വാരണാസി: 72-ാമത് ദേശീയ സീനിയർ വോളിബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തിനു ഇരട്ട നേട്ടം. വനിതാ വിഭാഗത്തിൽ സ്വർണവും പുരുഷ വിഭാഗത്തിൽ വെള്ളിയും കേരളം സ്വന്തമാക്കി. ഇരു വിഭാഗത്തിലും റെയിൽവേസ് ആയിരുന്നു കേരളത്തിന്റെ എതിരാളികൾ.
റെയിൽവേസിനോട് കഴിഞ്ഞ തവണ ഫൈനലിൽ പരാജയപ്പെട്ടതിന്റെ കണക്ക് കേരള വനിതകൾ വാരണാസിയിൽ തീർത്തു. അഞ്ച് സെറ്റ് നീണ്ട ത്രില്ലർ പോരാട്ടത്തിൽ 3-2നായിരുന്നു കേരളത്തിന്റെ ജയം.
ആദ്യ സെറ്റ് നഷ്ടപ്പെട്ട കേരളം ശക്തമായ തിരിച്ചുവരവ് നടത്തി രണ്ടും മൂന്നും സെറ്റ് ജയിച്ച് ലീഡ് നേടി. എന്നാൽ, നാലാം സെറ്റ് റെയിൽവേസ് സ്വന്തമാക്കി.അതോടെ ചങ്കിടിപ്പിന്റെ പോരാട്ടമായി മാറിയ അഞ്ചാം സെറ്റ് ഏഴ് പോയിന്റ് വ്യത്യാസത്തിൽ നേടി കേരളം ജയവും കിരീടവും സ്വന്തമാക്കി. സ്കോർ: 22-25, 25-20, 25-15, 22-25, 15-8.
ഡോ. സി.എസ്. സദാശിവനാനായിരുന്നു കേരള ടീമിന്റെ പരിശീലകൻ.
വനിതാ ടീം: കെ.പി. അനുശ്രീ (ക്യാപ്റ്റൻ), വി. നന്ദന, ബിനീഷ അലിൻ സിബി, കെ. അമിത, എ.ആർ. ഭൂമിക, അന്ന മാത്യു, കെ. ആര്യ, കെ. അഭിരാമി, അനഘ രാധാകൃഷ്ണൻ, എസ്. ആര്യ, ആൻ വി. ജേക്കബ്, എയ്ഞ്ചൽ തോമസ്, ശിവപ്രിയ ഗോവിന്ദ്, കെ.ആർ. രശ്മിത.
അതേസമയം, പുരുഷ വിഭാഗം ഫൈനലിൽ കേരളത്തെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കി റെയിൽവേസ് ചാന്പ്യന്മാരായി.
Tags : Kerala wins gold and silver Volleyball Championship