India , New Zealand
വഡോദര: 2026 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യന്‍ സീനിയര്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ആദ്യ ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം. ന്യൂസിലന്‍ഡിന് എതിരായ മൂന്നു മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ വഡോദരയില്‍. പരമ്പരയിലെ രണ്ടാം മത്സരം 14ന് രാജ്കോട്ടിലും മൂന്നാം മത്സരം 18ന് ഇന്‍ഡോറിലും നടക്കും. മൂന്നു മത്സരങ്ങളും പകലും രാത്രിയുമായതിനാല്‍ ഉച്ചകഴിഞ്ഞ് 1.30നാണ് ആരംഭിക്കുക.
രോ-കോ സഖ്യം
കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയ്ക്ക് എതിരായ എവേ പരമ്പരയിലെ അവസാന മത്സരം മുതല്‍ ഇന്ത്യന്‍ വെറ്ററന്‍ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശര്‍മയും മികച്ച ഫോമിലാണ്. ഇവര്‍ ഫോമിലായ മൂന്നാം മത്സരത്തില്‍ മാത്രമായിരുന്നു ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യക്കു ജയിക്കാന്‍ സാധിച്ചത്. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നടന്ന ഹോം പരമ്പരയിലും ഇരുവരും മികച്ച ഫോമിലായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും നേടിയ വിരാട് കോഹ്ലിയായിരുന്നു ഫോമില്‍ ഒരുപടി മുന്നില്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ മൂന്നു മത്സര പരമ്പരയില്‍ രോഹിത് രണ്ട് അര്‍ധസെഞ്ചുറിയുമായി തിളങ്ങി. വിജയ് ഹസാരെ ട്രോഫി ആഭ്യന്തരത്തിലെ ആദ്യ മത്സരത്തിലും കോഹ്ലിയും (131) രോഹിത്തും (155) സെഞ്ചുറി നേടിയെന്നതും ശ്രദ്ധേയം.
2025 കലണ്ടര്‍ വര്‍ഷത്തിലെ അവസാന മത്സരങ്ങളിലെ ഫോം തുടരുകയാണ് രോ-കോ സഖ്യത്തിന്റെ ലക്ഷ്യം. നാളെ വഡോദരയില്‍ 2026 കലണ്ടര്‍ വര്‍ഷത്തിലെ ഫ്രഷ് സ്റ്റാര്‍ട്ടാണ് ടീം ഇന്ത്യയും ലക്ഷ്യംവയ്ക്കുന്നത്.
ഗില്‍, ശ്രേയസ് തിരിച്ചെത്തി
ഓസ്ട്രേലിയന്‍ പര്യടനത്തിലെ അവസാന ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ തിരിച്ചെത്തുന്നതാണ് ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ ശ്രദ്ധേയം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിനിടെ കഴുത്തിനു പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ശുഭ്മാന്‍ ഗില്ലും തിരിച്ചെത്തി. ഗില്‍ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ശ്രേയസ് അയ്യര്‍. ഇവര്‍ക്കൊപ്പം കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരും ബാറ്റിംഗില്‍ കരുത്താകും.
മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷദീപ് സിംഗ്, ഹര്‍ഷിത് റാണ എന്നിവരാണ് പേസര്‍മാരായി 15 അംഗ ടീമിലുള്ളത്. കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ഋഷഭ് പന്ത്, യശസ്വി ജയ്സ്വാള്‍ എന്നിവരും ഇന്ത്യന്‍ സംഘത്തിലുണ്ട്.
Tags : India New Zealand Cricket series ODI series Vadodara men's cricket