മെൽബണ്‍: ഇന്ന് പുലർച്ചെ 5.30. ടെന്നീസ് കോർട്ടിൽ തീ പാറും. ലോക ഒന്നാം നന്പർ പുരുഷ സിംഗിൾസ് താരം കാർലോസ് അൽകരാസ്, ഒന്നാം നന്പർ വനിതാ സിംഗിൾസ് താരം ബലാറുസിന്റെ അരീന സബലങ്ക, അലക്സാണ്ടർ സ്വരേവ്, വീനസ് വില്യംസ് തുടങ്ങി കരുത്തർ കളത്തിലിറങ്ങുന്നതോടെ ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിന് ആരംഭം. ഈ വർഷത്തെ ഗഗ്രാന്‍ഡ് സ്ലാം ടെന്നീസ് സീസണിനും ഇതോടെ തുടക്കമാകും.
കിരീടം നിലനിർത്താൻ യാനിക് സിന്നർ, ഗ്രാന്‍ഡ് സ്ലാം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിനായി കാർലോസ് അൽകരാസ്, 25-ാം ഗ്രാന്‍ഡ് സ്ലാം എന്ന ചരിത്രനേട്ടം കുറിക്കാൻ നൊവാക് ജോക്കോവിച്ച്. ഓസ്ട്രേലിയയിലെ മെൽബണ്‍ പാർക്ക് സീസണിലെ വന്പൻ പോരാട്ടങ്ങൾക്കും അട്ടിമറികൾക്കും വേദിയാകും. സോണി ലിവിൽ മത്സരങ്ങൾ തൽസമയം കാണാം.
ഹാട്രിക്കിനായി സിന്നർ
ജർമൻ താരം അലക്സാണ്ടർ സ്വരേവിനെ കീഴടക്കി 2025 സീസണിൽ തന്റെ തുടർച്ചയായ രണ്ടാം കിരീടം നേടിയ ഇറ്റലിയുടെ യാന്നിക് സിന്നർ ഇത്തവണ ഹാട്രിക് നേട്ടമാണ് ലക്ഷ്യമിടുന്നത്. 2024ൽ സെർബിയൻ താരം ജോക്കോവിനെ വീഴ്ത്തിയാണ് ആദ്യകിരീടം നേടിയത്.
ഇത്തവണത്തെ മത്സരക്രമം അനുസരിച്ച് ഇരുവരും സെമിഫൈനലിൽ വരെ നേർക്കുനേർ പോരാട്ടമുണ്ടാകില്ല. ഹാർഡ് കോർട്ടിൽ സമഗ്രാധിപത്യം പുലർത്തുന്ന ഇരുപത്തിനാലുകാരൻ സിന്നറിന്് മുൻതൂക്കമുണ്ട്. ഫ്രഞ്ച് താരം ഹ്യൂഗോ ഗാസ്റ്റോണ്‍ സിന്നറിന്റെ ആദ്യ മത്സരത്തിലെ എതിരാളി.

