റിയാദ്: പ്രതിഷേധ സമരം അവസാനിപ്പിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തില്‍ തിരിച്ചെത്തി. സൗദി പ്രൊ ലീഗില്‍ അല്‍ നസര്‍ എഫ്സിക്കുവേണ്ടി അല്‍ ഫത്തേഹ് എഫ്സിക്ക് എതിരായ മത്സരത്തിലൂടെയാണ് സിആര്‍7ന്റെ തിരിച്ചുവരവ്. ഗോള്‍ നേട്ടത്തോടെയാണ് റൊണാള്‍ഡോ തന്റെ തിരിച്ചുവരവ് ആഘോഷിച്ചത്.
18-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഗോളില്‍ അല്‍ നസര്‍ എഫ്സി ലീഡ് സ്വന്തമാക്കി. എയ്മന്‍ യാഹിയയിലൂടെ (78) അല്‍ നസര്‍ ലീഡ് ഉയര്‍ത്തി. ഫത്തേഹിന് എതിരായ എവേ പോരാട്ടത്തില്‍ 2-0ന്റെ ജയം സ്വന്തമാക്കിയ അല്‍ നസര്‍ എഫ്സി ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. 21 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അല്‍ ഹിലാല്‍ എഫ്സിയാണ് (53 പോയിന്റ്) ഒന്നാമത്. അല്‍ നസറിന് 52 പോയിന്റുണ്ട്.
അല്‍ നസര്‍ എഫ്സിയുടെ മൂന്നു മത്സരങ്ങളില്‍നിന്നു വിട്ടുനിന്നശേഷമാണ് റൊണാള്‍ഡോ തിരിച്ചെത്തിയത്. സൗദി പ്രൊ ലീഗില്‍ രണ്ടും എഎഫ്സി ചാമ്പ്യന്‍സ് ലീഗ് രണ്ടില്‍ ഒരു മത്സരത്തില്നിന്നുമാണ് സിആര്‍7 വിട്ടുനിന്നത്. സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടില്‍നിന്ന് ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അല്‍ നസര്‍ എഫ്സിക്ക് അനുകൂല നീക്കങ്ങള്‍ ഒന്നുമില്ലാത്തതായിരുന്നു റൊണാള്‍ഡോയുടെ പ്രതിഷേധത്തിന്റെ കാരണം.
അതേസമയം, അല്‍ ഹിലാല്‍ എഫ്സി ജനുവരിയില്‍ ഫ്രഞ്ച് സൂപ്പര്‍ സ്ട്രൈക്കര്‍ കരിം ബെന്‍സെമയെ സ്വന്തമാക്കി. അല്‍ നസര്‍, അല്‍ ഹിലാല്‍, അല്‍ എത്തിഹാദ്, അല്‍ അഹ് ലി ടീമുകളുടെ സാമ്പത്തിക ശ്രോതസ് സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ്.
2023 ജനുവരിയില്‍ അല്‍ നസറില്‍ എത്തിയ റൊണാള്‍ഡോയ്ക്ക്, ഇനി 18 മാസംകൂടി ക്ലബ്ബുമായി കരാര്‍ കാലാവധിയുണ്ട്. കരിയറില്‍ 962 ഗോള്‍ റൊണാള്‍ഡോയുടെ അക്കൗണ്ടിലുണ്ട്.