തിരുവനന്തപുരം: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് 46 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 272 റൺസെന്ന കൂറ്റൻ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കിവീസ് 19.2 ഓവറിൽ 225 റൺസിന് എല്ലാവരും പുറത്തായി.
38 പന്തിൽ 80 റൺസ് നേടിയ ഫിൻ അലനാണ് അവരുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി അർഷ്ദീപ് സിംഗ് അഞ്ചും അക്ഷർ പട്ടേൽ മൂന്നും വിക്കറ്റ് വീഴ്ത്തി. സ്കോർ: ഇന്ത്യ 271/5 ന്യൂസിലൻഡ് 225 (19.4). ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ഇഷാൻ കിഷൻ (103) സെഞ്ചുറി നേടി.
സൂര്യകുമാർ യാദവും (63) ഹാർദിക്ക് പാണ്ഡ്യയും (42) തകർത്തടിച്ചതോടെ ഇന്ത്യയുടെ സ്കോർ ബോർഡിൽ കൂറ്റൻ റൺസ് പിറന്നു. ഇന്ത്യയ്ക്ക് തുടക്കത്തിലേ സഞ്ജുവിനെ (6) നഷ്ടമായി. എന്നാൽ അഭിഷേക് പതിവ് വെടിക്കെട്ട് തുടർന്നു. 16 പന്തിൽ രണ്ട് സിക്സും നാല് ഫോറുമടക്കം 30 റൺസെടുത്ത് അഭിഷേകും മടങ്ങി.
എന്നാൽ മൂന്നാം വിക്കറ്റിൽ ഇഷാൻ കിഷനും സൂര്യയും ഒന്നിച്ചതോടെ പിന്നീട് സിക്സറുകളുടെ പെരുമഴയ്ക്കാണ് കാര്യവട്ടം സാക്ഷ്യംവഹിച്ചത്. വെറും 57 പന്തിൽ നിന്ന് 137 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. പരമ്പരയിലെ മൂന്നാം അർധ സെഞ്ചുറി നേടിയ സൂര്യ 30 പന്തിൽ 63 റൺസെടുത്ത് മടങ്ങി.
പിന്നാലെ ഹാർദിക് പാണ്ഡ്യയുമൊത്ത് ഇഷാൻ സ്കോർ ഉയർത്തി. 17 പന്തുകൾ നേരിട്ട ഹാർദിക് നാല് സിക്സും ഒരു ഫോറുമടക്കം 42 റൺസെടുത്തു. ജയത്തോടെ ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. സൂര്യകുമാർ യദവിനെ പരമ്പരയുടെ താരമായും ഇഷാൻ കിഷനെ കളിയിലെ താരമായും തെരഞ്ഞെടുത്തു.
കാര്യവട്ടത്തെ മികച്ച പ്രകടനത്തിനു പിന്നാലെ ടി20 ലോകകപ്പിൽ ഇഷാൻ കിഷന് സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചെന്നു പറയാം. അഞ്ചാം ടി20 യിൽ വിക്കറ്റ് കീപ്പര് സ്ഥാനത്ത് നിന്ന് സഞ്ജുവിനെ മാറ്റിയത് ഇതിന്റെ സൂചനയാണെന്നും റിപ്പോർട്ടുകളുണ്ട്. കാര്യവട്ടത്ത് സഞ്ജു ഫീൽഡറായാണു കളിച്ചത്.
Tags : India Newzealand T20 India win