ന്യൂഡൽഹി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു-കാഷ്മീരിന് ചരിത്രം പിറന്ന ദിനം. 91 വർഷത്തെ ചരിത്രം തിരുത്തി 43 നേർക്കുനേർ പോരാട്ടങ്ങൾക്കൊടുവിൽ ആദ്യമായി ഡൽഹിയെ അവർ പരാജയപ്പെടുത്തി.
അപരാജിത സെഞ്ചുറിയുമായി ഖമ്രാൻ ഇക്ബാൽ (133*) കാഷ്മീരിന്റെ അമരക്കാരനായപ്പോൾ ഏഴ് വിക്കറ്റിനായിരുന്നു അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ജമ്മു-കാഷ്മീരിന്റെ ചരിത്രജയം. എലൈറ്റ് ഗ്രൂപ്പ് ഡി മത്സരത്തിലെ അവസാന ദിനമാണ് ഡൽഹി വീണത്. അക്വിബ് നബിയാണ് കളിയിലെ താരം. സ്കോർ: ഡൽഹി: 211, 277. ജമ്മു കാഷ്മീർ: 310, 179/3.
വിജയവഴി
179 റണ്‍സ് ലക്ഷ്യം പിന്തുടർന്ന കാഷ്മീരിനായി ഖമ്രാൻ നങ്കൂരമിട്ടു (147 പന്തിൽനിന്ന് 133* റണ്‍സ്). 15 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 55 റണ്‍സ് എന്ന സുരക്ഷിത നിലയിൽ കാഷ്മീർ ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ചു. 43.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
മൂന്നാം ദിനം നൈറ്റ് വാച്ചറായെത്തിയ വൻഷാജിയുടെ (60 പന്തിൽ എട്ട് റണ്‍സ്) വിക്കറ്റ് മാത്രമാണ് അവസാന ദിനം നഷ്ടമായത്. എന്നാൽ, ഖമ്രാനുമൊത്തുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 82 റണ്‍സ് പിറന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറി ഏഴ് വർഷങ്ങൾക്കുശേഷമായിരുന്നു ഖമ്രാന്റെ കന്നി സെഞ്ചുറി.
മുംബൈയെ തോൽപ്പിച്ച ജമ്മു-കാഷ്മീർ ഏഴ് തവണ രഞ്ജി ചാന്പ്യന്മാരായ ഡൽഹിയെയും ഇതോടെ കീഴടക്കി.
Tags : ranji trophy Jammu's history ranji trophy cricket