മുംബൈ: ഐപിഎല്‍ (ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്) ട്വന്റി-20 ക്രിക്കറ്റിന്റെ 2026 എഡിഷനിലേക്കുള്ള താരലേലത്തിനുള്ള ചിത്രം വ്യക്തമായി.
ഐപിഎല്‍ 2026 ലേലത്തിലുള്ള കളിക്കാരുടെ പട്ടിക ഇന്നലെ പ്രഖ്യാപിച്ചതോടെയാണിത്. 350 കളിക്കാരാണ് അന്തിമ പട്ടികയില്‍. ഇതില്‍ 240 ഇന്ത്യക്കാരും 110 വിദേശികളും ഉള്‍പ്പെടും. രാജ്യാന്തര മത്സര പരിചയമില്ലാത്ത (അണ്‍ക്യാപ്ഡ്) 224 ഇന്ത്യക്കാരും 14 വിദേശ കളിക്കാരും പട്ടികയിലുണ്ട്. 2026 ലേലത്തിനായി 1390 കളിക്കാരാണ് രജിസ്റ്റര്‍ ചെയ്തത്.
ഒഴിവുള്ള സ്ലോട്ട്
2026 ഐപിഎല്ലിലേക്ക് ആകെയുള്ള 10 ഫ്രാഞ്ചൈസികള്‍ക്കുമായി 77 കളിക്കാരെയാണ് ആവശ്യം. ഒഴിവുള്ള ഈ 77 സ്ലോട്ടിലേക്കാണ് 350 കളിക്കാരുടെ അന്തിമപട്ടിക വന്നിരിക്കുന്നത്. ഒഴിവുള്ള 77 സ്ലോട്ടില്‍ 31 എണ്ണം വിദേശ കളിക്കാര്‍ക്കുള്ളതാണ്. ശേഷിക്കുന്ന 46 സ്ലോട്ടുകള്‍ക്കാണ് 240 ഇന്ത്യന്‍ താരങ്ങള്‍ രംഗത്തുള്ളത്.
ഈ മാസം 16ന് അബുദാബിയിലാണ് 2026 താര ലേലം. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30നാണ് ലേലം ആരംഭിക്കുക.
2 കോടി; 40പേര്, 2 ഇന്ത്യക്കാര്‍
താരലേലത്തിലെ അടിസ്ഥാന വില രണ്ട് കോടി. ഈ ഗണത്തില്‍ 40 കളിക്കാരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 227 കളിക്കാര്‍ 30 ലക്ഷം രൂപ അടിസ്ഥാന വിലയുള്ളതില്പ്പെടും. 1.5 കോടിയില്‍ ഒമ്പതും 1.25 കോടിയില്‍ നാലും ഒരു കോടിയില്‍ 17ഉം 75 ലക്ഷത്തില്‍ 42ഉം കളിക്കാരുണ്ട്.
രണ്ട് കോടി അടിസ്ഥാനവിലയുള്ള 40 കളിക്കാരില്‍ രണ്ടു പേര്‍മാത്രമാണ് ഇന്ത്യക്കാര്‍, വെങ്കിടേഷ് അയ്യറും രവി ബിഷ്ണോയിയും. ഡെവോണ്‍ കോണ്‍വെ, കാമറൂണ്‍ ഗ്രീന്‍, ഡേവിഡ് മില്ലര്‍, ഡാരെല്‍ മിച്ചല്‍, വനിന്ധു ഹസരെങ്ക, അല്‍സാരി ജോസഫ്, ജേക് ഫ്രേസര്‍ മക്ഗുക്, രചിന് രവീന്ദ്ര, ലിയാം ലിവിംഗ്സ്റ്റണ്, ഫിന് അലന് തുടങ്ങിയവരെല്ലാം രണ്ട് കോടി അടിസ്ഥാന വിലയുള്ള താരങ്ങളാണ്. ക്വിന്റണ്‍ ഡികോക്ക്, ജോണി ബെയര്‍സ്റ്റോ തുടങ്ങിയവരുടെ അടിസ്ഥാന വില ഒരു കോടി രൂപ.
ഈ പ്രമുഖരില്ല
2026 ഐപിഎല്ലില്‍ ഉണ്ടാകില്ലെന്ന് ഇതിനോടകം ഉറപ്പിച്ച ചില പ്രമുഖ താരങ്ങളുണ്ട്.ലേലത്തില്‍നിന്നു പിന്മാറിയ ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മൊയീന്‍ അലി, ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി, വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസല്‍, വെറ്ററന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്. അശ്വിന് എന്നിവരാണവര്‍. അശ്വിനും റസലും ഐപിഎല്ലില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. പാക്കിസ്ഥാന് സൂപ്പര്‍ ലീഗ് (പിഎസ്എല്‍) കളിക്കാനായാണ് മൊയീന്‍ അലിയും ഡുപ്ലെസിയും പിന്മാറിയത്.
ഐപിഎല്‍ 2026 താര ലേലത്തിനുള്ള അന്തിമ പട്ടികയില്‍ പത്ത് മലയാളി താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2025 ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറിയ വിഘ്നേഷ് പുത്തൂര്‍ അടക്കമുള്ള 10 മലയാളി താരങ്ങളാണ് ലേലത്തില്‍ തങ്ങളുടെ ഭാഗ്യം തേടി കാത്തിരിക്കുന്നത്.
കേരള ക്രിക്കറ്റ് ലീഗില്‍ മികച്ച പ്രകടനം കാഴ്ചവച്ച പേസ് ഓള്‍റൗണ്ടര്‍ അഖില്‍ സ്കറിയ അടക്കമുള്ള താരങ്ങളും പട്ടികയിലുണ്ട്. 2024, 2025 കേരള ക്രിക്കറ്റ് ലീഗില്‍ 25 വിക്കറ്റ് വീതം നേടി, കെസിഎല്ലില്‍ ആദ്യമായി 50 വിക്കറ്റ് തികച്ച താരമാണ് ആക്രമണോത്സുക ബാറ്റര്‍കൂടിയായ അഖില്‍ സ്കറിയ.
സയ്യിദ് മുഷ്താഖ് അലിയില്‍ ഒഡീഷയ്ക്കെതിരേ കേരളത്തിനായി സെഞ്ചുറി (60 പന്തില്‍ 121 നോട്ടൗട്ട്) നേടിയ ഓപ്പണര്‍ രോഹന് കുമ്മുമ്മല്‍, സല്മാന് നിസാര്‍, കെ.എം. ആസിഫ്, സഞ്ജുവിന്റെ അഭാവത്തില്‍ സയ്യിദ് മുഷ്താഖ് അലിയില്‍ കേരളത്തിന്റെ ക്യാപ്റ്റനായ അഹമ്മദ് ഇമ്രാന്, അബ്ദുള്‍ ബാസിത്, ജിക്കു ബ്രൈറ്റ്, ശ്രീഹരി നായര്‍, മുഹമ്മദ് ഷറഫുദ്ദീന് എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളി താരങ്ങള്‍. 10 പേരുടെയും അടിസ്ഥാന വില 30 ലക്ഷം രൂപയാണ്.
Tags : IPL 2026 season IPL Cricket Indian Premier league T20