കൊച്ചി: 79-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. എറണാകുളം സ്വദേശിയായ പ്രതിരോധതാരം ജി. സഞ്ജുവാണ് ടീമിന്റെ ക്യാപ്റ്റന്‍. സഞ്ജുവിന്റെ തുടര്‍ച്ചയായ അഞ്ചാം സന്തോഷ് ട്രോഫിയാണിത്.
കഴിഞ്ഞവര്‍ഷവും സഞ്ജുവായിരുന്നു കേരള ടീമിന്റെ ക്യാപ്റ്റന്‍. സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്സിയുടെ താരമായിരുന്നു. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ നഷ്ടപ്പെട്ട കപ്പ്, ഇത്തവണ സ്വന്തമാക്കുകയാണ് കേരള ടീമിന്റെ ലക്ഷ്യം. ആസാമില്‍ ഈ മാസം 21നാണ് സന്തോഷ് ട്രോഫിയുടെ കിക്കോഫ്. മുന്‍ ചാമ്പ്യന്മാരായ പഞ്ചാബിന് എതിരേ 22നാണ് കേരളത്തിന്റെ ആദ്യ മത്സരം. സിലാപത്തര്‍, ധകുഖാന സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍. ടീം 19നു കൊച്ചിയില്‍നിന്ന് പുറപ്പെടും.
ഒമ്പത് പുതുമുഖങ്ങള്‍
22 അംഗ ടീമില്‍ ഒമ്പത് പുതുമുഖങ്ങളാണ്. ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണം സമ്മാനിച്ച വയനാട് സ്വദേശി എം. ഷഫീഖ് ഹസനാണ് മുഖ്യ പരിശീലകന്. മുന്‍ സന്തോഷ് ട്രോഫി താരം എബിന് റോസ് സഹപരിശീലകനായുണ്ട്. ഇന്ത്യന്‍ മുന്‍താരം കെ.ടി. ചാക്കോ ഗോള്‍കീപ്പര്‍ കോച്ച്, ഫിസിയോ അഹമ്മദ് നിഹാല്‍ റഷീദ്, വീഡിയോ അനലിസ്റ്റ് കിരണ്‍ നാരായണന് എന്നിവരാണ് മറ്റ് ഒഫീഷല്‍സ്. ചടങ്ങില്‍ ടീമിന്റെ പുതിയ ജഴ്സിയും തീം സോംഗും പുറത്തിറക്കി. ക്യൂട്ടി ദ ബ്യൂട്ടി സോപ്പാണ് ടൈറ്റില്‍ സ്പോണ്സര്. പാലാരിവട്ടം റിനൈ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരള ഫുട്ബാള്‍ അസോസിയേഷന് പ്രസിഡന്റ് നവാസ് മീരാനാണ് ടീമിനെ പ്രഖ്യാപിച്ചത്.
ചടങ്ങില്‍ ക്യൂട്ടി ദ ബ്യൂട്ടി സോപ്പ് ചെയര്മാന് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ.പി. ഖാലിദ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഇസ്മയില്‍ ഖാലിദ്, ഇബ്രാഹിം ഖാലിദ്, കേരള ഫുട്ബാള്‍ അസോസിയേഷന് ഹോണററി പ്രസിഡന്റ് ടോം ജോസ്, ട്രഷറര്‍ റെജിനാള്‍ഡ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഷാജി സി. കുര്യന്, സ്കോര്‍ ലൈന്‍ സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഫിറോസ് മീരാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സന്തോഷ് ട്രോഫി കേരള ടീം
ഗോള്‍കീപ്പര്‍മാര്‍: ടി.വി. അല്‍കേഷ് രാജ് (സെന്‍ട്രല്‍ എക്സൈസ്-തൃശൂര്‍), എസ്. ഹജ്മല്‍ (കെഎസ്ഇബി-പാലക്കാട്), എം. മുഹമ്മദ് ജസീന് (മലപ്പുറം എഫ്സി-മലപ്പുറം).
പ്രതിരോധനിര: ജി. സഞ്ജു (കേരള പൊലീസ്-എറണാകുളം), എം. മനോജ് (കാലിക്കട്ട് എഫ്സി-തിരുവനന്തപുരം), അജയ് അലക്സ് (സെന്‍ട്രല്‍ എക്സൈസ്-എറണാകുളം), ബിബിന്‍ അജയന് (തൃശൂര്‍ മാജിക് എഫ്സി- എറണാകുളം), എസ്. സന്ദീപ് (കണ്ണൂര്‍ വാരിയേഴ്സ്-മലപ്പുറം), അബ്ദുള്‍ ബാദിഷ് (തിരുവനന്തപുരം കൊമ്പന്‍സ്-മലപ്പുറം), തേജസ് കൃഷ്ണ (തൃശൂര്‍ മാജിക് എഫ്സി- പാലക്കാട്).
മധ്യനിര: എം.എം. അര്ജുന് (കണ്ണൂര്‍ വാരിയേഴ്സ് എഫ്സി- തൃശൂര്‍), വി. അര്ജുന് (കെഎസ്ഇബി- കോഴിക്കോട്), ഒ.എം. ആസിഫ് (കണ്ണൂര്‍ വാരിയേഴ്സ്- എറണാകുളം), എം. വിഘ്നേഷ് (കെഎസ്ഇബി- തിരുവനന്തപുരം), എന്‍.എ. അബൂബക്കര്‍ ദില്‍ഷാദ് (റിയല്‍ മലബാര്‍ എഫ്സി- കാസര്‍ഗോഡ്).
മുന്നേറ്റനിര: ടി. ഷിജിന് (കണ്ണൂര്‍ വാരിയേഴ്സ്- തിരുവനന്തപുരം), മുഹമ്മദ് അജ്സല്‍ (കേരള ബ്ലാസ്റ്റേഴ്സ്- കോഴിക്കോട്), ഇ. സജീഷ് (കേരള പൊലീസ്- പാലക്കാട്), പി.ടി. മുഹമ്മദ് റിയാസ് (കാലിക്കട്ട് എഫ്സി- പാലക്കാട്), എം.പി. മുഹമ്മദ് സിനാന് (കണ്ണൂര്‍ വാരിയേഴ്സ്- പാലക്കാട്), ഇ. മുഹമ്മദ് ആഷിഖ് (കാലിക്കട്ട് എഫ്സി- മലപ്പുറം), എന്‍.എ. മുഹമ്മദ് അഷര്‍ (തിരുവനന്തപുരം കൊമ്പന്‍സ്- തൃശൂര്‍).
Tags : Santosh Trophy foodball Kerala team