ബംഗളൂരു: ഇന്ത്യ-എയ്ക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക-എ തിരിച്ചടിക്കുന്നു. ഇന്ത്യ-എ ഉയർത്തിയ 417 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന സന്ദർശകർ നാലാം ദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 311 റൺസെന്ന ശക്തമായ നിലയിലാണ്.
50 റൺസുമായി തെംപ ബാവുമയും രണ്ടു റൺസുമായി മാർക്കസ് അകർമാനുമാണ് ക്രീസിൽ. 91 റൺസെടുത്ത ജോർദാൻ ഹെർമന്റെയും 77 റൺസ് വീതമെടുത്ത ലെസെഗോ സെനോക്വാനെയുടെയും 77 സുബൈർ ഹംസയുടെയും വിക്കറ്റുകളാണ് നഷ്ടമായത്. 22 ഓവറുകളും ഏഴുവിക്കറ്റും ബാക്കിയിരിക്കെ ദക്ഷിണാഫ്രിക്ക-എയ്ക്ക് ജയിക്കാന്‍ ഇനി 106 റണ്‍സ് കൂടി മതി.
വിക്കറ്റ് നഷ്ടമില്ലാതെ 25 റണ്‍സെന്ന നിലയില്‍ അവസാന ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക-എയെ തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി പ്രതിരോധത്തിലാക്കാമെന്ന ഇന്ത്യ-എയുടെ ശ്രമങ്ങൾ വിഫലമാകുന്ന കാഴ്ചയാണ് തുടക്കത്തിൽ കണ്ടത്. ഒടുവിൽ സ്കോർ 156 റൺസിൽ നില്‍ക്കെ സെഞ്ചുറിക്കരികെ ഹെർമനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു.
പിന്നാലെ 197 ൽ നില്‍ക്കെ സെനോക്വാനെയെ ഹർഷ് ദുബെയും പുറത്താക്കി. തുടർന്ന് ക്രീസിൽ ഒന്നിച്ച സുബൈർ ഹംസയും തെംപ ബാവുമയും ചേർന്ന് ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോകുകയായിരുന്നു. സ്കോർ 304 റൺസിൽ നില്‍ക്കെ സുബൈറിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ വീണ്ടും ആഞ്ഞടിച്ചു.
നേരത്തെ, രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ധ്രുവ് ജുറെലിന്റെയും (127) അർധസെഞ്ചുറി നേടിയ ഹർഷ് ദുബെ (84), നായകൻ ഋഷഭ് പന്ത് (65) എന്നിവരുടെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ-എ മികച്ച വിജയലക്ഷ്യം മുന്നോട്ടുവച്ചത്. ഏഴിന് 382 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്ത ഇന്ത്യ-എ ആദ്യ ഇന്നിംഗ്സിൽ ലീഡും സ്വന്തമാക്കിയിരുന്നു.
Tags : India A South Africa A Test Series