തിരുവനന്തപുരം: ഐസിസി ട്വിന്റി-20 ക്രിക്കറ്റ് ലോകകപ്പിന് ആരവമുണരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അതിനു മുമ്പ് നടക്കുന്ന അവസാന മത്സരത്തില്‍ വിജയിച്ച് തങ്ങളുടെ കരുത്ത് പൂര്ണമെന്നുറപ്പിക്കാന് ഇന്ത്യയും പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ വെന്നിക്കൊടി പാറിച്ച് ലോകകപ്പിലേക്കുള്ള പ്രയാണത്തില്‍ ശുഭദിശയേകാന് ന്യൂസിലന്‍ഡും ഇറങ്ങുമ്പോള്‍ കാര്യവട്ടത്ത് പോരാട്ടം കനക്കും.
ഇന്ത്യ x ന്യൂസിലന്‍ഡ് ട്വിന്റി-20 പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം ഇന്ന് രാത്രി ഏഴിന് കാര്യവട്ടം സ്റ്റേഡിയത്തില്‍ അരങ്ങേറുമ്പോള്‍ ബാറ്റിംഗ് വിരുന്നിനു കാത്തിരിക്കയാണ് ക്രിക്കറ്റ് ആരാധകര്‍. ആദ്യ മൂന്നു മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. എന്നാല്‍, വിശാഖപട്ടണത്തു നടന്ന നാലാം മത്സരത്തില്‍ തോറ്റതിന്റെ ക്ഷീണം സൂര്യകുമാര്‍ യാദവിനും സംഘത്തിനും തീര്‍ക്കേണ്ടതുണ്ട്.
ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ട്
കാര്യവട്ടം ട്വിന്റി-20യില്‍ ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടാണ്. ഇതിനു മുമ്പ് നടന്ന നാലു ട്വിന്റി-20 മത്സരങ്ങളില്‍ മൂന്നിലും ഇന്ത്യ ജയം സ്വന്തമാക്കി. 2017 നവംബര്‍ ഏഴിനു ന്യൂസിലന്‍ഡുമായി ആയിരുന്നു ആദ്യ പോരാട്ടം. അന്ന് ഇന്ത്യ ആറ് റണ്‍സിന് വിജയിച്ചു. 2022 സെപ്റ്റംബര്‍ 28നു നടന്ന പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. 2023 നവംബര്‍ 23ന് ഓസീസിനെ 44 റണ്‍സിന് തറപറ്റിച്ചു. 2019ല്‍ വെസ്റ്റ് ഇന്ഡീഡുമായുള്ള മത്സരത്തില്‍ മാത്രമാണ് ഇന്ത്യ ഇവിടെ തോല്‍വി രുചിച്ചത്.
സഞ്ജുവിന്റെ ഹോം
സഞ്ജു സാംസണും ഇഷാന് കിഷനും ശ്രേയസ് അയ്യരുമാണ് ഇന്നലെ കൂടുതല്‍ സമയം ബാറ്റിംഗ് പരിശീലനം നടത്തിയത്. സഞ്ജുവിനു സ്വന്തം തട്ടകത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്താനുള്ള അവസരമാണ്. ജസ്പ്രീത് ബുംറയുടെ നേതൃത്വത്തില്‍ ബൗളിംഗ് പ്രാക്ടീസ് നടത്തി. ഹാര്‍ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും പരിശീലനത്തിന് ഇറങ്ങിയില്ല. വൈകുന്നേരം അഞ്ചോടെ പരിശീലനം തുടങ്ങിയ ടീം ഇന്ത്യ കാര്യവട്ടം സ്റ്റേഡിയത്തില്‍ ഒരു മണിക്കൂറിലധികം പരിശീലനം നടത്തി.
സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനം പ്രതീക്ഷിച്ചാണ് ക്രിക്കറ്റ് പ്രേമികളിലേറെയും എത്തുന്നത്. സ്വന്തം തട്ടകത്തില്‍ മിന്നും പ്രകടനം നടത്താന്‍ സഞ്ജുവിന് ഇതില്‍ കൂടുതല്‍ അവസരമില്ല. കാര്യവട്ടം സ്റ്റേഡിയത്തില്‍ നിന്നും കിലോമീറ്ററുകള്‍ മാത്രം അകലെയാണ് സഞ്ജുവിന്റെ വീടും പഠിച്ച കലാലയവും.
