തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷനി(കെസിഎ)ൽ ഇനി മുതൽ വിരമിച്ച പുരുഷ, വനിതാ താരങ്ങൾ, അന്പയർമാർ, സ്കോറർമാർ, ക്യുറേറ്റർമാർ എന്നിവർക്കും അസോസിയേഷൻ അംഗത്വം ലഭ്യമാക്കും.
ഇതുവരെ വിരമിച്ച അന്താരാഷ്ട്ര താരങ്ങൾക്കും 14 ജില്ലാ അസോസിയേഷനുകൾക്കും മാത്രമായിരുന്നു അംഗത്വം ലഭ്യമാക്കിയിരുന്നത്. ഇതുൾപ്പെടെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നിയമാവലിയിൽ പ്രധാനപ്പെട്ട ഭേദഗതികൾ വരുത്തി.
പുതിയ ഭേദഗതി നിലവിൽ വന്നതോടെ കേരള ക്രിക്കറ്റിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിച്ച വ്യക്തികൾക്കും അസോസിയേഷനിൽ വ്യക്തിഗത അംഗത്വം നൽകാൻ സാധിക്കും.
ക്രിക്കറ്റ് സമിതികളിലേക്കും സെലക്ഷൻ കമ്മിറ്റികളിലേക്കുമുള്ള മുൻ താരങ്ങളുടെ യോഗ്യതയിൽ വരുത്തിയ ഇളവാണു മറ്റൊരു പ്രധാന ഭേദഗതി. മുൻപ് 25 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചവർക്ക് മാത്രം ലഭിച്ചിരുന്ന ഈ പദവികൾ ഇനി മുതൽ രഞ്ജി ട്രോഫി കളിച്ച എല്ലാ മുൻ താരങ്ങൾക്കും പ്രാപ്യമാകുമെന്നു കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ, സെക്രട്ടറി വിനോദ് എസ്. കുമാർ എന്നിവർ അറിയിച്ചു.
Tags : KCA umpires membership