്ഞന്‍ രാജ്യമായി കുറസാവോ. 2018 ലോകകപ്പ് കളിച്ചപ്പോള്‍ ഐസ്ലന്ഡ് കുറിച്ച റിക്കാര്‍ഡാണ് കുറസാവോ തിരുത്തിയത്.
കഴിഞ്ഞമാസം 13നായിരുന്നു ഫിഫ ലോകകപ്പ് യോഗ്യത നേടുന്ന ഏറ്റവും ചെറിയ (ജനസംഖ്യയുടെ അടിസ്ഥാനത്തില്‍) രണ്ടാമത്തെ രാജ്യമെന്ന നേട്ടം കേപ് വെര്‍ഡെ കരസ്ഥമാക്കിയത്.
3 ജയം, 3 സമനില
ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ ജമൈക്കയെ ഗോള്‍രഹിത സമനിലയില്‍ തളച്ചായിരുന്നു കുറസാവോയുടെ ഈ ചരിത്ര നേട്ടം. ഫൈനല്‍ യോഗ്യതാ റൗണ്ടിലെ ആറ് മത്സരങ്ങളില്‍ മൂന്നു ജയവും മൂന്നു സമനിലയുമായി 12 പോയിന്റാണ് കുറസാവോ നേടിയത്. ജമൈക്കയ്ക്ക് 11 പോയിന്റ്.
No 2; പാനമ, ഹെയ്തി
കോണ്കാകാഫില്നിന്ന് കുറസാവോയ്ക്കൊപ്പം പാനമയും ഹെയ്തിയും ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കി. ഗ്രൂപ്പ് എ ചാമ്പ്യന്മാരായാണ് പാനമയുടെ വരവ്. ഗ്രൂപ്പ് സി ചാമ്പ്യനാണ് ഹെയ്തി. ഇരു രാജ്യങ്ങളും ചരിത്രത്തില്‍ ഇതു രണ്ടാം തവണയാണ് ലോകകപ്പ് കളിക്കുക. നീണ്ട 52 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഹെയ്തി ലോകകപ്പ് കളിക്കുക എന്നതും ശ്രദ്ധേയം. 1974 ജര്‍മന്‍ ലോകകപ്പിലായിരുന്നു ഹെയ്തി ആദ്യമായി കളിച്ചത്. പാനമ ആദ്യമായും അവസാനമായും കളിച്ചത് 2018 റഷ്യന്‍ ലോകകപ്പില്‍.
കോച്ചിനും റിക്കാര്‍ഡ്
ഫിഫ ലോകകപ്പ് ഫുട്ബോളിലെ ഏറ്റവും പ്രായമുള്ള കോച്ച് എന്ന റിക്കാര്ഡിലേക്കാണ് കുറസാവോയുടെ മാനേജൻ ഡിക്ക് അഡ്വക്കറ്റിന്റെ (78) യാത്ര. 2010 ലോകകപ്പില്‍ ഗ്രീസിന്റെ മാനേജരായിരുന്ന ഒട്ടോ റെഹാഗലിന്റെ പേരിലാണ് റിക്കാര്‍ഡ്. അന്ന് ഗ്രീസിനെ പരിശീലിപ്പിക്കുമ്പോള്‍ ജര്‍മന്‍കാരനായ റെഹാഗലിന് പ്രായം 71 വര്‍ഷവും 317 ദിനവുമായിരുന്നു.
2010ല്‍ ജനനം; 1.56 ലക്ഷം ജനങ്ങള്‍
നെതര്‍ലന്‍ഡ്സിന്റെ നിയന്ത്രണത്തിലായിരുന്ന, ഇപ്പോഴും നെതര്‍ലന്‍ഡ്സ് കിംഗ്ഡത്തിനു കീഴിലുള്ള കുറസാവോ രാജ്യമായി പ്രഖ്യാപിക്കപ്പെട്ടത് 2010 ഒക്ടോബര്‍ 10ന്. രാജ്യമെന്ന നിലയില്‍ വെറും 15 വയസ്. ജനസംഖ്യ 1.56 ലക്ഷം മാത്രം. ജനസംഖ്യയിലെ 73ശതമാനവും റോമന്‍ ക്രൈസ്തവര്‍.
ആലപ്പുഴയുടെ മൂന്നിലൊന്ന്
കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയായ ആലപ്പുഴയേക്കാള്‍ വിസ്തൃതിയിൽ മൂന്നിലൊന്നു ചെറുതാണ് കുറസാവോ. 1414 സ്ക്വയര്‍ കിലോമീറ്ററാണ് ആലപ്പുഴയുടെ വിസ്തൃതി. കുറസോവോയുടേത് 444 സ്ക്വയര്‍ കിലോമീറ്റർ.