കോണ്‍വെ കളിക്കുമോ
കിവീസിനായി അവരുടെ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേ ഇന്നത്തെ മത്സരത്തിനിറങ്ങുമോ എന്ന ചോദ്യവുമുയരുന്നു. ഫിന് അലനെ ഓപ്പണറായി ഇറക്കാനുള്ള സാധ്യതയുണ്ട്. ലോകകപ്പ് പരിഗണിച്ച് ഇന്ത്യന്‍ സാഹചര്യവുമായി കൂടുതല്‍ പൊരുത്തപ്പെടാന്‍ ഫിന് അലന് കിവീസ് അവസരം നല്‍കിയേക്കാം. 184.86 ശരാശരിയില്‍ 466 റണ്‍സാണ് ഫിന് ട്വിന്റി-20യില്‍ നേടിയിട്ടുള്ളത്.
ടീമിന്റെ ക്ഷേത്രദര്‍ശനം
കാര്യവട്ടത്തെ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഇന്നലെ രാവിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഉള്‍പ്പെടെയുള്ള സംഘം കസവു ഷാളും മുണ്ടും ധരിച്ചാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയത്. സൂര്യകുമാര്‍ യാദവ്, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അഭിഷേക് ശര്‍മ ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ ക്ഷേത്രത്തിലെത്തി.
കേരളത്തിലെ ചേട്ടാ വിളി ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് സുപരിചിതമാക്കിയവനാണ് സഞ്ജു സാംസണ്. ന്യൂസിലന്‍ഡിന് എതിരായ അഞ്ചാം ട്വന്റി-20 ക്രിക്കറ്റിനായി ഇന്ത്യന്‍ ടീം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ചേട്ടാ സൈഡ് പ്ലീസ് എന്നു പറഞ്ഞ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സഞ്ജുവിനു വഴിയൊരുക്കുന്നതും സോഷ്യല്‍ മീഡിയയില്‍ തരംഗം. ഇന്ത്യന്‍ ക്രിക്കറ്റ് ഒന്നടങ്കം ഇപ്പോള്‍ സഞ്ജുവിന്റെ ഒരു മിന്നും ഇന്നിംഗ്സിനായുള്ള കാത്തിരിപ്പിലാണ്. കാരണം, ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിലും സഞ്ജുവിനു ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ല. സഞ്ജു ചേട്ടാ, തൂക്കിയടി... എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.
ഫോം ഔട്ട്
ഫെബ്രുവരി ഏഴിന് ആരംഭിക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന പരമ്പരയാണ് ഇന്ന് അവസാനിക്കുന്നത്. ലോകകപ്പ് പോരാട്ടത്തിനു മുമ്പ് ഇനിയുള്ളത് ഒരു പരിശീലന മത്സരം മാത്രം.
2024ല്‍ ഇന്ത്യ ട്വന്റി-20 ലോകകപ്പ് നേടിയപ്പോഴും സഞ്ജു ടീമിലുണ്ടായിരുന്നെങ്കിലും ബാക്കപ്പ് കീപ്പറായതിനാല്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. 2026 ലോകകപ്പ് ടീമിലെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറാണ് സഞ്ജു. അഭിഷേക് ശര്‍മയും സഞ്ജുവുമാണ് ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്. എന്നാല്‍, സഞ്ജു ഔട്ട് ഓഫ് ഫോമിലാകുകയും ബാക്കപ്പ് വിക്കറ്റ് കീപ്പറായ ഇഷാന് കിഷന് തകര്‍ത്തടിക്കുകയും ചെയ്യുന്നു. സഞ്ജുവിന്റെ പ്ലേയിംഗ് ഇലവന് സാധ്യതയ്ക്കു വെല്ലുവിളിയാണിത്. 7 പന്തില്‍ 10, 5 പന്തില്‍ 6, 1 പന്തില്‍ 0, 15 പന്തില്‍ 24 എന്നതാണ് ന്യൂസിലന്‍ഡിന് എതിരായ സഞ്ജുവിന്റെ നാല് ഇന്നിംഗ്സുകള്‍. ചെറിയ പരിക്കിനെത്തുടര്‍ന്ന് നാലാം മത്സരത്തില്‍ കരയ്ക്കിരുന്ന ഇഷാന് കിഷന്റെ ആദ്യ മൂന്നു മത്സരങ്ങളിലെ പ്രകടനം 5 പന്തില്‍ 8, 32 പന്തില്‍ 76, 13 പന്തില്‍ 28 എന്നതായിരുന്നു.
സമ്മര്‍ദത്തിന്റെ പരകോടി
നാലാം ട്വന്റി-20യില്‍ ആദ്യപന്ത് നേരിടുന്നതിനു മുമ്പുതന്നെ സഞ്ജുവിന്റെ സമ്മര്‍ദം എത്രമാത്രമെന്നു ലോകത്തിനു വെളിപ്പെട്ടു. സാധാരണ സ്ട്രൈക്ക് ബാറ്ററായെത്തുന്ന സഞ്ജു, വിശാഖപട്ടണത്തെ നാലാം ട്വന്റി-20യില്‍ നോണ്‍ സ്ട്രൈക്ക് എന്‍ഡിലായിരുന്നു എത്തിയത്. കരിയറില്‍ അതിനു മുമ്പ് 21 തവണ സഞ്ജു ഓപ്പണറായി. അതില്‍ 18 തവണയും ഇന്നിംഗ്സിലെ ആദ്യ പന്ത് നേരിട്ടത് സഞ്ജുവായിരുന്നു. 2024 ജൂലൈയിലായിരുന്നു ഇതിനു മുമ്പ് സഞ്ജു നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ ഓപ്പണറായെത്തിയത്.
