ന്യൂഡൽഹി: അർജന്റീന ഇതിഹാസ താരം ലയണൽ മെസിയുടെ ഗോട്ട് ഇന്ത്യ ടൂർ ഡൽഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്നലെ അവസാനിച്ചു. ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന കായികതാരങ്ങളിൽ ഒരാൾക്ക് ആതിഥേയത്വം വഹിച്ച നഗരത്തിലെ സ്റ്റേഡിയം കാണികളെക്കൊണ്ട് നിറഞ്ഞിരുന്നു.
25,000ഓളം ആരാധകർ പ്രിയ താരത്തെ നേരിട്ട് കാണാൻ സ്റ്റേഡിയത്തിലെത്തി. ഇന്ത്യൻ സെലിബ്രിറ്റികളുടെയും വിശിഷ്ട വ്യക്തികളുടെയും സംഘവും മെസിയുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള മെസിയുടെ കൂടിക്കാഴ്ച റദ്ദാക്കിയിരുന്നു. പ്രധാനമന്ത്രി തിങ്കളാഴ്ച ജോർദാൻ സന്ദർശനത്തിനായി പുറപ്പെട്ടതിനാലാണ് കൂടിക്കാഴ്ച റദ്ദാക്കിയത്.
സന്ദർശനത്തിന്റെ അവസാന ദിനമായ ഇന്നലെ മെസി ഡൽഹിയിലെത്തിയത് നിശ്ചയിച്ചതിലും മൂന്നു മണിക്കൂറോളം വൈകിയാണ്. ഡൽഹിയിലെ മൂടൽമഞ്ഞു കാരണമാണ് മെസിയുടെയും സംഘത്തിന്റെയും യാത്ര വൈകിയത്.
അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ 30 മിനിറ്റ് നീണ്ടുനിന്ന പരിപാടിയുടെ അവസാനം ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഐസിസി ചെയർമാൻ ജയ് ഷാ, ഡിഡിസിഎ പ്രസിഡന്റ് റോഹൻ ജയ്റ്റ്ലി, മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ബൈച്ചുംഗ്് ബൂട്ടിയ എന്നിവർ അദ്ദേഹത്തോടൊപ്പം സമയം ചെലവഴിച്ചു. ട്വന്റി20 ലോകകപ്പ് മത്സരം കാണാനുള്ള ടിക്കറ്റും ഇന്ത്യൻ ടീമിന്റെ ജഴ്സിയും ജയ് ഷാ മെസിക്ക് നൽകി.
ഇന്ത്യൻ ആരാധകരുടെ സ്നേഹത്തിനും കരുതലിനും താരം നന്ദി പറഞ്ഞു. “ഇത്രയും ദിവസങ്ങളിൽ നിങ്ങൾ ഞങ്ങളോട് കാണിച്ച എല്ലാ സ്നേഹത്തിനും നന്ദി. വളരെ ഹ്രസ്വമായ സമയത്തിനുള്ളിൽ ലഭിച്ച ഈ സ്നേഹം അതിശയകരമായിരുന്നു. അത് നേരിട്ട് അനുഭവിച്ചത് അവിശ്വസനീയമായിരുന്നു”- മെസി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകരോട് പറഞ്ഞു. ഇനിയും ഇന്ത്യയിലേക്ക് തിരിച്ചുവരുമെന്ന ഉറപ്പ് തന്റെ ആരാധകർക്ക് നൽകിയാണ് മൂന്നു ദിവസത്തെ സന്ദർശനം അവസാനിപ്പിച്ച് മെസി മടങ്ങിയത്.
Tags : Got India tour Messi returns lionel messi arun jaitley stadium