അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ മധ്യപ്രദേശിനെതിരേ കേരളത്തിന് 215 റണ്‍സ് വിജയലക്ഷ്യം. അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് 46.1 ഓവറിൽ 214 റൺസിനു പുറത്തായി.
തകർച്ചയോടെ തുടങ്ങിയ മധ്യപ്രദേശ് ഹിമാന്‍ഷു മന്ത്രിയുടെ (105 പന്തില്‍ 93) ഇന്നിംഗ്‌സ് കരുത്തിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. അതേസമയം, താരത്തെ കൂടാതെ, ഹർഷ് ഗവാലി (22), യഷ് ദുബെ (13), ആര്യൻ പാണ്ഡെ (15), ത്രിപുരേഷ് സിംഗ് (37) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. കേരളത്തിന് വേണ്ടി അങ്കിത് ശര്‍മ നാലും ബാബാ അപരാജിത് മൂന്നും വിക്കറ്റ് വീഴ്ത്തി.
അതേസമയം, വിജയലക്ഷ്യം പിന്തുടരുന്ന കേരളത്തിന്‍റെ തുടക്കവും തകർച്ചയോടെയാണ്. 59 റൺസെടുക്കുന്നതിനിടെ നാലുവിക്കറ്റുകൾ നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 23 ഓവറിൽ നാലിന് 80 റൺസെന്ന നിലയിലാണ് കേരളം.
21 റൺസുമായി സൽമാൻ നിസാറും 11 റൺസുമായി മുഹമ്മദ് അസ്‌ഹറുദ്ദീനുമാണ് ക്രീസിൽ. രോഹൻ എസ്. കുന്നുമ്മൽ (19), കൃഷ്ണ പ്രസാദ് (നാല്), അങ്കിത് ശർമ (14), ബാബാ അപരാജിത് (ഒമ്പത്) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങിയത്.
മധ്യപ്രദേശിനു വേണ്ടി സാരാൻഷ് ജെയിൻ രണ്ടും ആര്യൻ പാണ്ഡെ, കുമാർ കാർത്തികേയ സിംഗ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Tags : Madhya Pradesh Kerala Vijay Hazare Trophy