സ്പാനിഷ് സൂപ്പർ കോപ്പ ട്രോഫിയുമായി എഫ്സി ബാഴ്സലോണ കളിക്കാരുടെ ആഹ്ലാദപ്രകടനം.
ജിദ്ദ: ആദ്യ പകുതിയുടെ സ്റ്റോപ്പേജ് ടൈം സൂപ്പര്‍ ത്രില്ലറായ സ്പാനിഷ് സൂപ്പര്‍ കോപ്പ ഫുട്ബോള്‍ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ കീഴടക്കി എഫ്സി ബാഴ്സലോണ കപ്പുയര്‍ത്തി.
ചിരവൈരികളായ റയല്‍ മാഡ്രിഡിന് എതിരായ, 2026ലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ 3-2നായിരുന്നു എഫ്സി ബാഴ്സലോണയുടെ ജയം.
ബ്രസീല്‍ താരം റാഫീഞ്ഞ (36, 73) കറ്റലന്‍ ടീമിനായി ഇരട്ടഗോള്‍ സ്വന്തമാക്കി. റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ വകയായിരുന്നു (45+4) ബാഴ്സയുടെ മറ്റൊരു ഗോള്‍.
ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു റയല്‍ മാഡ്രിഡിന്റെ രണ്ട് ഗോളും. 45+2-ാം മിനിറ്റില്‍ വിനീഷ്യസ് ജൂണിയറും 45+7-ാം മിനിറ്റില്‍ ഗോണ്‍സാലോ ഗാര്‍സ്യയും റയല്‍ മാഡ്രിഡിനായി വലകുലുക്കി. ഇതിനിടെ ലെവന്‍ഡോവ്സ്കിയുടെ ഗോളും എത്തിയതോടെ ആദ്യപകുതിയുടെ സ്റ്റോപ്പേജ് ടൈം സൂപ്പര്‍ ത്രില്ലറായിമാറി. ലെവന്‍ഡോവ്സ്കിയുടെ കരിയറില്‍ റയല്‍ മാഡ്രിഡിന് എതിരായ 12-ാം ഗോളായിരുന്നു ജിദ്ദയില്‍ പിറന്നത്.
ഫ്ളിക്ക് ക്ലിക്ക്
കളിച്ച എല്ലാ ഫൈനലുകളിലും ട്രോഫി എന്ന നേട്ടത്തോടെയാണ് ബാഴ്സലോണ മാനേജര്‍ ഹന്‍സി ഫ്ളിക്ക് ജിദ്ദയില്‍നിന്നു മടങ്ങിയത്. മുഖ്യപരിശീലകനായി ഹന്‍സി ഫ്ളിക്ക് ഇറങ്ങിയ എട്ടാം ഫൈനലായിരുന്നു; ബാഴ്സലോണയ്ക്ക് ഒപ്പം മൂന്നും ജര്‍മന്‍ ക്ലബ്ബായ എഫ്സി ബയേണ്‍ മ്യൂണിക്കിനൊപ്പം അഞ്ചും.
വിവിധ കോമ്പറ്റീഷനുകളിലായി ബാഴ്സലോണയുടെ തുടര്‍ച്ചയായ 10-ാം ജയമാണ്. 2016നുശേഷം ക്ലബ്ബിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ വിജയക്കുതിപ്പാണിത്.
Tags : Barcelona foodball FC Barcelona Spanish Super Cup Real Madrid