സാങ്കേതികത
ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ സഞ്ജുവിന്റെ പുറത്താകലുകളെല്ലാം സാങ്കേതിക പിഴവിന്റെയോ, അമിത ആത്മവിശ്വാസത്തിന്റെയോ ആയിരുന്നു. മൂന്നാം മത്സരത്തില്‍ മാറ്റ് ഹെന്റിയുടെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായപ്പോള്‍ ലെഗ് സൈഡിലേക്ക് ഉള്‍വലിഞ്ഞ് വിക്കറ്റ് തുറന്നു കാണിച്ചായിരുന്നു സഞ്ജുവിന്റെ സ്റ്റാന്‍ഡ്. പന്ത് ഗുഡ് ലെംഗ്തില്‍ പിച്ച് ചെയ്തപ്പോള്‍ മുന്നോട്ട് ആയാന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, വിക്കറ്റ് തെറിച്ചു. ആദ്യ മത്സരത്തില്‍ പുറത്തായതും ഏകദേശം സമാനരീതിയില്‍. കെയ്ല്‍ ജാമീസണിന്റെ ഫുള്‍ ഡെലിവറിക്കെതിരേ ഡീപ്പ് ഷോട്ടിനു ശ്രമിച്ചു. ഫലമോ സഞ്ജു ഫ്ളിക്ക് ചെയ്തപ്പോള്‍ പന്ത് ബാറ്റില്‍ കൊണ്ടത് മുകളിലേക്കു കയറി. ഷോര്ട്ട്മിഡ് വിക്കറ്റില്‍ ഈസി ക്യാച്ചിലൂടെ പുറത്തും. നാലാം ട്വന്റി-20യില്‍ പേസര്‍മാരെ സഞ്ജു അതിജീവിച്ചു. എന്നാല്‍, മിച്ചല്‍ സാന്റ്നറിനെതിരേ വിക്കറ്റ് തുറന്ന് ലഗ് സ്റ്റംപിനു പുറത്തായുള്ള സ്റ്റാന്‍ഡ്. പന്ത് ഗുഡ് ലെംഗ്തില്‍ പിച്ച് ചെയ്ത് ലൈന്‍ തെറ്റാതെ, ഔട്ട്സൈഡ് എഡ്ജ് കടന്ന് വിക്കറ്റ് ഇളക്കി.
സമയം നല്‍കണം
ഫോമും സാങ്കേതികതയുമെല്ലാം ഇങ്ങനെയെല്ലാമാണെങ്കിലും തകര്‍ത്തടിക്കാനുള്ള സഞ്ജുവിന്റെ കഴിവില്‍ എതിരഭിപ്രായമില്ല. 147.86 ആണ് ട്വന്റി-20യില്‍ സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ്.
ശുഭ്മാന്‍ ഗില്ലിന്റെ ട്വന്റി-20യിലേക്കുള്ള വരവോടെ ടീമിലെ സ്ഥാനം എവിടെ എന്നറിയാത്ത സാഹചര്യം ന്യൂസിലന്‍ഡിന് എതിരായ പരമ്പരയ്ക്കു മുമ്പ് സഞ്ജുവിനുണ്ടായിരുന്നു. അതോടെ മധ്യനിരയില്‍ പൊരുത്തപ്പെടാന്‍ ശ്രമമാരംഭിച്ചു. എന്നാല്‍, ഗില്ലിനെ ഒഴിവാക്കിയതോടെ വീണ്ടും ഓപ്പണിംഗിലേക്ക്. ഈ ചാഞ്ചാട്ടം ഒരു രാജ്യാന്തര താരത്തെ സംബന്ധിച്ച് സുഖകരമല്ല. പ്രത്യേകിച്ച് ടോപ് ഓര്‍ഡര്‍ ബാറ്ററിനെ സംബന്ധിച്ച്. അതുകൊണ്ടുതന്നെ സഞ്ജുവിന് ഓപ്പണര്‍ റോളില്‍ സമയം അനുവദിക്കുകയാണ് വേണ്ടത്. എന്നാല്‍, ലോകകപ്പ് അടുത്തെത്തി എന്നതാണ് ഏറ്റവും വലിയ പ്രശ്നം.
Tags : India New Zealand Twenty20 cricket Match Kariyavattom