ന്യൂഡൽഹി: ഐസിസിയുടെ പുതിയ ട്വന്റി 20 റാങ്കിംഗിൽ നേട്ടം കൊയ്ത് ഇന്ത്യൻ താരങ്ങളായ വരുണ്‍ ചക്രവർത്തിയും അർഷ്ദീപ് സിംഗും തിലക് വർമയും. റിക്കാർഡ് നേട്ടവുമായി വരുണ്‍ ചക്രവർത്തി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ സൂര്യകുമാർ യാദവിനും ശുഭ്മാൻ ഗില്ലിനും തിരിച്ചടി നേരിട്ടു.
ഒരു ഇന്ത്യൻ ബൗളർക്ക് കിട്ടുന്ന ഏറ്റവും ഉയർന്ന റേറ്റിംഗ് പോയന്റ് (818) സ്വന്തമാക്കിയാണ് വരുണിന്റെ നേട്ടം. 2017ൽ ജസ്പ്രീത് ബുംറ നേടിയ 783 റേറ്റിംഗ് പോയന്റിന്റെ റിക്കാർഡാണ് താരം മറികടന്നത്.
ബൗളർമാരുടെ റാങ്കിംഗിൽ നാലു സ്ഥാനം ഉയർന്ന് ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗ് പതിനാറാം സ്ഥാനത്തെത്തി. ബൗളിംഗ് റാങ്കിംഗിൽ 14 സ്ഥാനം മെച്ചപ്പെടുത്തി 25-ാം സ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്കയുടെ മാർക്കോ യാൻസനാണ് ഏറ്റവുമധികം നേട്ടം കൊയ്ത മറ്റൊരു ബൗളർ.
ബാറ്റര്‍മാരില്‍ അഭിഷേക് ശര്‍മ ഒന്നാം സ്ഥാനത്ത് തുടരും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽ അർധസെഞ്ചുറിയുമായി തിളങ്ങിയ തിലക് വർമ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി.
മോശം ഫോം തുടരുന്ന ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഒരു സ്ഥാനം താഴേക്കിറങ്ങി പത്താം സ്ഥാനത്താണ്. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ രണ്ട് സ്ഥാനം താഴേക്കിറങ്ങി 30-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മലയാളി താരം സഞ്ജു സാംസണും റാങ്കിംഗിൽ തിരിച്ചടി നേരിട്ടു. പുതിയ റാങ്കിംഗിൽ മൂന്ന് സ്ഥാനം താഴേക്കിറങ്ങിയ സഞ്ജു 46-ാം സ്ഥാനത്താണ്.
Tags : Twenty20 ranking Abhishek and Varun gain tilak varma Suryakumar Yadav Shubman Gill