സെവിയ്യ: യൂറോപ്യന്‍ കരുത്തന്മാരായ സ്പെയിന്, ബെല്‍ജിയം, സ്വിറ്റ്സര്‍ലന്‍ഡ് ടീമുകള്‍ യോഗ്യതാ റൗണ്ടിന്റെ അവസാനദിനം ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ യോഗ്യത സ്വന്തമാക്കി. ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ തുര്‍ക്കിയുമായി 2-2 സമനില സ്വന്തമാക്കിയാണ് സ്പെയിന് ലോകകപ്പ് ടിക്കറ്റെടുത്തത്. ഡാനി ഓള്‍മോ (4), ഒയര്‍സബാല്‍ (62) എന്നിവരായിരുന്നു സ്പെയിനിന്റെ ഗോള്‍ നേട്ടക്കാര്‍. ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാരായ തുര്‍ക്കി പ്ലേ ഓഫ് കളിക്കും.
ഗ്രൂപ്പ് ജെയിലെ അവസാന മത്സരത്തില്‍ 7-0ന് ലിചെന്സ്റ്റൈനെ തകര്‍ത്തായിരുന്നു ബെല്‍ജിയത്തിന്റെ ലോകകപ്പ് പ്രവേശം. ബെല്‍ജിയം 15-ാം തവണയും സ്പെയിന് 17-ാം പ്രാവശ്യവുമാണ് ലോകകപ്പ് കളിക്കുക. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ കൊസൊവോയുമായി 1-1 സമനില പിടിച്ച് സ്വിറ്റ്സര്‍ലന്‍ഡും ലോകകപ്പ് ടിക്കറ്റെടുത്തു. 14 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായ സ്വിറ്റ്സര്‍ലന്‍ഡിനു പിന്നില്‍ 11 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായ കൊസൊവോ പ്ലേ ഓഫ് കളിക്കും.
27: ഓസ്ട്രിയ, സ്കോട്ട്
നീണ്ട 27 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഓസ്ട്രിയയും സ്കോട്ലന്ഡും ലോകകപ്പ് യോഗ്യത നേടി. ഇരു രാജ്യങ്ങളും 1998 ലോകകപ്പിലായിരുന്നു അവസാനം കളിച്ചത്. യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് സി ചാമ്പ്യന്മാരായാണ് സ്കോട്ട്ലന്‍ഡിന്റെ വരവ്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അവര്‍ 4-2ന് ഡെന്മാര്ക്കിനെ കീഴടക്കിയാണ് യോഗ്യത സ്വന്തമാക്കിയത്.
ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായാണ് ഓസ്ട്രിയ ലോകകപ്പിനെത്തുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഓസ്ട്രിയയും ബോസ്നിയയും 1-1 സമനിലയില്‍ പിരിഞ്ഞു.
ഫിഫ ലോകകപ്പില്‍ ആദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്ന എഡിഷനാണ് 2026. യോഗ്യതാ റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ആതിഥേയരടക്കം 42 ടീമുകള്‍ 2026 ലോകകപ്പ് യോഗ്യത സ്വന്തമാക്കി. ശേഷിക്കുന്നത് ആറ് സ്ലോട്ടുകള്‍. യൂറോപ്യന്‍ പ്ലേ ഓഫിലൂടെ നാലും ഇന്റര്‍ കോണ്‍ഫെഡറേഷന്‍ പ്ലേ ഓഫിലൂടെ രണ്ടു ടീമുകള്‍ക്കുമാണ് ഇനി സ്ലോട്ടുള്ളത്. യൂറോപ്യന്‍ പ്ലേ ഓഫില്‍ ഇറ്റലി, ഡെന്മാര്ക്ക്, തുര്‍ക്കി അടക്കം 16 ടീമുകള്‍ മാറ്റുരയ്ക്കും. ഇന്റര്‍ കോണ്‍ഫെഡറേഷന്‍ പ്ലേ ഓഫില്‍ ബൊളീവിയ, ഇറാക്ക്, ജമൈക്ക അടക്കം ആറ് ടീമുകളാണുള്ളത്.
യോഗ്യത നേടിയ ടീമുകള്‍ (യോഗ്യത നേടിയ ക്രമമനുസരിച്ച്):
അമേരിക്ക, കാനഡ, മെക്സിക്കോ (മൂന്നും ആതിഥേയര്‍), ജപ്പാന്, ന്യൂസിലന്‍ഡ്, ഇറാന്, അര്‍ജന്റീന, ഉസ്ബക്കിസ്ഥാന്, ദക്ഷിണകൊറിയ, ജോര്‍ദാന്‍, ഓസ്ട്രേലിയ, ബ്രസീല്‍, ഇക്വഡോര്‍, ഉറുഗ്വെ, കൊളംബിയ, പരാഗ്വെ, മൊറോക്കോ, ടുണീഷ്യ, ഈജിപ്ത്, അള്‍ജീരിയ, ഘാന, കേപ് വെര്‍ഡെ, ദക്ഷിണാഫ്രിക്ക, ഖത്തര്‍, ഇംഗ്ലണ്ട്, സൗദി അറേബ്യ, ഐവറികോസ്റ്റ്, സെനഗല്‍, ഫ്രാന്‍സ്, ക്രൊയേഷ്യ, പോര്‍ച്ചുഗല്‍, നോര്‍വെ, ജര്‍മനി, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, സ്പെയിന്, സ്കോട്ലന്ഡ്, പാനമ, ഹെയ്തി, കുറസാവോ.
Tags : 2026 FIFA World Cup Curacao Food ball