ന്യൂഡല്‍ഹി: 2026 വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) ട്വന്റി-20 ക്രിക്കറ്റ് താരലേലത്തില്‍ ഏറ്റവും വിലയേറിയ താരമായത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ.
ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ ടൂര്‍ണമെന്റിന്റെ താരമായ ദീപ്തിയെ, 3.20 കോടി രൂപയ്ക്ക് യുപി വാരിയേഴ്സാണ് സ്വന്തമാക്കിയത്. 50 ലക്ഷമായിരുന്നു ദീപ്തിയുടെ അടിസ്ഥാന വില.
ഡബ്ല്യുപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത് ഇന്ത്യക്കാരിയായി ദീപ്തി. 3.40 കോടി രൂപയ്ക്ക് സ്മൃതി മന്ദാനയെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു പ്രഥമ ലേലത്തില്‍ സ്വന്തമാക്കിയതാണ് റിക്കാര്‍ഡ്.
അമേലിയ, ശിഖ
2026 സീസണ് ലേലത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത് താരം ന്യൂസിലന്‍ഡുകാരിയായ അമേലിയ കെര്‍ ആണ്. മൂന്ന് കോടി രൂപയ്ക്കാണ് അമേലിയയെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്.
ഇന്ത്യന്‍ താരം ശിഖ പാണ്ഡെയാണ് ലേലത്തില്‍ തരംഗമായ മറ്റൊരു കളിക്കാരി. 40 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന ശിഖ പാണ്ഡെയെ 2.40 കോടി രൂപയ്ക്ക് യുപി വാരിയേഴ്സ് സ്വന്തമാക്കി. അടിസ്ഥാന വിലയുടെ ആറ് മടങ്ങാണ് അമേലിയയ്ക്കും ശിഖയ്ക്കും ലഭിച്ചത്.
ഡിവൈന്‍, ചരണി
ന്യൂസിലന്‍ഡിന്റെ സോഫി ഡിവൈന്‍ (2 കോടി), ഓസ്ട്രേലിയക്കാരി മെഗ് ലാന്നിംഗ് (1.90 കോടി), വെസ്റ്റ് ഇന്‍ഡീസിന്റെ ചിനെല്ലെ ഹെന് റി (1.30 കോടി), ഇന്ത്യന്‍ താരം ശ്രീ ചരണി (1.30 കോടി) എന്നിവരാണ് ഇന്നലെ ലേലത്തില്‍ ഏറ്റവും കൂടുതല്‍ വില ലഭിച്ച മറ്റു കളിക്കാര്‍. ശ്രീ ചരണിയുടെ അടിസ്ഥാന വില 30 ലക്ഷമായിരുന്നു. ചിനെല്ല, ശ്രീ ചരണി എന്നിവരെ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് സ്വന്തമാക്കിയത്. മെഗ് ലാന്നിംഗിനെ യുപി വാരിയേഴ്സും സോഫി ഡിവൈനെ ഗുജറാത്തും ലേലത്തിലെടുത്തു.
ആശയ്ക്ക് `1.10 കോടി
വനിതാ പ്രീമിയര്‍ ലീഗ് 2026 ലേലത്തിലെ വിലയേറിയ മലയാളിതാരമായത് തിരുവനന്തപുരം സ്വദേശിയായ ആശ ശോഭന. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ താരമായിരുന്ന ആശയെ 1.10 കോടി രൂപയ്ക്ക് യുപി വാരിയേഴ്സ് സ്വന്തമാക്കി. 30 ലക്ഷം മാത്രമായിരുന്നു ആശയുടെ അടിസ്ഥാന വില.
സജന 75 ലക്ഷം, മിന്നു 40
മറ്റൊരു മലയാളി താരമായ എസ്. സജനയെ 75 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് തിരിച്ചുവിളിച്ചെടുത്തു. 30 ലക്ഷം രൂപയായിരുന്നു ഈ വയനാട് സ്വദേശിയുടെ അടിസ്ഥാന വില. അതേസമയം, മറ്റൊരു മലയാളിയായ മിന്നു മണിയെ ആദ്യ റൗണ്ട് ലേലത്തില്‍ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ തയാറായില്ല. ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരമായിരുന്ന മിന്നുവിന്റെ അടിസ്ഥാന വില 40 ലക്ഷം രൂപയായിരുന്നു. രണ്ടാം റൗണ്ടില്‍ 40 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ഈ വയനാടുകാരിയെ സ്വന്തമാക്കി.
ഓസ്ട്രേലിയന്‍ താരങ്ങളായ അലിസ ഹീലി, ഗ്രേസ് ഹാരിസ്, കിം ഗാര്‍ത്, ഹീതര്‍ ഗ്രഹാം തുടങ്ങിയവരെയും ഫ്രാഞ്ചൈസികള്‍ ആദ്യഘട്ടത്തില്‍ സ്വന്തമാക്കിയില്ല.
Tags : Deepti Sharma Women's Premier League Women's Premier League auction