സ്പെയിൻ: ലാ ലിഗയിൽ തകർപ്പൻ ജയവുമായി ബാഴ്സലോണ. റയൽ ബെറ്റിസിനെതിരേ നടന്ന മത്സരത്തിൽ മൂന്നിനെതിരേ അഞ്ച് ഗോളുകൾക്കാണ് ബാഴ്സ ജയം സ്വന്തമാക്കിയത്. ബാഴ്സയ്ക്കുവേണ്ടി ഫെറാൻ ടോറസ് ഹാട്രിക് നേടി തിളങ്ങിയപ്പോൾ റൂഡി ബാർഡ്ജിയും ലാമിൻ യമാലും ഓരോ ഗോൾ നേടി.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ റയൽ ബെറ്റിസാണ് ആദ്യം ലീഡെടുത്തത്. മത്സരത്തിന്റെ ആറാം മിനിറ്റിൽ ആന്റണിയാണ് ബാഴ്സയുടെ വലകുലുക്കിയത്. ലീഡ് വഴങ്ങി അഞ്ച് മിനിറ്റിനുള്ളിൽ ബാഴ്സ തിരിച്ചടിച്ചു. 11-ാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ ബാഴ്സ ഒപ്പമെത്തി്. രണ്ട് മിനിറ്റിനുള്ളിൽ രണ്ടാം ഗോളും നേടിയ ടോറസ് 40-ാം മിനിറ്റിൽ ഹാട്രിക് തികച്ചു. ഇതിനിടയിൽ റൂഡി ബാർഡ്ജിയും അക്കൗണ്ട് തുറന്നു.
59-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലാമിൻ യമാൽ ഗോളാക്കി മാറ്റിയതോടെ ബാഴ്സ നാല് ഗോളുകളുടെ ലീഡ് സ്വന്തമാക്കി. 85-ാം മിനിറ്റിൽ ഡിയഗോ ലോറന്റെയും 90-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ കുച്ചോ ഹെർണാണ്ടസും ഗോളുകൾ കണ്ടെത്തിയെങ്കിലും ബെറ്റിസിനെ വിജയത്തിലെത്തിക്കാനായില്ല.
മറ്റ് മത്സരങ്ങളിൽ വില്ലാറയൽ 2-0ന് ഗറ്റാഫയെയും ആൽവ്സ് 1-0ന് റിയൽ സൊസൈഡിനെയും അത്ലറ്റിക് ക്ലബ് 1-0ന് അത്ലറ്റികോ മാഡ്രിഡിനെയും പരാജയപ്പെടുത്തി.