ചരിത്രത്തിലേക്ക് ജോക്കോ!
പുരുഷ സിംഗിൾസിൽ 25-ാം ഗ്രാന്‍ഡ് സ്ലാം എന്ന ചരിത്രനേട്ടം കുറിക്കാൻ നൊവാക് ജോക്കോവിച്ച്. ഒരു കിരീടം അകലെയുള്ള നേട്ടത്തിനായി മുപ്പത്തിയെട്ടുകാരൻ ജോക്കോവിച്ച് കഴിഞ്ഞ മൂന്നു വർഷവും അടിയറവ് പറഞ്ഞു. 10 തവണ ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം നേടി ചരിത്രം കുറിച്ച ജോക്കോ മറ്റൊരു ചരിത്രം കുറിക്കുമോ എന്നതും സീസണിലെ കാത്തിരിപ്പാണ്. സ്പാനിഷ് താരം പെഡ്രോ മാർട്ടിനെസാണ് ആദ്യമത്സരത്തിലെ എതിരാളി.
ഹാട്രിക്കിനായി അൽകരാസ്
ആദ്യ ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കി ഗ്രാന്‍ഡ് സ്ലാം നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രം കുറിക്കുകയാണ് ഇരുപത്തിരണ്ടുകാരൻ അൽകരാസിന്റെ ലക്ഷ്യം. ഇരുപത്തിനാലാം വയസിൽ നേട്ടം കൈവരിച്ച ഇതിഹാസ താരം റഫേൽ നദാലാണ് അൽകാരസിനു മുന്പിൽ.
കഴിഞ്ഞ ഏഴ് വർഷം കിരീടനേട്ടങ്ങളിൽ തുണയായിനിന്ന പരിശീലകൻ യുവാൻ കാർലോസ് ഫെറേറോയുമായി വേർപിരിഞ്ഞ ശേഷം സ്പാനിഷ് താരത്തിന്റെ ആദ്യ കിരീട പോരാട്ടംകൂടിയാണിത്. ഓസ്ട്രേലിയയുടെ ആദം വാൾട്ടനുമായിട്ടാണ് അൽകാരസിന്റെ ആദ്യ മത്സരം.
വന്പൻ പ്രൈസ്
ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിന് ഇത്തവണ റിക്കാർഡ് തുക സമ്മാനം. ആകെ 7.5 കോടി യുഎസ് ഡോളറാണ് (ഏകദേശം 676 കോടി രൂപ) സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ 16% വർധന.
പുരുഷ- വനിതാ സിംഗിൾസ് ചാന്പ്യന്മാർക്ക് 28 ലക്ഷം യുഎസ് ഡോളർ (25.24 കോടി രൂപ) സമ്മാനമായി ലഭിക്കും. കഴിഞ്ഞ വർഷത്തേക്കാൾ 19% വർധന.
പുരുഷ- വനിതാ താരങ്ങൾക്കു തുല്യമായ സമ്മാന തുക നേരത്തേതന്നെ ഓസ്ട്രേലിയൻ ഓപ്പണിൽ നടപ്പാക്കിയിരുന്നു.
ഓസ്ട്രേലിയൻ ഓപ്പണ്‍
എല്ലാ വർഷവും നടക്കുന്ന നാലു ഗ്രാന്‍ഡ് സ്ലാം ടെന്നീസ് ടൂർണമെന്റുകളിൽ ആദ്യത്തേതാണ് ഓസ്ട്രേലിയൻ ഓപ്പണ്‍. എല്ലാ വർഷവും ജനുവരിയിൽ മെൽബണ്‍ പാർക്കിലാണ് മത്സരം നടക്കുന്നത്.
1905ൽ ആരംഭിച്ച ഈ ടൂർണമെന്റ് 1905 മുതൽ 1987 വരെ പുൽമൈതാനത്തായിരുന്നു നടത്തിയിരുന്നത്. 1988 മുതൽ മെൽബണ്‍ പാർക്കിലെ ഹാർഡ് കോർട്ടിലാണ് മത്സരങ്ങൾ നടക്കുന്നത്.

കഴിഞ്ഞവർഷം ലോക ഒന്നാം നന്പർ താരമായ അരീന സബലങ്കയെ തോൽപ്പിച്ച് യുഎസിന്റെ മാഡിസൻ കീസ് തന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കി. കീസിന്റെ അട്ടിമറിജയം രണ്ടു തവണ ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം നേടിയ സബലങ്കയെയും ടെന്നീസ് ലോകത്തെയും ഞെട്ടിച്ചു. നഷ്ടമായ കിരീടം തിരികെ പിടിക്കാൻ സബലങ്കയും നിലനിർത്താൻ കീസും. ഇഗ ഷ്യാങ്ടെകും തീ പാറും പോരാട്ടത്തിൽ മുന്നിൽ തന്നെയുണ്ട്. ലോക രണ്ടാം നന്പർ താരമായ പോളണ്ടിന്റെ ഷ്യാങ്ടെകും കിരീട സ്വപ്നത്തിലാണ്.
സബലങ്കയുടെ ആദ്യമത്സരം ഫ്രഞ്ച് വൈൽഡ്കാർഡ് ടിയാന്ത്സോവ റകോടോമാംഗ രാജയോണയ്ക്കെതിരേയാണ്. നിലവിലെ ചാന്പ്യൻ മാഡിസണ്‍ കീസ് ആദ്യ റൗണ്ടിൽ സീഡ് ചെയ്യപ്പെടാത്ത യുക്രേനിയൻ താരം ഒലെക്സാന്ദ്ര ഒളിനിക്കോവയെ നേരിടും.

രണ്ട് തവണ ഓസ്ട്രേലിയൻ ഓപ്പണ്‍ റണ്ണറപ്പും വൈൽഡ് കാർഡ് താരവുമായ 45കാരി വീനസ് വില്യംസ് ചരിത്രം കുറിക്കും. ഒരു മേജറിൽ സിംഗിൾസ് മെയിൻ ഡ്രോയിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിത താരമെന്ന ചരിത്രം സെർബിയയുടെ ഓൾഗ ഡാനിലോവിച്ചിനെ നേരിടുന്ന മത്സരത്തിൽ പിറക്കും.
Tags : Australian Open Tennis melbourne Sinner Jockovic Alcaraz